| Wednesday, 28th October 2026, 6:51 am

11ല്‍ ആറും 250+ലോ? 22 സെഞ്ച്വറിയടിച്ച ഗെയ്‌ലിനെ കാണാന്‍ പോലുമില്ല; രണ്ടാമന്റെ ഇരട്ടി സെഞ്ച്വറിയുമായി അഭിഷേക്

ആദർശ് എം.കെ.

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടി-20 പരമ്പര സന്ദര്‍ശകര്‍ ഇതിനോടകം തന്നെ സ്വന്തമാക്കിയിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും വിജയം സ്വന്തമാക്കിയാണ് ശ്രേയസ് അയ്യരും സംഘവും പരമ്പര പിടിച്ചെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം വെല്ലിങ്ടണില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ഗംഭീര വിജയമാണ് ഇന്ത്യ നേടിയത്. കിവികള്‍ ഉയര്‍ത്തിയ 199 റണ്‍സിന്റെ വിജയലക്ഷ്യം അഭിഷേക് ശര്‍മയുടെ സെഞ്ച്വറി കരുത്തില്‍ 40 പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

11 സിക്‌സറും ഒമ്പത് ഫോറും അടക്കം 38 പന്തില്‍ 113 റണ്‍സാണ് അഭിഷേക് ശര്‍മ അടിച്ചുകൂട്ടിയത്. 297.37 എന്ന അവിശ്വസനീയമായ സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

അന്താരാഷ്ട്ര ടി-20യില്‍ അഭിഷേകിന്റെ നാലാം സെഞ്ച്വറിയാണിത്. ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ 11ാം സെഞ്ച്വറിയും.

ഈ പ്രകടനത്തിന് പിന്നാലെ 250+ സ്‌ട്രൈക് റേറ്റില്‍ ഏറ്റവുമധികം ടി-20 സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ അഭിഷേക് തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. ഇത് ആറാം തവണയാണ് അഭിഷേക് 250ലധികം പ്രഹരശേഷിയില്‍ സെഞ്ച്വറി നേടുന്നത്.

250+ സ്‌ട്രൈക് റേറ്റില്‍ ഏറ്റവുമധികം ടി-20 സെഞ്ച്വറി

(താരം – സെഞ്ച്വറി എന്നീ ക്രമത്തില്‍)

അഭിഷേക് ശര്‍മ – 6*

ദാസുന്‍ ഷണക – 3

ഉര്‍വില്‍ പട്ടേല്‍ – 3

റഹ്‌മാനുള്ള ഗുര്‍ബാസ് – 2

ഡേവിഡ് മില്ലര്‍ – 2

ഈ പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും അഭിഷേക് തന്നെയായിരുന്നു.

കരിയറിലെ 11ാം ടി-20 സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ഏറ്റവുമധികം ടി-20 സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും അഭിഷേക് സ്വന്തമാക്കി. വിരാട് കോഹ് ലിയുടെ നേട്ടം പഴങ്കഥയാക്കിക്കൊണ്ടാണ് അഭിഷേകിന്റെ കുതിപ്പ്.

ഏറ്റവുമധികം ടി-20 സെഞ്ച്വറികളുടെ നേട്ടത്തില്‍ ഇതിഹാസ താരം ക്രിസ് ഗെയ്‌ലും (22) ബാബര്‍ അസവും (13) മാത്രമാണ് ഇന്ത്യന്‍ യുവതാരത്തിന് മുമ്പിലുള്ളത്.

അതേസമയം, പരമ്പരയിലെ ശേഷിച്ച മത്സരങ്ങളും സ്വന്തമാക്കി ക്ലീന്‍ സ്വീപ് വിജയത്തിന് തന്നെയാകും ഇന്ത്യ ഒരുങ്ങുന്നത്. ഒക്ടോബര്‍ 30നാണ് പരമ്പരയിലെ നാലാം മത്സരം. ഓക് ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കാണ് വേദി. ഇതിനോടകം തന്നെ പരമ്പര നഷ്ടപ്പെട്ട ആതിഥേയര്‍ക്ക് മുഖം രക്ഷിക്കാനെങ്കിലും വിജയം സ്വന്തമാക്കേണ്ടത് അനിവാര്യമാണ്.

Content Highlight: Abhishek Sharma hits his sixth T20 century with a strike rate of over 250.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more