2015ല്‍ പുറത്തിറങ്ങിയ ചന്ദ്രേട്ടന്‍ എവിടെയാ എന്ന മലയാള ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചയാളാണ് അഭിരാം രാധാകൃഷ്ണന്‍. പിന്നീട് മലയാളത്തില്‍ ചെറുതും വലുതുമായ വേഷങ്ങളിലായി മുപ്പതോളം ചിത്രങ്ങളില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു. അഞ്ചാം പാതിര, ഉണ്ട, ജാന്‍.എ.മന്‍, ഫാലിമി, മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരത്തിന് വലിയ രീതിയില്‍ പ്രശംസ നേടിക്കൊടുത്ത ചിത്രങ്ങളാലയിരുന്നു കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യവും ഭരതനാട്യം 2 മോഹിനിയാട്ടവും.
ചിത്രത്തിലെ പ്രകടനത്തിന് വലിയ പ്രശംസയായിരുന്നു താരത്തിന് ലഭിച്ചിരുന്നത്. സമാനമായി അഭിരാമിന്റെ കരിയറില്‍ വലിയ മാറ്റം കൊണ്ടുവന്ന ചിത്രമായിരുന്നു ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ഉണ്ട. ബോക്‌സ് ഓഫീസില്‍ വലിയ വിജയമായ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തിയത് മമ്മൂട്ടിയായിരുന്നു. ചിത്രത്തില്‍ പി.സി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയായിരുന്നു അഭിരാം അവതരിപ്പിച്ചത്.
ഉണ്ട. Photo: X.com
കേരളത്തില്‍ നിന്നുമുള്ള പൊലീസ് സംഘം ഇലക്ഷന്‍ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് നോര്‍ത്ത് ഇന്ത്യയിലെ ഒരു സ്ഥലത്ത് എത്തിച്ചേരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഉണ്ടയുടെ കഥാപശ്ചാത്തലം. ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും ഹൈ നല്‍കിയ സീനുകളിലൊന്നായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രത്തെ അക്രമിച്ച വില്ലനെതിരെ മുഴുവന്‍ സ്‌ക്വാഡും തോക്ക് ചൂണ്ടുന്ന രംഗം. സ്‌ക്രിപ്റ്റ് ഡിസ്‌കഷന്റെ സമയത്ത് തന്നെ ചിത്രത്തില്‍ കൈയടി ലഭിക്കാന്‍ പോകുന്ന രംഗം അതാണെന്ന് സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ പറഞ്ഞിരുന്നുവെന്ന് പറയുകയാണ് അഭിരാം രാധാകഷ്ണന്‍. ദി ചിയേഴ്‌സ് ഫിറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അഭിനയിക്കുന്ന സമയത്ത് തന്നെ ആ സീന്‍ തിയേറ്ററില്‍ വര്‍ക്കാകുമെന്ന് അറിയാമായിരുന്നു. അത് സ്‌ക്രിപ്റ്റ് ഡിസ്‌കഷന്റെ സമയത്ത് തന്നെ അത് നമ്മള്‍ ഡിസൈന്‍ ചെയ്തതാണ്. ഇതിലാണ് കൈയടി എന്ന് റഹ്‌മാന്‍ പറഞ്ഞിരുന്നു. ഉണ്ട സാധാരണ ഒരു മമ്മൂക്ക മൂവി പോലെയല്ല. പക്ഷേ അതില്‍ മാസ് കൊണ്ടുവന്നത് സംവിധായകന്റെ കഴിവാണ്.
അഭിരാം രാധാകൃഷ്ണന്‍. Photo: X.com
കഴിഞ്ഞ ഒരു പത്ത് വര്‍ഷത്തിനുള്ളില്‍ എന്റെ ഫേവറിറ്റ് സിനിമയാണ് അത്. അതിന്റെ കഥ എന്നെ വളരെയധികം അട്രാക്റ്റ് ചെയ്ത ഒന്നാണ്. കേരള പൊലീസിന്റെ ഒരു അവസ്ഥയാണല്ലോ. സത്യത്തില്‍ അത് ബേസ്ഡ് ഓണ്‍ എ റിയല്‍ സ്റ്റോറിയാണ്. ഇത്തരത്തില്‍ കുറച്ച് മൊമന്റുകളൊക്കെ അതില്‍ അവന്‍ എഴുതിച്ചേര്‍ത്തതുകൊണ്ടാണ് ചിത്രത്തില്‍ മാസ് എലമെന്റും വന്നത്. അതൊരു ഖാലിദ് റഹ്‌മാന്‍ മാജിക്കാണ്,’ അഭിരാം പറഞ്ഞു.
Content Highlight: Abhiram Radhakrishnan talks about Unda movie