| Thursday, 16th April 2026, 4:24 pm

മോദിയുമല്ല യോഗിയുമല്ല ഷായുമല്ല, ബംഗാളില്‍ ബി.ജെ.പിയുടെ തുറുപ്പുചീട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ആഞ്ഞടിച്ച് അഭിഷേക് ബാനര്‍ജി

ആദര്‍ശ് എം.കെ.

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി. ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയുടെ ട്രംപ് കാര്‍ഡായി പ്രവര്‍ത്തിക്കുന്നു എന്നാണ് അഭിഷേക് ബാനര്‍ജിയുടെ വിമര്‍ശനം.

എക്‌സിലെഴുതിയ കുറിപ്പിലാണ് ബാനര്‍ജി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ചത്. പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ആഭ്യന്തര മന്ത്രി അമിത് ഷായോ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥോ അല്ല മറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനാണ് ബി.ജെ.പിയുടെ ട്രംപ് കാര്‍ഡ് എന്നായിരുന്നു അദ്ദേഹം വിമര്‍ശിച്ചത്.

‘നരേന്ദ്ര മോദി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരാണ് ബംഗാളില്‍ ബി.ജെ.പിയുടെ തുറുപ്പുചീട്ടുകള്‍ എന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, അത് പൂര്‍ണമായും തെറ്റാണ്. ബി.ജെ.പിക്ക് വേണ്ടി പിന്നില്‍ നിന്ന് പോരാടുന്ന യഥാര്‍ത്ഥ ട്രംപ് കാര്‍ഡ് ചീഫ് ഇലക്ഷന്‍ കമ്മീഷനാണ്. ബി.ജെ.പി നിര്‍ദേശങ്ങള്‍ നല്‍കുന്നു, ഇലക്ഷന്‍ കമ്മീഷന്‍ അതനുസരിച്ച് അനുസരണയോടെ പ്രവര്‍ത്തിക്കുന്നു.

പഹല്‍ഗാം, ദല്‍ഹി, മണിപ്പൂര്‍, അല്ലെങ്കില്‍ നോയ്ഡ എന്നിവിടങ്ങളില്‍ കൂടുതല്‍ പ്രയോജനകരമാകാവുന്ന നൂറുകണക്കിന് സെന്‍ട്രല്‍ ഫോഴ്‌സിനെ ബംഗാളില്‍ വിന്യസിച്ചിരിക്കുകയാണ്. എന്റെ കുടുംബം അടക്കമുള്ള തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ലക്ഷ്യമിടാനാണ് അവരോട് നിര്‍ദേശിച്ചിരിക്കുന്നത്.

നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാം. നിങ്ങള്‍ക്ക് ആരെയെങ്കിലും ലക്ഷ്യമിടാം. പക്ഷേ ഓര്‍ക്കുക ബംഗാളില്‍ നിങ്ങളുണ്ടാവുക കൃത്യം 19 ദിവസത്തേക്ക് മാത്രമാണ്. ഇന്ന് നമ്മുടെ പാര്‍ട്ടി പ്രവര്‍ത്തകരെ വീടുനുള്ളില്‍ തന്നെ അടച്ചിരിക്കാന്‍ ഭീഷണിപ്പെടുത്തുന്ന ആ ഗുജറാത്ത് ബാബുമാരെ ഫലം പ്രഖ്യാപിച്ചതിന് ശേഷം ബംഗാളില്‍ ഒരു മണിക്കൂറുപോലും കാണിക്കില്ല.

ഇത് ഒരു ഭീഷണി അല്ല. ഇത് ഒരു വെല്ലുവിളിയാണ്,’ അദ്ദേഹം എക്‌സില്‍ കുറിച്ചു.

ഐ-പാക് സഹസ്ഥാപകന്‍ വിനേഷ് ചന്ദലിന്റെ അറസ്റ്റ് പരാമര്‍ശിച്ചുകൊണ്ട്, അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി സമ്മര്‍ദം ചെലുത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് ഘട്ടമായാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ്. ഏപ്രില്‍ 23ന് ആദ്യ ഘട്ടവും ഏപ്രില്‍ 29ന് രണ്ടാം ഘട്ടവും തെരഞ്ഞെടുപ്പ് നടക്കം. മെയ് നാലിനാണ് വോട്ടെണ്ണല്‍.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 213 സീറ്റുകള്‍ നേടി തൃണമൂല്‍ കോണ്‍ഗ്രസ് വലിയ വിജയം നേടിയിരുന്നു. 77 സീറ്റുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയത്.

Content Highlight: Abhishek Banerjee slams Election Commission

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more