| Thursday, 17th September 2026, 9:30 pm

സഞ്ജുവിനെ സാക്ഷിയാക്കി സഞ്ജുവിന്റെ റെക്കോഡ് തകര്‍ത്ത് രണ്ടാമന്‍; വിരാടേ സെയ്ഫല്ലാട്ടോ...

ആദർശ് എം.കെ.

ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ കൂറ്റന്‍ സ്‌കോറുമായി ഇന്ത്യ. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ 221 റണ്‍സെന്ന മികച്ച സ്‌കോറിലെത്തിയത്.

ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 34 പന്തില്‍ 108 റണ്‍സ് നേടിയാണ് അഭിഷേക് കളം വിട്ടത്. നേരിട്ട 30ാം പന്തിലായിരുന്നു അഭിഷേകിന്റെ സെഞ്ച്വറി. 11 സിക്‌സറും ഒമ്പത് ഫോറും അടക്കം 317.65 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.

അഭിഷേകിന്റെ വെടിക്കെട്ടില്‍ ഇന്ത്യ ആദ്യ ആറ് ഓവറില്‍ തന്നെ 100 റണ്‍സിലെത്തിയിരുന്നു. സഞ്ജു സാംസണൊപ്പം ഒന്നാം വിക്കറ്റില്‍ 142 റണ്‍സിന്റെ കൂട്ടുകെട്ടും താരം പടുത്തുയര്‍ത്തി.

ഇതിനിടെ അഫ്ഗാനെതിരായ പരമ്പരയില്‍ 200 റണ്‍സും താരം പിന്നിട്ടിരുന്നു. ആദ്യ മത്സരത്തില്‍ 82 റണ്‍സ് നേടിയ താരം രണ്ടാം മത്സരത്തില്‍ 39 റണ്‍സാണ് സ്വന്തമാക്കിയത്.

ഇതോടെ ഒരു ടി-20 പരമ്പരയില്‍/ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം തവണ 200 റണ്ണടിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കെത്താനും അഭിഷേകിനായി. മൂന്ന് തവണയാണ് അഭിഷേക് ഒരു പരമ്പരയില്‍ ഇരുന്നൂറടിക്കുന്നത്.

ഒരു ടി-20 പരമ്പരയില്‍/ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം തവണ 200 റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങള്‍

(താരം – എത്ര തവണ എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – 5

അഭിഷേക് ശര്‍മ – 3*

സൂര്യകമാര്‍ യാദവ് – 3

തിലക് വര്‍മ – 3

ഇഷാന്‍ കിഷന്‍ – 3

രോഹിത് ശര്‍മ – 2

സഞ്ജു സാംസണ്‍ – 2

ശ്രേയസ് അയ്യര്‍ – 2

ശിവം ദുബെ – 1

ഋതുരാജ് ഗെയ്ക്വാദ് – 1

ഗൗതം ഗംഭീര്‍ – 1

ഹര്‍ദിക് പാണ്ഡ്യ – 1

കെ.എല്‍. രാഹുല്‍ – 1

സുരേഷ് റെയ്‌ന – 1

അതേസമയം, മത്സരത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 221 എന്ന നിലയില്‍ ബാറ്റിങ് അവസാനിപ്പിച്ചിരിക്കുകയാണ്. അര്‍ധ സെഞ്ച്വറി നേടിയ സഞ്ജു സാംസണാണ് ഇന്ത്യയുടെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

35 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സറും അടക്കം 50 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 20 പന്തില്‍ 29 റണ്‍സും ശിവം ദുബെ പത്ത് പന്തില്‍ 14 റണ്‍സും നേടി.

ഇന്ത്യന്‍ നിരയില്‍ മൂന്ന് താരങ്ങള്‍ റണ്‍ ഔട്ടായി മടങ്ങിയപ്പോള്‍ അസ്മത്തുള്ള ഒമര്‍സായ് രണ്ട് വിക്കറ്റും വീഴ്ത്തി. അബ്ദുള്ള അഹ്മദ്‌സായ്, റാഷിദ് ഖാന്‍ എന്നിവരാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

Content highlight: Abhishek has risen to second place on the list of Indian players who have scored 200 runs the most times in a T20 series or tournament.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more