1999-ൽ രാജസേനന്റെ സംവിധാനത്തിൽ ജയറാം, അഭിരാമി എന്നിവരെ നായികാനായകന്മാരായി പുറത്തിറങ്ങിയ ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിൽ അഭിരാമി ചെയ്ത ഗീതു എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു. അഹങ്കാരിയായ ഭാര്യ എന്ന രീതിയിലുള്ള വിമർശനങ്ങൾ ആ കാലത്ത് ആ കഥാപാത്രത്തിന് നേരിടേണ്ടി വന്നിരുന്നു.
എന്നാൽ ഈ അടുത്തകാലത്തായി സോഷ്യൽ മീഡിയയിലടക്കം ഗീതു എന്ന കഥാപാത്രമായിരുന്നു ശരി എന്ന രീതിയിലുള്ള ചർച്ചകൾ നടന്നിരുന്നു. ഇപ്പോഴിതാ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഗീതു എന്ന കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് അഭിരാമി.
അന്ന് ചിത്രത്തിൽ അഭിനയിക്കുമ്പോൾ തന്നെ ഗീതു ഒരു അഹങ്കാരിയായ കഥാപാത്രമാണ് എന്ന് വിചാരിച്ചാണ് അഭിനയിച്ചതെന്ന് പറയുകയാണ് അഭിരാമി. എന്നാൽ ഇന്ന് ആ കഥാപാത്രത്തോടുള്ള ആളുകളുടെ കാഴ്ചപ്പാടിൽ വന്ന മാറ്റങ്ങളിൽ സന്തോഷമുണ്ടെന്നും അഭിരാമി വ്യക്തമാക്കി.
അഭിരാമി. Photo. Manorama Online
‘ഇന്ന് ഗീതു ചെയ്തതാണ് ശരി എന്ന് ആളുകൾ പറയുമ്പോൾ വളരെ സന്തോഷം തോന്നുന്നു. അന്ന് ആ സിനിമ ചെയ്യുമ്പോൾ ആ കഥാപാത്രം അഹങ്കാരിയാണ് എന്ന രീതിയിലാണ് ഞാനും അഭിനയിച്ചത്. എന്നാൽ ഇപ്പോൾ സൊസൈറ്റിയും നമ്മളുമൊക്കെ വേറെ രീതിയിൽ ചിന്തിക്കുന്നു, എന്തൊരു നല്ല മാറ്റമാണ്. ആ മാറ്റം വരേണ്ട സമയം കഴിഞ്ഞു. അതൊക്കെ അറിയുമ്പോൾ ഏറെ സന്തോഷം,’ നടി പറഞ്ഞു.
എന്നാൽ ആ കാലത്ത് സിനിമയിൽ അഭിനയിച്ചതിന് ശേഷം യഥാർത്ഥ ജീവിതത്തിൽ ആ കഥാപാത്രത്തിനോട് ആളുകൾക്ക് തോന്നിയ വെറുപ്പ് വ്യക്തിപരമായി തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും അഭിരാമി തുറന്നുപറയുന്നു.
‘ആ സിനിമയിൽ അഭിനയിച്ചതിന് ശേഷം റിയൽ ലൈഫിൽ വലിയ രീതിയിലുള്ള കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് കോളേജുകളിലും മറ്റും ഓരോ പരിപാടികൾക്ക് ഞാൻ സ്റ്റേജിൽ കയറി മൈക്ക് എടുക്കുമ്പോഴേക്കും സംസാരിക്കാൻ സമ്മതിക്കാത്ത വിധത്തിൽ കൂവുമായിരുന്നു. എനിക്ക് അഭിനയിക്കാൻ തന്ന ഒരു പണി ഞാൻ ചെയ്തു, അത് ഞാനല്ലല്ലോ, എന്റെ ക്യാരക്ടറല്ലേ,’ നടി പറഞ്ഞു.
ആ കാലത്ത് താൻ വളരെ ചെറുപ്പമായതിനാൽ തന്നെ അത്തരം കളിയാക്കലുകൾ തളർത്തിയിരുന്നുവെന്നും അഭിരാമി പറഞ്ഞു. എന്നാൽ താൻ ചെയ്ത കഥാപാത്രം അത്രയും മികച്ചതായതുകൊണ്ടാണ് ആളുകളിൽ നിന്ന് അത്തരമൊരു പ്രതികരണമുണ്ടായതെന്നും, അതിനാൽ തന്നെ അത് തന്റെ വിജയമായി കാണാൻ പിന്നീട് പഠിച്ചുവെന്നും അഭിരാമി വ്യക്തമാക്കി.
‘അന്ന് എനിക്ക് പതിനാറ് വയസ്സോ മറ്റോ ആണുള്ളത്. ആ ഒരു പ്രായത്തിൽ നമ്മളെ സ്റ്റേജിൽ വിളിച്ചുനിർത്തിയിട്ട് കൂവൽ ഏറ്റുവാങ്ങേണ്ടി വരിക എന്നത് ശരിക്കും കഷ്ടവും സങ്കടവുമൊക്കെയായിരുന്നു.
അന്ന് എന്റെ പേരെന്റ്സും ഫ്രണ്ട്സുമൊക്കെയാണ് ഇതൊന്നും പേഴ്സണൽ ആക്കി എടുക്കരുത്, ഇത് നിന്റെ വിജയമാണ് എന്ന് പറഞ്ഞത്. കാരണം അത്രത്തോളം ഞാൻ ചെയ്ത കഥാപാത്രത്തെ അവർ വെറുക്കണമെങ്കിൽ ഞാൻ ആ കഥാപാത്രത്തെ മികച്ച രീതിയിൽ ചെയ്തതുകൊണ്ടാണല്ലോ. ആ ഒരു തിരിച്ചറിവ് അന്ന് എന്നെ ഒരുപാട് സഹായിച്ചു,’ നടി പറഞ്ഞു.
‘ഞങ്ങൾ സന്തുഷ്ടരാണ്. Photo. Screen grab/ Youtube