| Friday, 18th September 2026, 7:59 am

205 ഇന്നിങ്‌സില്‍ മായാജാലം തീര്‍ത്ത് അഭിഷേകിന്റെ ആറാട്ട്; ഗെയ്ല്‍ വാഴുന്നിടത്ത് ഇവന്‍ കൊമ്പന്‍മാര്‍ക്കൊപ്പം!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിലും വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര തൂത്തുവാരിയിരിക്കുകയാണ്. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 127 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 222 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 94 റണ്‍സിന് പുറത്താവുകയായിരുന്നു.

സൂപ്പര്‍ താരം അഭിഷേക് ശര്‍മയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. നേരിട്ട 30ാം പന്തില്‍ സെഞ്ച്വറി നേടിയ താരം 34 പന്തില്‍ 108 റണ്‍സുമായാണ് കളം വിട്ടത്. 11 സിക്സറും ഒമ്പത് ഫോറും അടക്കം 317.65 എന്ന വെടിക്കെട്ട് സ്ട്രൈക് റേറ്റിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്. അതായത് ബൗണ്ടറികളില്‍ നിന്ന് മാത്രം അടിച്ചെടുത്തത് 102 റണ്‍സ്!

ഇതോടെ ഒരു വമ്പന്‍ റെക്കോഡാണ് അഭിഷേക് സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. ടി-20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാകാനാണ് അഭിഷേകിന് സാധിച്ചത്. സാക്ഷാല്‍ ക്രിസ് ഗെയ്ല്‍ വാഴുന്ന റെക്കോഡില്‍ വിരാട് കോഹ്‌ലിയും ഡി കോക്കും വാര്‍ണറുമടക്കമുള്ള കൊമ്പന്‍മാര്‍ക്കൊപ്പമാണ് അഭിഷേക് സ്ഥാനം പിടിച്ചത്. വെറും 205 ഇന്നിങ്‌സില്‍ നിന്നാണ് താരം ഈ സൂപ്പര്‍ നേട്ടം സ്വന്തമാക്കിയത്.

ടി-20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരങ്ങള്‍

താരം, സെഞ്ച്വറി (ഇന്നിങ്സ്) എന്ന ക്രമത്തില്‍

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 22 (455)

ബാബര്‍ അസം (പാകിസ്ഥാന്‍) – 13 (346)

അഭിഷേക് ശര്‍മ (ഇന്ത്യ) – 10 (205)

വിരാട് കോഹ്‌ലി (ഇന്ത്യ) – 10 (413)

ക്വിന്റണ്‍ ഡി കോക്ക് (സൗത്ത് ആഫ്രിക്ക) – 10 (449)

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ) – 10 (438)

ഫാഫ് ഡു പ്ലെസി (സൗത്ത് ആഫ്രിക്ക) – 9 (426)

സഹിബ്‌സാദ ഫര്‍ഹാന്‍ (പാകിസ്ഥാന്‍) – 9 (175)

റൈലി റൂസോ (സൗത്ത് ആഫ്രിക്ക) – 9 (399)

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്) – 9 (496)

മൈക്കല്‍ ക്ലിംഗര്‍ (ഓസ്‌ട്രേലിയ) – 8 (198)

ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ) – 8 (380)

രോഹിത് ശര്‍മ (ഇന്ത്യ) – 8 (459)

ഗ്ലെന്‍ മാക്‌സ്‌വെല്‍ (ഓസ്‌ട്രേലിയ) – 8 (491)

കെ.എല്‍. രാഹുല്‍ (ഇന്ത്യ) – 8 (240)

സഞ്ജു സാംസണ്‍ (ഇന്ത്യ) – 8 (334)

ക്രിസ് ലിന്‍ (ഓസ്‌ട്രേലിയ) – 8 (312)

ജെയിംസ് വിന്‍സ് (ഇംഗ്ലണ്ട്) – 8 (489)

അതേസമയം, മത്സരത്തില്‍ അഭിഷേകിന് പുറമെ സൂപ്പര്‍ താരം സഞ്ജു സാംസണും തിളങ്ങിയിരുന്നു. രണ്ട് ഫോറും നാല് സിക്സറും അടക്കം 35 പന്തില്‍ 50 റണ്‍സുമായാണ് താരം പുറത്തായത്.

ശ്രേയസ് അയ്യര്‍ (20 പന്തില്‍ 29), ശിവം ദുബെ (പത്ത് പന്തില്‍ 14), ഇഷാന്‍ കിഷന്‍ (എട്ട് പന്തില്‍ പത്ത്) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.

ഇന്ത്യയ്ക്കായി നിതീഷ് കുമാര്‍ റെഡ്ഡിയും രവി ബിഷ്ണോയിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അക്സര്‍ പട്ടേല്‍ രണ്ട് അഫ്ഗാന്‍ താരങ്ങളെ മടക്കിയപ്പോള്‍ ജസ്പ്രീത് ബുംറയും യാഷ് താക്കൂറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

16 പന്തില്‍ 25 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാനാണ് അഫ്ഗാനിസ്ഥാന്റെ ടോപ്പ് സ്‌കോറര്‍. അഫ്ഗാനിസ്ഥാനായി അസ്മത്തുള്ള ഒമര്‍സായ് രണ്ട് വിക്കറ്റും അബ്ദുള്ള അഹമ്മദ്സായ്, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Content Highlight: Abhishek Sharma Complete 10 Centuries In T-20 Cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more