ഇന്ത്യന്‍ ക്രിക്കറ്റില്‍ കുറച്ച് കാലങ്ങളായി വെടിക്കെട്ടുമായി നിറഞ്ഞ് നില്‍ക്കുകയാണ് അഭിഷേക് ശര്‍മ. ന്യൂസിലാന്‍ഡിന് എതിരെയുള്ള മൂന്നാം മത്സരത്തിലും ഒരു അഭി സ്‌പെഷ്യലിനാണ് ആരാധകര്‍ സാക്ഷിയായത്. ഗുവാഹത്തിയില്‍ 20 പന്തില്‍ 68 റണ്‍സെടുത്താണ് താരം ഇത്തവണ ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്.
അഭിഷേക് ശര്‍മ. Photo: BCCI/x.com
കിവി ബൗളര്‍മാരെ ഒരു ദാക്ഷിണ്യവുമില്ലാതെ തല്ലി ചതച്ച അഭിഷേക് വെറും 14 പന്തിലായിരുന്നു അര്‍ധ സെഞ്ച്വറി തികച്ചത്. ഒരു ഇന്ത്യക്കാരന്റെ വേഗതയേറിയ ടി – 20 ഫിഫ്റ്റി എന്ന തന്റെ മെന്റര്‍ യുവരാജ് സിങ്ങിന്റെ റെക്കോഡ് തകര്‍ക്കാന്‍ സാധിച്ചില്ലെങ്കിലും താരം ഈ നേട്ടത്തിന് അടുത്തെത്തിയിരുന്നു. നിലവില്‍ ടി – 20യിലെ വേഗതയേറിയ രണ്ടാം ഫിഫ്റ്റി താരത്തിന്റെ പേരിലാണ്.
ഇതിനൊപ്പം തന്നെ അഭിഷേക് ഓപ്പണിങ്ങില്‍ എത്തിയതോടെ ടി – 20യില്‍ പല റെക്കോഡുകളും തകര്‍ക്കപ്പെട്ടിരുന്നു. കഴിഞ്ഞ മത്സരത്തിലെ 340.00 സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച താരം പല റെക്കോഡും തന്റെ പേരിലാക്കിയിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും വേഗത്തില്‍ 200 ബൗണ്ടറികള്‍, ഇന്ത്യയ്ക്കായി ടി – 20 പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി എന്നിവയെല്ലാം ഇതില്‍ ചിലതാണ്.
അഭിഷേക് ശര്‍മ. Photo: BCCI/x.com
ഈ വെടിക്കെട്ട് തുടരുകയാണെങ്കില്‍ അഭിഷേകിന് മുന്നില്‍ ഇനിയും ഒരുപാട് റെക്കോഡുകള്‍ തകര്‍ന്ന് വീഴും. അതില്‍ ഒന്നാണ് അന്താരാഷ്ട്ര ടി-20യില്‍ 200+ സ്ട്രൈക്ക് റേറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഓപ്പണര്‍ എന്ന നേട്ടം. നിലവില്‍ ഈ ലിസ്റ്റില്‍ താരം രണ്ടാമതുണ്ട്.
കിവീസിന് എതിരെയുള്ള ഒന്നാം ടി – 20 മത്സരത്തിന് പിന്നാലെയാണ് അഭിഷേക് ഈ നേട്ടത്തിലെത്തിയത്. ഓസ്ട്രേലിയയെ ടി-20 ലോകകിരീടമണിയിച്ച ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ മറികടന്നുകൊണ്ടായിരുന്നു ഇടം കൈയ്യന്‍ ഓപ്പണറുടെ ഈ മുന്നേറ്റം.
നിലവില്‍ വിന്‍ഡീസ് കരുത്തന്‍ എവിന്‍ ലൂയീസ് മാത്രമാണ് ഈ റെക്കോഡ് നേട്ടത്തില്‍ അഭിഷേകിന്റെ മുന്നിലുള്ളത്. താരത്തിന് 780 റണ്‍സാണുള്ളത്.
കിവീസിന് എതിരെയുള്ള മൂന്നാം മത്സരത്തില്‍ അഭിഷേക് ലൂയിസുമായുള്ള വ്യത്യാസം കുറച്ചിരുന്നു. നിലവില്‍ ഇരുവരും തമ്മില്‍ 39 റണ്‍സിന്റെ ദൂരം മാത്രമാണുള്ളത്. തുടര്‍ച്ചയായി 200+ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന അഭിഷേക് അടുത്ത മത്സരങ്ങളില്‍ തന്നെ ലൂയിസിനെ മറികടന്നേക്കാം.
അഭിഷേക് ശര്‍മ. Photo: BCCI/x.com
(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)
എവിന്‍ ലൂയീസ് – വെസ്റ്റ് ഇന്‍ഡീസ് – 780
അഭിഷേക് ശര്‍മ – ഇന്ത്യ – 741
ആരോണ്‍ ഫിഞ്ച് – ഓസ്ട്രേലിയ – 628
രോഹിത് ശര്‍മ – ഇന്ത്യ – 525
ജോസ് ബട്ലര്‍ – ഇംഗ്ലണ്ട് – 512
ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 463
ഫില്‍ സാള്‍ട്ട് – ഇംഗ്ലണ്ട് – 463
Content Highlight: Abhishek Sharma continues his stunning performance in T20I Cricket and breaking numerous records