| Wednesday, 28th October 2026, 10:20 am

ഒക്ടോബറിൽ പുറത്തായാലും സഞ്ജു മാർച്ചിൽ തുടരും; ചരിത്രത്തെ തകർത്ത് റണ്ണഭിഷേകം

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാൻഡിനെതിരായ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടി-20 പരമ്പരയില മൂന്നാം മത്സരവും വിജയിച്ചുകൊണ്ട് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം വെല്ലിങ്ടൺ റീജിയണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണ് അടിച്ചെടുത്തത്. നിലവിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടി അതിവേഗം വിജയം സ്വന്തമാക്കുകയായിരുന്നു.

സഞ്ജു സാംസണിന് പകരമായി ഓപ്പണിങ് പൊസിഷനിൽ എത്തിയ യുവ താരം വൈഭവ് സൂര്യവംശിയും അഭിഷേക് ശർമയും വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്.

ആദ്യ വിക്കറ്റിൽ 133 റൺസിന്റെ കൂട്ടുകെട്ടുമായാണ് ഇരുവരും കളത്തിൽ തകർത്താടിയത്. മാത്യു ഫിഷറിന്റെ ഏഴാം ഓവറിലെ ഒന്നാം പന്തിൽ  വൈഭവിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടപ്പെട്ടത്. 19 പന്തിൽ നിന്ന് നാല് സിക്‌സും നാല് ഫോറും ഉൾപ്പെടെ 45 റൺസ് നേടിയാണ് വൈഭവ് മടങ്ങിയത്. 236.84 എന്ന തകർപ്പൻ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

പവർ പ്ലേയിൽ മികച്ച വെടിക്കെട്ട് പ്രകടനമാണ് ഇരുവരും നടത്തിയതും. വിക്കറ്റ് നഷ്ടപ്പെടുത്താതെ 118 റൺസാണ് ആദ്യ ആറ് ഓവറിൽ ഇന്ത്യ നേടിയത്. അതിവേഗം ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതിൽ വലിയ പങ്കാണ് അഭിഷേക് ശർമ വഹിച്ചത്. സെഞ്ച്വറി നേടിയാണ് താരം കരുത്തുകാട്ടിയത്.

38 പന്തിൽ 11 സിക്‌സും ഒമ്പത് ഫോറും ഉൾപ്പെടെ 113 റൺസ് നേടിയാണ് അഭിഷേക് മടങ്ങിയത്. നേരിട്ട 35ാം പന്തിൽ ഫോർ നേടി 103 റൺസ് പൂർത്തിയാക്കിയാണ് അഭിഷേക് തന്റെ നാലാം ടി-20 സെഞ്ച്വറി പൂർത്തിയാക്കിയത്.

ഈ വെടിക്കെട്ട് ഇന്നിങ്സിന് പിന്നാലെ ഇന്റർനാഷണൽ ടി-20യിൽ ഓരോ മാസത്തിലും ഉയർന്ന സ്കോർ നേടുന്ന ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റിലും അഭിഷേക് ശർമ ഇടം നേടി. മലയാളി താരം സഞ്ജു സാംസണിനെ മറികടന്നുകൊണ്ടാണ് അഭിഷേക് ഒക്ടോബർ മാസത്തിലെ ഇന്ത്യയുടെ ടോപ് സ്‌കോറർ ആയത്.

2024 ഒക്ടോബറിൽ ബംഗ്ലാദേശിനെതിരെ 111 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയിരുന്നത്. സഞ്ജുവിന്റെ അന്താരാഷ്ട്ര ടി-20 കരിയറിലെ ആദ്യ സെഞ്ച്വറി ആയിരുന്നു ഇത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് അന്താരാഷ്ട്ര ടി-20യിൽ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ എന്ന ചരിത്ര നേട്ടത്തോടെയാണ് സഞ്ജു മൂന്നക്കം തൊട്ടത്. ഇപ്പോൾ ഈ റെക്കോഡ് ലിസ്റ്റിൽ നിന്നും മലയാളി താരത്തെ മറികടന്നിരിക്കുകയാണ് അഭിഷേക് ശർമ.

ഫെബ്രുവരി മാസത്തിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ ഇന്ത്യൻ താരവും അഭിഷേക് ശർമയാണ്. 135 റൺസായിരുന്നു താരം അടിച്ചെടുത്തത്

ഒക്ടോബറിലെ സഞ്ജുവിനെ മറികടന്നെങ്കിലും മാർച്ച് മാസത്തിൽ ടി-20യിൽ ഇന്ത്യക്ക് വേണ്ടി ഉയർന്ന സ്കോർ നേടിയ താരം സഞ്ജുവാണ്. 2026 ടി-20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താവാതെ 97 റൺസ് നേടിയാണ് സഞ്ജു ചരിത്രം കുറിച്ചത്.

ഇന്റർനാഷണൽ ടി-20യിൽ ഇന്ത്യക്ക് വേണ്ടി ഓരോ മാസത്തിലും ഉയർന്ന സ്കോർ നേടിയ താരം, റൺസ്, മാസം

രോഹിത് ശർമ – 121* – ജനുവരി

അഭിഷേക് ശർമ – 135 – ഫെബ്രുവരി

സഞ്ജു സാംസൺ – 97* – മാർച്ച്‌

വിരാട് കോഹ്‌ലി – 77 – ഏപ്രിൽ

സുരേഷ് റെയ്ന – 101 – മെയ്

ദീപക് ഹൂഡ – 104 – ജൂൺ

സൂര്യകുമാർ യാദവ് – 117 – ജൂലൈ

കെ.എൽ രാഹുൽ – 110* – ഓഗസ്റ്റ്

വിരാട് കോഹ്‌ലി – 122* – സെപ്റ്റംബർ

അഭിഷേക് ശർമ – 113 – ഒക്ടോബർ

റിതുരാജ്‌ ഗെയ്ക്വാദ് – 123* – നവംബർ

രോഹിത് ശർമ – 118 – ഡിസംബർ

അതേസമയം ഒക്ടോബർ 30നും നവംബർ ഒന്നിനുമാണ്‌ പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരം നടക്കുന്നത്. രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ന്യൂസിലാൻഡിന്റെ മണ്ണിൽ പരമ്പര തൂത്തുവാരാനായിരിക്കും ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും മുന്നിലുള്ള ലക്ഷ്യം. മറുഭാഗത്ത് അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ആശ്വാസ വിജയം നേടി പരമ്പര അവസാനിപ്പിക്കാനാവും കിവീസ് ലക്ഷ്യം വെക്കുക.

Content Highlight: Abhishek Sharma break Sanju Samson record in T20I

We use cookies to give you the best possible experience. Learn more