അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ കൂറ്റന്‍ വിജയം സ്വന്തമാക്കിയത് പിന്നാലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ അഭിഷേക് നായര്‍. റിഷബിന് ഒന്നും മാറ്റേണ്ട ആവശ്യമില്ലെന്നും ആരെയും ഒന്നും കാണിക്കേണ്ട ആവശ്യമില്ലെന്നും അഭിഷേക് നായര്‍ പറഞ്ഞു. പന്തിന് ഇഷ്ടമുള്ള രീതിയില്‍ കളിക്കാനുള്ള സ്വാതന്ത്രം നല്‍കണമെന്നും എല്ലാ കളിക്കാരും ഒരു രീതിയില്‍ കളിച്ചാല്‍ എ.ഐ റോബോട്ട് പോലെയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിഷബ് പന്ത്. Photo: BCCI/x.com
‘അദ്ദേഹത്തിന് ഒന്നും മാറ്റേണ്ട ആവശ്യമില്ലെന്നും ആരെയും ഒന്നും കാണിക്കേണ്ട ആവശ്യമില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. ചില റണ്‍സുകള്‍ക്ക് പ്രാധാന്യമുണ്ടാകില്ല, പക്ഷേ അദ്ദേഹത്തിന്റെ റണ്‍സ് എല്ലായ്‌പ്പോഴും പ്രത്യാക്രമണ റണ്‍സാണ്, അത് ടീമിന്റെ പിന്‍ബലമാണ്. പല വലിയ റണ്‍സ് മറികടക്കേണ്ടപ്പോഴും അദ്ദേഹം മത്സരങ്ങള്‍ വിജയിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, സേന രാജ്യങ്ങളിലും അദ്ദേഹം ടെസ്റ്റ് മത്സരങ്ങള്‍ വിജയിപ്പിച്ചിട്ടുണ്ട്.
പരാജയപ്പെട്ടാലും പന്ത് സ്വന്തം ഇഷ്ടപ്രകാരം കളിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവന്റെ പ്രകടനങ്ങള്‍ നോക്കി അവനെ വിലയിരുത്തുക, ഇഷ്ടമുള്ള രീതിയില്‍ കളിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുക. എല്ലാ കളിക്കാരും ഒരു രീതിയില്‍ കളിക്കാന്‍ തുടങ്ങിയാല്‍, വൈഭവ് സൂര്യവംശി വൈഭവ് സൂര്യവംശിയാകില്ല, പന്ത് പന്താകില്ല. എല്ലാവരും ഒരു എ.ഐ റോബോട്ട് പോലെ ബാറ്റ് ചെയ്യും, ആരും അത് ആഗ്രഹിക്കുന്നില്ല,’ മുന്‍ ഇന്ത്യ പരിശീലകന്‍ അഭിഷേക് നായര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
അതേസമയം അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ കൂറ്റന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്സിനും 300 റണ്‍സിനുമാണ് ഇന്ത്യ വിജയച്ചത്.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ടാം ദിനത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 564 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ശേഷം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനെ ഇന്ത്യ 152 റണ്‍സിന് ഓള്‍ ഔട്ട് ചെയ്ത് ഫോളോ ഓണിന് വിടുകയും ചെയ്തു. രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ അഫ്ഗാനെ ഇന്ത്യ 112 റണ്‍സിന് ഓള്‍ ഔട്ട് ചെയ്തു. മത്സരത്തില്‍ റിഷബ് പന്ത് 121 പന്തില്‍ 81 റണ്‍സ് നേടി.
Content Highlight: Abhishek Nayar talking About Rishabh Pant