| Tuesday, 22nd September 2026, 10:57 pm

കമ്പനി സിനിമയില്‍ പേപ്പര്‍ വെയിറ്റ് വെച്ച് ലാലേട്ടന്റെ പരിപാടിയുണ്ട്, അതുപോലെ തന്നെയാണ് ആറാം തമ്പുരാനിലെ ആ സീനും: അഭിരാം രാധാകൃഷ്ണന്‍

അശ്വിന്‍ രാജേന്ദ്രന്‍

2015ല്‍ പുറത്തിറങ്ങിയ ചന്ദ്രേട്ടന്‍ എവിടെയാ എന്ന മലയാള ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചയാളാണ് അഭിരാം രാധാകൃഷ്ണന്‍. പിന്നീട് മലയാളത്തില്‍ ചെറുതും വലുതുമായ വേഷങ്ങളിലായി മുപ്പതോളം ചിത്രങ്ങളില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു. അഞ്ചാം പാതിര, ഉണ്ട, ജാന്‍.എ.മന്‍, ഫാലിമി, മഞ്ഞുമ്മല്‍ ബോയ്സ് തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരത്തിന് വലിയ രീതിയില്‍ പ്രശംസ നേടിക്കൊടുത്ത ചിത്രങ്ങളാലയിരുന്നു കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യവും ഭരതനാട്യം 2 മോഹിനിയാട്ടവും.

2024ല്‍ പുറത്തിറങ്ങിയ ഭരതനാട്യം പരാജയമായെങ്കിലും രണ്ടാം ഭാഗമായ മോഹിനിയാട്ടത്തിന് വലിയ വിജയമായിരുന്നു തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. ചിത്രത്തിലെ സുഭാഷ് എന്ന കഥാപാത്രം താരത്തിന് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയായിരുന്നു നേടിനല്‍കിയത്. ഈ വര്‍ഷം പുറത്തിറങ്ങിയ കറക്കം, ദൃഢം എന്നീ ചിത്രങ്ങളിലും താരം പ്രധാനവേഷത്തിലെത്തിയിരുന്നു.

അഭിരാം രാധാകൃഷ്ണന്‍. Photo: X.com

അടുത്തിടെ ദി ചിയേഴ്‌സ് ഫിറ്റിന് നല്‍കിയ അഭിമുഖത്തില്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനെ കുറിച്ച് അഭിരാം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്. കമ്പിനി എന്ന ഹോളിവുഡ് ചിത്രത്തിലും ആറാം തമ്പുരാനിലും മോഹന്‍ലാല്‍ കാഴ്ചവെച്ച പ്രകടനത്തെ ഉദാഹരണമാക്കിയാണ് അഭിരാം സംസാരിച്ചത്.

‘രാംഗോപാല്‍ വര്‍മയുടെ കമ്പിനി എന്ന ചിത്രമുണ്ട്. അതിനകത്ത് കമ്മീഷ്ണറുടെ ഓഫീസിനകത്ത് വെച്ച് ലാലേട്ടന്‍ അജയ് ദേവ്ഗണ്ണിനെ മീറ്റ് ചെയ്യുന്ന സ്വീകന്‍സുണ്ട്. ആ സീനില്‍ ഒരു പേപ്പര്‍ വെയിറ്റ് വെച്ച് ലാലേട്ടന്റെ ഒരു പരിപാടിയുണ്ട്. അദ്ദേഹം ഡയലോഗ് പറയുന്നതിനിടയില്‍ അത് കൈ കൊണ്ട് കറക്കും. രാംഗോപാല്‍ വര്‍മ ആ ഷോട്ട് കൂടെ വെച്ച് ആ സീന്‍ എന്‍ഹാന്‍സ് ചെയ്തപ്പോള്‍ അതൊരു വൊക്കാബുലറിയായി മാറി.

ആറാംതമ്പുരാന്‍. Photo: X.com

ആറാംതമ്പുരാനില്‍ ആ ബലിക്കല്ലില്‍ കൈ വെക്കാന്‍ പോകുമ്പോള്‍ ലാലേട്ടന്റെ കൈ ചെറുതായി വിറക്കുന്നുണ്ട്. കൈ അതിന് മേലെ വെക്കണം എന്ന് മാത്രമേ സംവിധായകന്‍ പറഞ്ഞിട്ടുണ്ടാുകയുള്ളൂ. ബാക്കി ഇദ്ദേഹം ചെയ്യുന്നതാണ്. സിനിമയിലെ ആക്ടിങ്ങില്‍ ഓരോ പ്രോപ്പര്‍ട്ടിയും ഉപയോഗിക്കുന്നത് ഇവരെ കണ്ട് പഠിക്കേണ്ടതാണ്,’ അഭിരാം രാധാകൃഷ്ണന്‍ പറഞ്ഞു.

Content Highlight: Abhiram Radhakrishnan talks about Mohanlal’s acting

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more