ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പര സൂര്യയും സംഘവും സ്വന്തമാക്കിയിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1നാണ് ഇന്ത്യയുടെ വിജയം. ഗാബയില്‍ നടന്ന പരമ്പരയിലെ അവസാന മത്സരവും മഴയെടുത്തതോടെയാണ് ഇന്ത്യ പരമ്പര നേടിയത്.
ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാന്‍ ഗാബ ടി-20 പരാജയപ്പെടാതിരുന്നാല്‍ മതിയായിരുന്നു. ആതിഥേയര്‍ക്കാകട്ടെ പരമ്പര സമനിലയിലെത്തിക്കാന്‍ വിജയം അനിവാര്യവുമായിരുന്നു. എന്നാല്‍ പരമ്പരയിലെ ആദ്യ മത്സരമെന്ന പോലെ അവസാന മത്സരവും മോശം കാലാവസ്ഥ മൂലം ഉപേക്ഷിക്കപ്പെട്ടതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
മത്സരം ഫലമില്ലാതെ പോയെങ്കിലും ഒരു ചരിത്ര നേട്ടം അഞ്ചാം ടി-20യില്‍ പിറവിയെടുത്തിരുന്നു. അന്താരാഷ്ട്ര ടി-20 കരിയിറില്‍ യുവതാരം അഭിഷേക് ശര്‍മ 1,000 റണ്‍സ് പൂര്‍ത്തിയാക്കിയ കാഴ്ചയ്ക്കാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.
അഞ്ചാം ടി-20യില്‍ 11 റണ്‍സ് സ്വന്തമാക്കാന്‍ സാധിച്ചാല്‍ അഭിഷേകിന് 1,000 റണ്‍സെന്ന നേട്ടത്തിലെത്താമെന്നിരിക്കെ 13 പന്തില്‍ താരം പുറത്താകാതെ 23 റണ്‍സ് നേടിയിരുന്നു.
ഈ മത്സരത്തില്‍ തന്നെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും സൂപ്പര്‍ താരം തിലക് വര്‍മയും ഈ റെക്കോഡിലെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. 1,000 അന്താരാഷ്ട്ര ടി-20 റണ്‍സ് പൂര്‍ത്തിയാക്കാന്‍ തിലകിന് നാല് റണ്‍സും സഞ്ജുവിന് അഞ്ച് റണ്‍സും മതിയായിരുന്നു.
എന്നാല്‍ പ്ലെയിങ് ഇലവന്‍ ഇടം നേടാന്‍ സാധിക്കാതെ പോയത് ഇരുവര്‍ക്കും ഈ റെക്കോഡ് നേടാന്‍ തടസ്സമായി.
ഇന്ത്യന്‍ ജേഴ്‌സിയില്‍ 1,000 ടി-20 റണ്‍സ് പൂര്‍ത്തിയാക്കുന്ന 12ാം താരമാണ് അഭിഷേക്. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, എം.എസ്. ധോണി, സുരേഷ് റെയ്ന, റിഷബ് പന്ത്, യുവരാജ് സിങ്, ശ്രേയസ് അയ്യര്‍ എന്നിവരാണ് അഭിഷേകിന് മുമ്പ് അന്താരാഷ്ട്ര ടി-20യില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങള്‍.
ഇതിനൊപ്പം മറ്റൊരു നേട്ടവും അഭിഷേക് സ്വന്തമാക്കി. കളിച്ച ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍ ഈ റെക്കോഡ് സ്വന്തമാക്കുന്ന രണ്ടാമത് വേഗമേറിയ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് അഭിഷേക് തന്റെ പേരില്‍ കുറിച്ചത്. തന്റെ 28ാം ഇന്നിങ്‌സിലാണ് സണ്‍റൈസേഴ്‌സ് സൂപ്പര്‍ താരം ഈ റെക്കോഡിലെത്തിയത്.
27ാം ഇന്നിങ്‌സില്‍ ആയിരമടിച്ച വിരാടിന്റെ പേരിലാണ് ഈ നേട്ടം. കരിയറിലെ 29ാം അന്താരാഷ്ട്ര ടി-20 ഇന്നിങ്‌സില്‍ ആയിരം റണ്‍സ് പൂര്‍ത്തിയാക്കിയ കെ.എല്‍. രാഹുലാണ് മൂന്നാമന്‍.
ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഭാവി ശോഭനമാണെന്ന് തെളിയിച്ചുകൊണ്ടായിരുന്നു അഭിഷേക് ശര്‍മ വരവറിയിച്ചത്. വെടിക്കെട്ടുകള്‍ക്കൊപ്പം സ്ഥിരതയും കൈമുതലാക്കിയ ഓപ്പണിങ് ബാറ്റര്‍ 28 ഇന്നിങ്സില്‍ നിന്നും 1,012 റണ്‍സാണ് ഇതുവരെ അടിച്ചെടുത്തത്.
37.48 എന്ന ശരാശരിയിലും 189.51 സ്ട്രൈക് റേറ്റിലുമാണ് താരം ബാറ്റ് വീശുന്നത്. രണ്ട് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും അടിച്ചെടുത്ത താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 135 ആണ്.
Content Highlight: Abhishek Sharma complete 1,000 T20I runs