| Monday, 14th September 2026, 6:57 pm

അഭിഷേകിന്റെ ആറാട്ടില്‍ ആറായിരവും; വെടിക്കെട്ട് വീരന്‍ തൂക്കിയത് കിടിലന്‍ നേട്ടം!

ശ്രീരാഗ് പാറക്കല്‍

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വമ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 157 റണ്‍സിന്റെ വിജയലക്ഷ്യം 13.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അനായാസമായി ഇന്ത്യ മറികടക്കുകയായിരുന്നു.

അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. 32 പന്തില്‍ ഏഴ് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 82 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. 256.25 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് അഭിഷേക് ബാറ്റ് വീശിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും അഭിഷേകിന് സാധിച്ചിരിക്കുകയാണ്. ടി-20യില്‍ 6000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് അഭിഷേകിന് സാധിച്ചത്. 207 ടി-20 മത്സരങ്ങളിലെ 203 ഇന്നിങ്‌സില്‍ നിന്ന് 6077 റണ്‍സാണ് നിലവില്‍ അഭിഷേക് നേടിയത്.

148 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറാണ് താരത്തിന് ടി-20യിലുള്ളത്. 32.67 എന്ന ആവറേജിലും 176.19 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരത്തിന്റെ സ്‌കോറിങ്. ഫോര്‍മാറ്റില്‍ ഒമ്പത് സെഞ്ച്വറികളും 38 അര്‍ധസെഞ്ച്വറികളുമാണ് അഭിഷേകിന്റെ പേരിലുള്ളത്. ദല്‍ഹി ഡെയര്‍ഡെവിള്‍സ്, ഇന്ത്യ, ഇന്ത്യ എ, പഞ്ചാബ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് താരം കളത്തിലിറങ്ങിയത്.

മത്സരത്തില്‍ അഭിഷേകിനൊപ്പം ഇഷാന്‍ കിഷനും മിന്നും പ്രകടനമാണ് നടത്തിയത്. 33 പന്തില്‍ 42 റണ്‍സുമായാണ് ഇഷാന്‍ കിഷന്‍ അഭിഷേകിന് പിന്തുണ നല്‍കിയത്. അഞ്ച് ഫോറും ഒരു സിക്സറുമാണ് താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്. പിന്നീട് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും വൈസ് ക്യാപ്റ്റനും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

പരമ്പരയിലെ രണ്ടാം ടി-20 സെപ്റ്റംബര്‍ 15 ചൊവ്വാഴ്ച ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കും.

Content Highlight: Abhishek Sharma Complete 6000 Runs In T20

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more