| Monday, 8th June 2026, 8:16 pm

അവന്‍ രോഹിത്തിനെപ്പോലെയാണ്; മുന്‍ ഇന്ത്യന്‍ പരിശീലകന്‍

ശ്രീരാഗ് പാറക്കല്‍

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ കൂറ്റന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 300 റണ്‍സിനുമാണ് ഇന്ത്യ വിജയച്ചത്.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ടാം ദിനത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 564 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ശേഷം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനെ ഇന്ത്യ 152 റണ്‍സിന് ഓള്‍ ഔട്ട് ചെയ്ത് ഫോളോ ഓണിന് വിടുകയും ചെയ്തു. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ അഫ്ഗാനെ ഇന്ത്യ 112 റണ്‍സിന് ഓള്‍ ഔട്ട് ചെയ്തു.

ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍  അഭിഷേക് നായര്‍. ശുഭ്മന്‍ ചിന്തിച്ചുകളിക്കുന്ന ഒരു ക്രിക്കറ്റ് താരമാണെന്നും മത്സരങ്ങള്‍ക്ക് മുമ്പ് മികച്ച രീതിയില്‍ താരം തയ്യാറെടുക്കുമെന്നും അഭിഷേക് നായര്‍ പറഞ്ഞു. മാത്രമല്ല ഗില്‍ രോഹിത്തിനെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

‘ശുഭ്മന്‍ ഗില്ലിനെ എനിക്ക് നന്നായി അറിയാം, അദ്ദേഹം ചിന്തിച്ചുകളിക്കുന്ന ഒരു ക്രിക്കറ്റ് താരമാണ്. പെട്ടന്ന് തീരുമാനങ്ങള്‍ എടുക്കുന്ന ഒരു ക്യാപ്റ്റനല്ല അദ്ദേഹം. അദ്ദേഹം ധാരാളം തയ്യാറെടുപ്പുകള്‍ നടത്തുന്നു. എല്ലാ ബാറ്റര്‍മാരുടെയും ബൗളര്‍മാരുടെയും വീഡിയോകള്‍ അദ്ദേഹം കാണുന്നു. സാങ്കേതികമായി അവരെ എങ്ങനെ പുറത്താക്കാമെന്ന് മനസിലാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു.

ഐ.പി.എല്ലായാലും ടെസ്റ്റ് ക്രിക്കറ്റായാലും അദ്ദേഹം സ്വന്തം തന്ത്രങ്ങളും ഗെയിം പ്ലാനുകളും തയ്യാറാക്കുന്നു. ഏത് ഫീല്‍ഡ് എടുക്കണം, ഏത് പന്ത് എറിയണം, ഒരു വിക്കറ്റ് ലഭിക്കുമെന്ന് ബൗളറോട് പറയാന്‍ അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ അവന്‍ രോഹിത്തിനെപ്പോലെയാണ്. രോഹിത് ശര്‍മയും വളരെയധികം പ്ലാനിങ് ഉള്ള ഒരു ക്യാപ്റ്റനായിരുന്നു,’ അഭിഷേക് നായര്‍ പറഞ്ഞു.

ശുഭ്മന്‍ ഗിൽ. Photo: BCCI/x.com

അതേസമയം ആദ്യ ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും കെ.എല്‍. രാഹുലുമാണ്. ഗില്‍ 177 പന്തില്‍ 126 റണ്‍സും രാഹുല്‍ 165 പന്തില്‍ 100 റണ്‍സുമാണ് നേടിയത്.

ഇവര്‍ക്കൊപ്പം 104 പന്തില്‍ 81 റണ്‍സെടുത്ത സായ് സുദര്‍ശനും 121 പന്തില്‍ 81 റണ്‍സ് നേടിയ റിഷബ് പന്തും മികച്ച സംഭാവന നല്‍കി. ഒപ്പം 68 പന്തില്‍ 52* റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറും ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തി. മാത്രമല്ല മാനവ് സുതര്‍ (41 പന്തില്‍ 28), മുഹമ്മദ് സിറാജ് (12 പന്തില്‍ 22) യശസ്വി ജെയ്‌സ്വാള്‍ (32 പന്തില്‍ 24), ധ്രുവ് ജുറെല്‍ (20 പന്തില്‍ 19) എന്നിവരും റണ്‍സ് കണ്ടെത്തി.

Content Highlight: Abhishek Nayar Praises Shubhman Gill After Historical Win Against Afghanistan

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more