| Tuesday, 27th January 2026, 6:59 pm

കളിക്കുന്ന മത്സരങ്ങളിലെല്ലാം വെടിക്കെട്ട്; കളിക്കളം പൂരപ്പറമ്പാക്കുന്ന അഭിഷേക്

ഫസീഹ പി.സി.

ഇന്ത്യൻ ക്രിക്കറ്റിൽ കളം വാഴുകയാണ് അഭിഷേക് ശർമ. താൻ കളിക്കുന്ന ഓരോ മത്സരത്തിലും വെടിക്കെട്ട് നടത്തിയാണ് താരം കൂടാരം കയറുന്നത്. ഈ മത്സരങ്ങളിലെല്ലാം ആരാധകരുടെ കണ്ണിനും മനസിനും ഒരുപോലെ വിരുന്നൊരുക്കുന്നതാണ് താരത്തിന്റെ ഓരോ ഇന്നിങ്‌സുകളും.

കിവീസിന് എതിരായ പരമ്പരയിൽ ഇതുവരെ അവസാനിച്ച മത്സരങ്ങളിലും താണ്ഡവമാടുന്ന അഭിഷേകിനെയാണ് നമുക്ക് കാണാൻ സാധിച്ചത്. പരമ്പരയിൽ ഇതുവരെ ഇന്ത്യൻ ഓപ്പണർ രണ്ട് അർധ സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ താരം 35 പന്തിൽ 84 റൺസാണ് സ്കോർ ചെയ്തത്.

അഭിഷേക് ശർമ. Photo: BCCI/x.com

രണ്ടാം മത്സരത്തിൽ അഭിഷേകിന് നേരിട്ട ആദ്യ പന്തിൽ തന്നെ തിരികെ നടക്കേണ്ടി വന്നു. എന്നാൽ ആ ക്ഷീണമെല്ലാം മൂന്നാം മത്സരത്തിൽ താരം തീർത്തു. ഗുവാഹത്തിയിൽ 25 കാരൻ വെറും പന്തുകൾ നേരിട്ട് പുറത്താവാതെ 68 റൺസാണ് സ്കോർ ചെയ്തത്.

ഈ ഇന്നിങ്‌സിൽ അഭിഷേക് വെറും 14 പന്തുകൾ കൊണ്ടാണ് അർധ സെഞ്ച്വറി പൂർത്തീകരിച്ചത്. ഇത് താരത്തിന്റെ ഇന്ത്യൻ കുപ്പായത്തിലെ പത്താമത്തെ 50+ സ്കോറാണ്. അതിൽ ഒമ്പതെണ്ണവും താരം 25ൽ താഴെ പന്തുകൾ നേരിട്ടാണ് ഈ സ്കോർ അടിച്ചെടുത്തത് എന്നതും ഇതിനോട് ചേർത്ത് വെക്കണം.

ഇതുമാത്രമല്ല, അഭിഷേകിന്റെ അന്താരാഷ്ട്ര ടി – 20 കരിയർ സ്റ്റാറ്റ്സ് തന്നെ മികവുറ്റതാണ്. താരം ഇതുവരെ 35 ഇന്നിങ്‌സുകളിൽ ഇന്ത്യക്കായി കളത്തിൽ ഇറങ്ങിയിട്ടുണ്ട്. അതിൽ നിന്ന് ഇതുവരെ താരം 1267 റൺസാണ് സ്കോർ ചെയ്തിട്ടുള്ളത്. ഒപ്പം ഇടം കൈയ്യൻ ബാറ്റർ എട്ട് ഫിഫ്‌റ്റിയും രണ്ട് സെഞ്ച്വറിയും തന്റെ അക്കൗണ്ടിലെത്തിച്ചു.

ഇതിനൊപ്പം തന്നെ എടുത്ത് പറയേണ്ട ഒന്നാണ് അഭിഷേകിന്റെ സ്ട്രൈക്ക് റേറ്റ്. പല ഇന്നിങ്സിലും താരത്തിന്റെ സ്ട്രൈക്ക് 200ന് മുകളിലാണ്. കിവീസിന് എതിരെയുള്ള അവസാന മത്സരത്തിൽ താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 340.00 ആയിരുന്നു. ഈ മത്സരത്തിൽ മാത്രമാണ് താരം 300 കടന്നത്.

അഭിഷേക് ശർമ. Photo: BCCI/x.com

എന്നാൽ, ഇതുവരെ കളിച്ച ഇന്നിങ്സിൽ 11 തവണ അഭിഷേക് 200+ സ്ട്രൈക്ക് റേറ്റിൽ കളിച്ചിട്ടുണ്ട്. കൂടാതെ, പത്ത് ഇന്നിങ്സിൽ 150+ സ്ട്രൈക്ക് റേറ്റിലും താരം ബാറ്റ് ചെയ്തു. വളരെ വിരളമായെ താരം 100 താഴെ സ്ട്രൈക്ക് റേറ്റിൽ കളിച്ചിട്ടുള്ളത്.

വരാനിരിക്കുന്ന മത്സരങ്ങളും അഭിഷേക് തന്റെ താണ്ഡവം തുടർന്നേക്കും. അതിനാൽ തന്നെ ഇന്ത്യൻ ഓപ്പണർ വരാനിരിക്കുന്ന ലോകകപ്പിലും തന്റെ വെടിക്കെട്ട് തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Content Highlight: Abhishek  Sharma continues his stunning form in T2oI cricket

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more