ഐ.സി.സിയുടെ സെപ്റ്റംബര്‍ മാസത്തെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് തൂത്തുവാരി ഇന്ത്യന്‍ താരങ്ങള്‍. പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് ഈ അവാര്‍ഡ് സ്വന്തമാക്കിയത്. വനിതാ വിഭാഗത്തില്‍ സ്മൃതി മന്ഥാനയും ഇത് അക്കൗണ്ടിലാക്കി ഇന്ത്യയിലേക്കെത്തിച്ചു.
ഏഷ്യാ കപ്പിലെ പ്രകടനങ്ങളുടെ മികവിലാണ് അഭിഷേക് അവാര്‍ഡിന് അര്‍ഹനായത്. എന്നാല്‍, ലോകകപ്പിന് മുന്നോടിയായി നടന്ന ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിലെ പ്രകടനമാണ് മന്ഥാനയെ ഈ നേട്ടത്തിലെത്തിച്ചത്.
ഇന്ത്യന്‍ താരമായ കുല്‍ദീപ് യാദവിനെയും സിംബാബ്വെ താരം ബ്രയാന്‍ ബെന്നറ്റിനെയും പിന്തള്ളിയാണ് അഭിഷേക് അവാര്‍ഡ് സ്വന്തമാക്കിയത്. ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കായി ഓപ്പണിങ്ങില്‍ ഇറങ്ങി താരം 314 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. ടൂര്‍ണമെന്റില്‍ ഏഴ് മത്സരങ്ങളില്‍ ഇറങ്ങിയായിരുന്നു 25കാരന്റെ ഈ പ്രകടനം.
ഇന്ത്യ ചാമ്പ്യന്മാരായ ടൂര്‍ണമെന്റില്‍ മൂന്ന് അര്‍ധ സെഞ്ച്വറി നേടിയാണ് അഭിഷേക് ഇത്രയും റണ്‍സ് സ്വന്തമാക്കിയത്. 44.85 ശരാശരിയിലും 200 സ്‌ട്രൈക്ക് റേറ്റിലുമാണ് ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ഓപ്പണര്‍ ബാറ്റേന്തിയത്. ഈ പ്രകടനങ്ങളുടെ മികവില്‍ ഇടം കൈയ്യന്‍ ബാറ്റര്‍ ടൂര്‍ണമെന്റിലെ താരമായും തെരഞ്ഞെടുത്തിരുന്നു. അഭിഷേക് ഈ ഏഷ്യാ കപ്പില്‍ 300+ റണ്‍സ് നേടിയ ഏക താരമായിരുന്നു.
ഈ പ്രകടനങ്ങള്‍ ഇന്ത്യയുടെ കിരീടധാരണത്തില്‍ വലിയ പങ്ക് വഹിച്ചിരുന്നു. ഇതാണ് അഭിഷേകിനെ ഈ മാസത്തെ താരമായി തെരഞ്ഞെടുക്കുന്നതിലേക്ക് നയിച്ചത്. ഇന്ത്യന്‍ ഓപ്പണര്‍ ആദ്യമായാണ് ഈ നേട്ടം സ്വന്തമാക്കുന്നത്.
അതേസമയം, പാകിസ്ഥാന്റെ സിദ്ര അമീനിനെയും സൗത്ത് ആഫ്രിക്കയുടെ ടാസ്മിന്‍ ബ്രിറ്റ്സിനെയും മറികടന്നാണ് സ്മൃതി മന്ഥാന അവാര്‍ഡ് സ്വന്തമാക്കിയത്. ഓസ്ട്രേലിയക്കെതിരെയുള്ള മൂന്ന് ഏകദിനത്തില്‍ രണ്ട് സെഞ്ച്വറികളാണ് താരം അടിച്ചത്. കൂടാതെ, പരമ്പരയിലെ താരമാവുകയും ചെയ്തു.
സെപ്റ്റംബറില്‍ ആകെ നാല് മത്സരങ്ങളില്‍ ഇറങ്ങിയ മന്ഥാന 308 റണ്‍സ് നേടിയിട്ടുണ്ട്. 77 ശരാശരിയിലും 135.68 സ്‌ട്രൈക്ക് റേറ്റിലുമായിരുന്നു താരം ബാറ്റ് ചെയ്തിരുന്നത്. ഓസ്ട്രേലിയക്കെതിരെയുള്ള അവസാന ഏകദിനത്തിലെ ചരിത സെഞ്ച്വറി നേട്ടത്തിന് പിന്നാലെ മറ്റൊരു നേട്ടം കൂടിയാണ് താരം കൈപിടിയിലൊതുക്കിയിരിക്കുന്നത്.
Content Highlight: Abhishek Sharma and Smriti Mandhana bagged ICC Player of the month award of September