| Friday, 25th September 2026, 8:53 pm

വോയിസ് കാരണം ഈ കഥാപാത്രം വീണുപോകരുതെന്ന് പറഞ്ഞു, കമല്‍ഹാസന്‍ സാറാണ് ഡബ്ബിങ്ങിലേക്ക് തിരിച്ചുകൊണ്ടുവന്നത്: അഭിരാമി

അശ്വിന്‍ രാജേന്ദ്രന്‍

രണ്ടായിരങ്ങളില്‍ പുറത്തിറങ്ങിയ മലയാളം തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് അഭിരാമി. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത കഥാപുരുഷന്‍ എന്ന ചിത്രത്തിലൂടെ സിനിമാ ജീവിത്തിന് തുടക്കം കുറിച്ച താരം ഞങ്ങള്‍ സന്തുഷ്ടരാണ്, മേഘസന്ദേശം, ദോസ്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ബ്ലാസ്റ്റ് എന്ന ചിത്രത്തിലൂടെ വമ്പന്‍ തിരിച്ചുവരവാണ് അഭിരാമി കാഴ്ചവെച്ചത്.

അഭിരാമി. Photo: X.com

സുബാഷ് കെ. രാജ് സംവിധാനം ചെയ്ത് അര്‍ജുന്‍ സര്‍ജ, അഭിരാമി, പ്രീതി മുകുന്ദന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ബ്ലാസ്റ്റ് മികച്ച ഒരു ആക്ഷന്‍ ത്രില്ലറായിരുന്നു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. കേരളത്തില്‍ നിന്നടക്കം വലിയ കളക്ഷന്‍ നേടിയ ചിത്രത്തിലെ അഭിരാമിയുടെ ആക്ഷന്‍ സീക്വന്‍സുകള്‍ േ്രപക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ലോ ആന്‍ഡ് ഓര്‍ഡര്‍ എന്ന ചിത്രത്തിലും അഭിരാമി പ്രധാനവേഷത്തിലെത്തിയിരുന്നു.

ചിത്രവുമായി ബന്ധപ്പെട്ട് സംസാരിക്കവെ അഭിരാമിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായ ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തിന് വേണ്ടി ശബ്ദം നല്‍കിയതിനെ കുറിച്ച് അഭിരാമി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

‘ഒരിടവേളയ്ക്ക് ശേഷം ഡബ്ബിങ്ങിലേക്ക് തിരിച്ചുകൊണ്ടുവന്നത് കമല്‍സാറാണ്. ഡബ്ബിങ്ങ് ചെയ്യാത്തത് താത്പര്യമില്ലാത്തത് കൊണ്ടല്ല. എന്നെ വിളിച്ച കഥാപാത്രങ്ങള്‍ ഇന്‍ട്രസ്റ്റിങ്ങാണെങ്കില്‍ ഞാന്‍ ചെയ്യാറുണ്ട്. ഡബ്ബിങ് ആര്‍ടിസ്റ്റ് എന്നൊരു ടാഗ് എനിക്കില്ലല്ലോ. അതുകൊണ്ട് ഏതെങ്കിലും ഒരു കഥാപാത്രത്തിന് അനുയോജ്യമായിട്ട് തോന്നുകയാണെങ്കില്‍ മാത്രം എന്നെ വിളിക്കും. പക്ഷേ വോയിസ് ഓവറുകള്‍ ഞാന്‍ ഒരുപാട് ചെയ്യാറുണ്ട്. അതിന്റെയൊപ്പം ഡബ്ബിങ് ചെയ്യാനും താത്പര്യമുണ്ട്.

ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രത്തില്‍ നായകന്റെ സഹോദരിയുടെ റോള്‍ ചെയ്ത സീന ആന്റണിയ്ക്ക് വേണ്ടിയാണ് ഡബ്ബ് ചെയ്തത്. കാരണം ആ കഥാപാത്രത്തിന് പക്വത വരാത്ത ഒരു ചെറിയ കുട്ടിയുടെ ശബ്ദമാണ് ചിത്രത്തിലുള്ളത്. ഒരു പതിനഞ്ച് വയസുകാരിക്ക് അത്രയല്ലേ ഉണ്ടാകുകയുള്ളൂ. അതുകൊണ്ട് ഞാനവതരിപ്പിച്ച ഗീതുവിന് എന്റെ വോയിസ് യോജിച്ചതല്ല എന്ന് തോന്നി.

അഭിരാമി. Photo: X.com

രാജസേനന്‍ സാറിന്റെ ഒപ്പം ഞാനൊരു അരദിവസം ഗീതുവിന് വേണ്ടി പഴറ്റി നോക്കി. പരമാവധി കരഞ്ഞുപിടിച്ച് പറഞ്ഞുനോക്കി. പക്ഷേ അത് വേണ്ട പോലെ വരുന്നുണ്ടായിരുന്നില്ല. വോയിസ് കാരണം ഈ ക്യാരക്ടര്‍ വീണുപോകരുതെന്ന് സാര്‍ എന്നോട് പറഞ്ഞു. അങ്ങനെയാണ് എന്നെക്കൊണ്ട് സീനയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യിപ്പിക്കുന്നത്,’ അഭിരാമി പറഞ്ഞു.

Content Highlight: Abhirami talks about her career as Dubbing artist

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more