| Tuesday, 22nd September 2026, 7:57 am

എനിക്ക് വേണ്ടി ഒരു സിംഗിൾ ടൈറ്റിൽ കാർഡാണ് അദ്ദേഹം തന്നത്, എത്ര നടിമാർക്ക് അത് ക്ലെയിം ചെയ്യാനാകും: അഭിരാമി

നന്ദന. ടി

രണ്ടായിരങ്ങളില്‍ പുറത്തിറങ്ങിയ മലയാളം തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് അഭിരാമി. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത കഥാപുരുഷന്‍ എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ച താരം ഞങ്ങള്‍ സന്തുഷ്ടരാണ്, മേഘസന്ദേശം, ദോസ്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ബ്ലാസ്റ്റ് എന്ന ചിത്രത്തിലൂടെ വമ്പന്‍ തിരിച്ചുവരവാണ് അഭിരാമി കാഴ്ചവെച്ചത്.

ഇപ്പോഴിതാ താരത്തിന്റേതായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് രഞ്ജിത് സംവിധാനം ചെയ്ത ലോ ആന്‍ഡ് ഓര്‍ഡര്‍. ചിത്രവുമായി ബന്ധപ്പെട്ട് റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമ ഓർമകൾ പങ്കുവെക്കുകയാണ് നടി.

അഭിരാമി. Photo. X.com

ഒരു തുടക്കക്കാരി എന്ന നിലയിൽ തനിക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ അംഗീകാരമായിരുന്നു 1999-ൽ രാജസേനൻ സംവിധാനം ചെയ്ത ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയുടെ തുടക്കത്തിൽ സംവിധായകൻ തനിക്കായി നൽകിയ ഫുൾ ടൈറ്റിൽ കാർഡും, ഔസേപ്പച്ചൻ-യേശുദാസ് കൂട്ടുകെട്ടിലൊരുങ്ങിയ പൊന്നിൻ വള കിലുക്കി എന്ന ഗാനവും എന്ന് പറയുകയാണ് നടി അഭിരാമി.

‘ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിലെ പൊന്നിൻ വള കിലുക്കി എന്ന പാട്ട് എന്റെ കഥാപാത്രത്തെ സിനിമയിലേക്ക് ഇൻട്രൊഡ്യൂസ് ചെയ്യാൻ വേണ്ടിയാണ് ഉപയോഗിച്ചത്. സത്യം പറഞ്ഞാൽ അദ്ദേഹം എനിക്ക് തന്ന ഏറ്റവും വലിയൊരു കോംപ്ലിമെന്റ് എന്ന് പറയുന്നത്, ആ സിനിമയുടെ തുടക്കത്തിൽ തന്നെ കലാകേരളത്തിന് മുന്നിൽ ഞങ്ങൾ പുതിയതായി അവതരിപ്പിക്കുന്ന താരം അഭിരാമി എന്ന് കാണിച്ചുകൊണ്ട് എനിക്ക് വേണ്ടി ഒരു ഫുൾ ടൈറ്റിൽ കാർഡ് തന്നു എന്നതാണ്. എത്ര നടിമാർക്ക് അത് അങ്ങനെ ഒന്നു ക്ലെയിം ചെയ്യാൻ സാധിക്കും.

ആ പാട്ട് ശരിക്കും സിനിമയേക്കാളും എന്നെ ഫിലിം ഇൻഡസ്ട്രിയിലേക്ക് ഇൻട്രൊഡ്യൂസ് ചെയ്യാൻ വേണ്ടിയായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്. ആ ഒരു കാര്യത്തിൽ ഞാൻ രാജസേനൻ സാറിനോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. സിനിമാ ഇൻഡസ്ട്രിയിലേക്ക് വരുമ്പോൾ അങ്ങനെ ഒരു അവസരം കിട്ടുന്നതൊക്കെ വലിയൊരു ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്,’ നടി പറഞ്ഞു.

കഴിഞ്ഞ പതിനഞ്ചു വർഷമായി മലയാള സിനിമയിൽ വരുന്ന കഥകൾ കാണുമ്പോൾ ഇൻഡസ്ട്രി അതിന്റെ മറ്റൊരു സുവർണ്ണ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് അഭിരാമി അഭിപ്രായപ്പെടുന്നു.

അഭിരാമി. Photo. Screen grab/ Youtube

‘ഒരു നടി എന്നതിലുപരി പ്രേക്ഷക എന്ന നിലയിൽ മലയാള സിനിമയെ നോക്കുമ്പോൾ ഭയങ്കര ഇഷ്ടം തോന്നുകയാണ്. കാരണം കഴിഞ്ഞ ഒരു പതിനഞ്ചു വർഷമായിട്ട് സിനിമയിലൂടെ പറയപ്പെടുന്ന കഥകളൊക്കെ കാണുമ്പോൾ മലയാള സിനിമ അതിന്റെ മറ്റൊരു ഗോൾഡൻ ഏറയിലൂടെയാണ് പോയ്ക്കൊണ്ടിരിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു.

പക്ഷെ കുറച്ചുകൂടെ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഇനിയും വരണമെന്നുണ്ട്. എങ്കിലും ഇപ്പോൾ എഴുതപ്പെടുന്ന വുമൺ ക്യാരക്ടേഴ്സ് എല്ലാം വളരെ ഗംഭീരമായിട്ട് എനിക്ക് തോന്നുന്നുണ്ട്,’ അഭിരാമി പറഞ്ഞു.

Content Highlight: Abhirami talks about director Rajasenan giving her a title card and an intro song in the movie Njangal Santhushtharanu

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more