| Monday, 15th December 2025, 9:08 am

ആറ് ഓവറുകളില്‍ 524 റണ്‍സ്! ഇതാദ്യം, ചരിത്രമെഴുതി അഭിഷേക്

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ ആതിഥേയര്‍ വിജയം സ്വന്തമാക്കിയിരുന്നു. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 118 റണ്‍സിന്റെ വിജയലക്ഷ്യം 16ാം ഓവറില്‍ ഇന്ത്യ മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുമ്പിലാണ്.

18 പന്തില്‍ 35 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. മൂന്ന് സിക്സറും അത്ര തന്നെ ഫോറുമായി 194.44 സ്ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. പവര്‍പ്ലേക്ക് മുമ്പ് തന്നെ പുറത്തായെങ്കിലും അഭിഷേക് ഒരുക്കിയ അടിത്തറയാണ് ഇന്ത്യന്‍ വിജയത്തില്‍ കരുത്തായത്.

ഈ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡും അഭിഷേക് സ്വന്തമാക്കി. ഒരു കലണ്ടര്‍ ഇയറില്‍ പവര്‍പ്ലേ ഓവറുകളില്‍ 500ലധികം ടി-20 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്. നിലവില്‍ 524 റണ്‍സാണ് ആദ്യ ആറ് ഓവറുകളില്‍ നിന്നായി അഭിഷേക് അടിച്ചെടുത്തത്.

ഇതിനൊപ്പം മറ്റൊരു പവര്‍പ്ലേ റെക്കോഡും അഭിഷേക് സ്വന്തമാക്കി. ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം പവര്‍പ്ലേ സിക്‌സറുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന സ്വന്തം റെക്കോഡാണ് അഭിഷേക് തകര്‍ത്തത്. ഈ വര്‍ഷം 30 പവര്‍പ്ലേ സിക്‌സറുകളാണ് താരം അടിച്ചെടുത്തത്.

അഭിഷേക് ശര്‍മ. Photo: BCCI/x.com

ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം പവര്‍പ്ലേ സിക്സര്‍ നേടുന്ന ഇന്ത്യന്‍ താരം

(താരം – എത്ര സിക്സറുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

അഭിഷേക് ശര്‍മ – 30 – 2025*

രോഹിത് ശര്‍മ – 24 – 2022*

യശസ്വി ജെയ്സ്വാള്‍ – 15 – 2023

രോഹിത് ശര്‍മ – 14 – 2018

രോഹിത് ശര്‍മ – 14 – 2021

അഭിഷേകിന്റെ വെടിക്കെട്ട് അടിത്തറയൊരുക്കിയ ഇന്നിങ്‌സ് പിന്നാലെയെത്തിയവര്‍ കെട്ടിപ്പൊക്കി. വിജയലക്ഷ്യം ചെറുതായതിനാല്‍ തന്നെ ഒട്ടും വേഗതയില്ലാതെയാണ് വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും തിലക് വര്‍മയും ബാറ്റ് വീശിയത്.

ആറാം ഓവറിലെ രണ്ടാം പന്തില്‍ അഭിഷേക് പുറത്താകുമ്പോള്‍ 60 റണ്‍സാണ് ഇന്ത്യയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. 38 പന്തുകള്‍ക്ക് ശേഷം ഗില്‍ പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 92 മാത്രമായിരുന്നു. അതായത് 38 പന്തില്‍ നേടിയത് വെറും 32 റണ്‍സ്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയ ശുഭ്മന്‍ ഗില്ലിന് മൂന്നാം മത്സരത്തിലും കാര്യമായ ഇംപാക്ട് ഉണ്ടാക്കാതെ മടങ്ങി. 28 പന്തില്‍ 28 റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്.

34 പന്ത് നേരിട്ട് പുറത്താകാതെ 26 റണ്‍സ് നേടിയ തിലക് വര്‍മയാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 11 പന്തില്‍ 12 റണ്‍സും നേടി.

നേരത്തെ ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ഇന്ത്യ തുടക്കത്തിലേ ബ്രേക് ത്രൂ നേടിയിരുന്നു. ഏഴ് റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്കാണ് പ്രോട്ടിയാസ് കൂപ്പുകുത്തിയത്. ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രമിന്റെ ചെറുത്തുനില്‍പാണ് സന്ദര്‍ശകരെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്. മര്‍ക്രം 46 പന്തില്‍ 61 റണ്‍സ് നേടി.

ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ശിവം ദുബെയും ഹര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlight: Abhishek is also the first Indian to score 500+ runs in powerplay in a year

Latest Stories

We use cookies to give you the best possible experience. Learn more