| Wednesday, 30th July 2025, 3:23 pm

ടി-20യുടെ നെറുകയിലെത്താന്‍ വേണ്ടിവന്നത് വെറും 16 ഇന്നിങ്‌സ്! ചരിത്രമെഴുതി അഭിഷേക്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ. 829 റേറ്റിങ്ങുമായാണ് ശര്‍മ ഒന്നാം സ്ഥാനത്തെത്തിയത്. ഈ വര്‍ഷമാദ്യം നടന്ന ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ മികച്ച പ്രകടനമാണ് താരത്തിന്റെ നേട്ടത്തില്‍ നിര്‍ണായകമായത്.

വെടിക്കെട്ട് വീരന്‍ ട്രാവിസ് ഹെഡിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ടുകൊണ്ടാണ് അഭിഷേക് ഒന്നാം സ്ഥാനത്തെത്തിയത്.

അഭിഷേക് ശര്‍മ

ഇതോടെ ഐ.സി.സി ടി-20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമാകാനും അഭിഷേക് ശര്‍മയ്ക്ക് സാധിച്ചു. 24 വയസും 328 ദിവസവും പ്രായമുള്ളപ്പോഴാണ് അഭിഷേക് ഈ ചരിത്ര നേട്ടത്തിലെത്തിയത്.

ടി-20 കരിയറില്‍ 16 ഇന്നിങ്‌സിലാണ് താരം ബാറ്റെടുത്തത്. 33.43 ശരാശരിയിലും 193.84 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലും 535 റണ്‍സാണ് താരം അടിച്ചെടുത്തത്. രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും നേടിയ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 135 റണ്‍സാണ്.

അതേസമയം, അഭിഷേക് ശര്‍മയ്ക്ക് പുറമെ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. തിലക് വര്‍മ മൂന്നാം സ്ഥാനത്തും സൂര്യകുമാര്‍ യാദവ് ഏഴാം സ്ഥാനത്തും തുടരുകയാണ്.

തിലക് വർമയും സൂര്യകുമാർ യാദവും

അതേസമയം, യശസ്വി ജെയ്‌സ്വാള്‍ രണ്ട് സ്ഥാനം നഷ്ടപ്പെട്ട് 11ാം സ്ഥാനത്തെത്തി.

ഓസീസ് കരുത്തില്‍ ജോഷ് ഇംഗ്ലിസാണ് ആദ്യ പത്തില്‍ പുതുതായി ഇടം പിടിച്ചത്. ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം ഒമ്പതാം സ്ഥാനത്തെത്തി.

ഒറ്റയടിക്ക് 64 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 24 സ്ഥാനത്തെത്തിയ ടിം ഡേവിഡാണ് റാങ്കിങ്ങില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ താരം.

ടിം ഡേവിഡ്

അതേസമയം, മലയാളി താരം സഞ്ജു സാംസണ്‍ 32ാം സ്ഥാനത്ത് തുടരുകയാണ്.

ഐ.സി.സി ടി-20 ബാറ്റര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Content Highlight: Abhishek Sharma has topped the ICC T20 batsmen rankings.

We use cookies to give you the best possible experience. Learn more