ആഭ്യന്തര ഏകദിന മത്സരത്തില്‍ വെടിക്കെട്ട് ഇരട്ടസെഞ്ച്വറിയുമായി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. ടാണ്‍ ടാരന്‍ മെന്‍ സീനിയറിനെതിരെ നടന്ന വണ്‍ ഡേ ഡിസ്ട്രിക്ട് മത്സരത്തില്‍ അഭിഷേക് വെറും 91 പന്തില്‍ 233 റണ്‍സ് അടിച്ചുകൂട്ടി. അമൃത്‌സര്‍ സീനിയര്‍ ടീമിന് വേണ്ടി 15 ഫോറുകളും 25 സിക്സറുകളും ഉള്‍പ്പെടെയായിരുന്നു അഭിഷേകിന്റെ പ്രകടനം. മാത്രമല്ല 256.07 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
തുടക്കം മുതല്‍ ആക്രമണാത്മക സമീപനം സ്വീകരിച്ച താരം എതിരാളി ബൗളര്‍മാര്‍ക്ക് യാതൊരു അവസരവും നല്‍കാതെയാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. തുടര്‍ച്ചയായി ബൗണ്ടറികളും സിക്സറുകളും പായിച്ചാണ് അഭിഷേക് കരുത്തുകാട്ടിയത്.
മത്സരത്തില്‍ അമൃത്സര്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 533 റണ്‍സായിരുന്നു നേടിയത്.
അതേസമയം ടി-20യില്‍ കഴിഞ്ഞ ഏതാനും മത്സരങ്ങളില്‍ പരാജയപ്പെടുകയായിരുന്നു അഭിഷേക്. 2026ലെ ലോകകപ്പില്‍ എട്ട് ഇന്നിങ്‌സില്‍ നിന്ന് 141 റണ്‍സാണ് താരം നേടിയത്.
ലോകകപ്പിലെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ അയര്‍ലാന്‍ഡിനോടും ഇംഗ്ലണ്ടിനോടും സിംബാബ്‌വേയോടും നടന്ന മത്സരത്തില്‍ അഭിഷേകിന് വലിയ റണ്‍സ് കണ്ടെത്താനായില്ലായിരുന്നു. 2026ല്‍ അഭിഷേക് ശര്‍മ 23 മത്സരങ്ങളില്‍ നിന്ന് 514 റണ്‍സാണ് നേടിയത്. 84 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 23.36 എന്ന ആവറേജാണ് അഭിഷേകിനുള്ളത്. 185.55 എന്ന സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. അഞ്ച് അര്‍ധ സെഞ്ച്വറികളാണ് അഭിഷേക് ഈ വര്‍ഷം ഇന്ത്യയ്ക്ക് വേണ്ടി നേടിയത്.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഡക്കായ ഇന്ത്യന്‍ താരത്തിന്റെ പേര് നോക്കിയാല്‍ അതില്‍ ഏറ്റവും മുന്നിലുള്ളത് അഭിഷേകാണ് മുന്നിലുള്ളതെന്ന് കാണാം. ആറ് തവണയാണ് താരം അന്താരാഷ്ട്ര ടി-20യില്‍ പൂജ്യത്തിന് പുറത്തായത്. അതില്‍ 2026 ലോകകപ്പിലായിരുന്നു അഭിഷേക് ശര്‍മ മൂന്ന് തവണ തുടര്‍ച്ചയായി പൂജ്യത്തിന് കൂടാരം കയറിയത്.
എന്നിരുന്നാലും ആഭ്യന്തര മത്സരങ്ങളില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തി തിരിച്ചുവരാനാണ് അഭിഷേക് ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ ആറിനാണ് ഇനി ഇന്ത്യയുടെ ടി-20 മത്സരമുള്ളത്. അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ഒക്ടോബര്‍ ആറിനാണ് തുടങ്ങുന്നത്.
Content Highlight: Abhishek Sharma Achieve Double Century In District One Day Match