| Tuesday, 10th February 2026, 4:34 pm

ഗോള്‍ഡന്‍ ഡക്കായ അഭിഷേകിന് പകരം ഫീല്‍ഡ് ചെയ്തു; സഞ്ജുവിന് ബാറ്റിങ്ങിന് അവസരം ലഭിക്കുമോ?

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ രണ്ടാം മത്സരത്തിന് ഒരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഫെബ്രുവരി 12 നാണ് ഈ മത്സരം. താരതമ്യേന ദുർബലരായ നമീബിയയാണ് ഈ മത്സരത്തില്‍ ടീമിന്റെ എതിരാളി. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയമാണ് വേദി.

എന്നാല്‍, മത്സരത്തിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് വലിയ തിരിച്ചടിയാവുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. അഭിഷേക് ശര്‍മയ്ക്കും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കും സുഖമില്ല എന്നാണ് വിവരം. ഇരുവര്‍ക്കും കടുത്ത പനിയാണെന്നാണ് സൂചനകള്‍.

അഭിഷേക് ശര്‍മ. Photo: BCCI/x.com

നേരത്തെ പനി മൂലം ബുംറ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ കളിച്ചിരുന്നില്ല. എന്നാല്‍, അഭിഷേക് ടീമില്‍ ഉള്‍പെട്ടിരുന്നെങ്കിലും താരം ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല. മത്സരശേഷം ഇന്ത്യന്‍ ഓപ്പണര്‍ക്ക് വയറുവേദനയാണെന്നും അടുത്ത മത്സരത്തില്‍ കളിക്കുമെന്നും മുഹമ്മദ് സിറാജ് പറഞ്ഞിരുന്നു.

എന്നാല്‍, ഇപ്പോള്‍ പുറത്ത് വരുന്ന സൂചനകള്‍ അനുസരിച്ച് അഭിഷേകിനും ബുംറയ്ക്കും അസുഖം ഭേദമായിട്ടില്ലെന്നാണ് വിവരം. നമീബിയയ്ക്ക് എതിരെയുള്ള മത്സരത്തിലും ഇവര്‍ക്കും വിശ്രമം അനുവദിച്ചേക്കുമെന്നും സൂചനയുണ്ട്.

ഇത് മലയാളി താരം സഞ്ജു സാംസണിന് ലോകകപ്പ് അരങ്ങേറ്റത്തിന് അവസരം നല്‍കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. യു.എസ്.എക്ക് എതിരെയുള്ള മത്സരത്തില്‍ അഭിഷേക് ഗോള്‍ഡന്‍ ഡക്കായിരുന്നു. താരത്തിന് പകരം യു.എസ്.എയുടെ ഇന്നിങ്‌സില്‍ ഫീല്‍ഡ് ചെയ്തിരുന്നത് സഞ്ജുവായിരുന്നു.

സഞ്ജു സാംസൺ. Photo: TeamSamson/x.com

ഇതാണ് താരത്തിന് നമീബിയയ്ക്ക് എതിരെയുള്ള മത്സരത്തില്‍ സഞ്ജു പ്ലെയിങ് ഇലവനില്‍ ഇടം കണ്ടെത്തുമോയെന്ന ചോദ്യം ഉയരുന്നത്. അടുത്ത മത്സരങ്ങള്‍ പരിഗണിച്ച് അഭിഷേകിന് വിശ്രമം അനുവദിക്കാന്‍ ഇന്ത്യന്‍ മാനേജ്‌മെന്റ് തീരുമാനിച്ചാല്‍ മലയാളി വിക്കറ്റ് കീപ്പര്‍ക്ക് ഒരു തിരിച്ചുവരവിന് സാധിച്ചേക്കും.

നേരത്തെ, ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണറായും വിക്കറ്റ് കീപ്പറായും ആദ്യം പരിഗണിച്ചിരുന്നത് സഞ്ജുവിനെയായിരുന്നു. എന്നാല്‍, ന്യൂസിലാന്‍ഡിന് എതിരെയുള്ള പരമ്പരയിലെ മോശം ഫോം തിരിച്ചടിയാവുകയായിരുന്നു. ഒപ്പം ടീമിന്റെ രണ്ടാം വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ മികച്ച ബാറ്റിങ് പുറത്തെടുത്തതോടെ സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ നിന്ന് പുറത്താവുകയായിരുന്നു.

Content Highlight: Abhishek Sharma and Jasprit Bumrah are unwell; Does this gave Sanju Samson chance in T20 World Cup

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more