| Saturday, 3rd October 2026, 4:45 pm

സ്വർണനേട്ടത്തിനിടെ ചരിത്ര റെക്കോഡ്; ഇന്ത്യൻ ഇതിഹാസത്തിനൊപ്പം ഒന്നാമതെത്തി അഭിഷേക് ശർമ

അഞ്ജലി പി.കെ.

2026 ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ജപ്പാനിലെ കൊറോഗി സ്പോർട്സ് പാർക്കിൽ നടന്ന കലാശപ്പോരാട്ടത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസാണ് പടുത്തുയർത്തിയത്.

ഇന്ത്യൻ ടീം

എന്നാൽ ഈ കൂറ്റൻ സ്കോർ തകർക്കാൻ പാക് പടയ്ക്ക് സാധിച്ചില്ല. ആറ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് മാത്രം നേടി ഇന്ത്യക്ക് മുന്നിൽ മുട്ടുകുത്തുകയായിരുന്നു പാകിസ്ഥാൻ. ഇതോടെ ഏഷ്യൻ ഗെയിംസിൽ വനിതാ വിഭാഗത്തിലും പുരുഷ വിഭാഗത്തിലും സ്വർണം സ്വന്തമാക്കിയിരുകയാണ് ഇന്ത്യ.

അർധ സെഞ്ച്വറികൾ നേടിയ അഭിഷേക് ശർമയുടെയും തിലക് വർമയുടെയും മിന്നൽ പ്രകടനമാണ് ഇന്ത്യയെ 211 എന്ന മികച്ച സ്കോറിലെത്തിച്ചത്. ഓപ്പണറായി ഇറങ്ങിയ അഭിഷേക് ശർമ പാക് ബൗളർമാരെ കടന്നാക്രമിച്ച് 28 പന്തിൽ 61 റൺസ് അടിച്ചെടുത്തത്.  ഏഴ് സിക്സുകളും മൂന്ന് ഫോറുകളുമാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.

അഭിഷേക് ശർമ

ഇതോടെ ഒരു ചരിത്ര നേട്ടം കൂടെയാണ് അഭിഷേകിനെ തേടിയെത്തിയത്. ഇന്ത്യ-പാകിസ്ഥാൻ ടി-20 മത്സരങ്ങളിൽ ഒരു ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയവരുടെ പട്ടികയിൽ ഒന്നാമതെത്തിരിക്കുകയാണ് അഭിഷേക്.
ഈ നേട്ടത്തിൽ അഭിഷേകിന്റെ മെന്ററും പരിശീലകനുമായ ഇന്ത്യൻ ഇതിഹാസം യുവരാജ് സിങ്ങിനൊപ്പം എത്താനും താരത്തിന് സാധിച്ചു.

ഇന്ത്യ-പാകിസ്ഥാൻ ടി-20 മത്സരങ്ങളിൽ ഒരു ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയവർ.
(താരം, സിക്സറുകൾ , വേദി, വർഷം എന്നി ക്രമത്തിൽ)

യുവരാജ് സിങ് – 7 – അഹമ്മദാബാദ് – 2012

അഭിഷേക് ശർമ – 7 – നിഷിൻ – 2026

അഭിഷേക് ശർമ – 5 – ദുബായ് – 2025

മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി വൈസ് ക്യാപ്റ്റൻ തിലക് വർമയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 22 പന്തിൽ 51 റൺസ് നേടി അർധ സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. അവസാന ഓവറുകളിൽ ശിവം ദുബെയും 15 പന്തിൽ 27 റൺസെടുത്ത് തിലകിന് മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യയുടെ സ്കോർ 211 ലേക്ക് കടക്കുകയായിരുന്നു.

ക്യാപ്റ്റൻ ശ്രേയസ് അയ്യർ 24 പന്തിൽ 21 റൺസും ഇഷാൻ കിഷൻ 18 പന്തിൽ 20 റൺസും യുവതാരം വൈഭവ് സൂര്യവംശി ഒമ്പത് പന്തിൽ 15 റൺസും സഞ്ജു സാംസൺ രണ്ട് പന്തിൽ നാല് റൺസും നേടി ഇന്ത്യയുടെ സ്കോർ ഉയർത്താൻ സഹായിച്ചു. ശിവം ദുബെ, അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിവരാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാർ. രണ്ടു വിക്കറ്റ് വീതമാണ് ഈ മൂവർസംഘം എറിഞ്ഞു വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ മികച്ച രീതിയിലാണ് റൺസിനായുള്ള ആക്സിലേറ്റർ കൊടുതെങ്കിലും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ അടിപതറുകയായിരുന്നു. ഹസൻ നവാസാണ് പാകിസ്ഥാനിലെ ഉയർന്ന സ്കോറെർ. 51 പന്തിൽ 96 റൺസോടെ അർധ സെഞ്ച്വറി താരം നേടിയെടുത്തു.

Content Highlights: Abhishek has reached the top spot in the list of players with the most sixes in a single innings in India-Pakistan T20 matches

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

We use cookies to give you the best possible experience. Learn more