2015ല്‍ പുറത്തിറങ്ങിയ ചന്ദ്രേട്ടന്‍ എവിടെയാ എന്ന മലയാള ചിത്രത്തിൽ അസിസ്റ്റന്റ് സംവിധായകനായിട്ടാണ് അഭിരാം രാധാകൃഷ്ണന്‍ സിനിമയിലേക്കെത്തുന്നത്. ഈ സിനിമയിൽ തന്നെ ചെറിയൊരു വേഷവും നടൻ ചെയ്തിരുന്നു. ഇരുൾ, അഞ്ചാം പാതിരാ, മഞ്ഞുമ്മൽ ബോയ്സ് , കൂമൻ, പാച്ചുവും അത്ഭുതവിളക്കും എന്നീ സിനിമകളിലും അസിസ്റ്റന്റ് ഡയറക്ടറായും അസോസിയേറ്റ് ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ കഥാപാത്രമാണ് ആദ്യമായ് ശ്രദ്ധിക്കപ്പെട്ടത്.
കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യത്തിലേയും ഭരതനാട്യം 2 മോഹിനിയാട്ടത്തിലേയും കഥാപാത്രങ്ങൾ താരത്തിന് വലിയ രീതിയില്‍ പ്രശംസ നേടിക്കൊടുത്ത ചിത്രങ്ങളായിരുന്നു. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ഉണ്ടയിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രമാണ് റമീസ് മുഹമ്മദ് സംവിധാനം ചെയ്ത ഒറിജിനൽ.
ഇപ്പോഴിതാ ചിത്രവുമായ് ബന്ധപ്പെട്ട് ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് നടൻ. സൗഹൃദങ്ങളാണ് തന്നെ സിനിമയിലേക്കെത്തിച്ചത് എന്നാണ് താരം പറയുന്നത്.
‘ആ സൗഹൃദങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇത് ഉണ്ടാവില്ലായിരുന്നു, അപ്പോൾ എല്ലാത്തിനും ഓരോ നിമിത്തങ്ങൾ ഉണ്ട്. അങ്ങനെ തിരിഞ്ഞു നോക്കുമ്പോൾ ആ സൗഹൃദങ്ങളാണ് എന്നെ ഇവിടെ എത്തിച്ചത് എന്നാണ് എനിക്ക് മനസിലാകുന്നത്. സൗഹൃദങ്ങൾ ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ ഇവിടെ എത്തുമായിരുന്നില്ല,’ നടൻ പറഞ്ഞു.
മഞ്ഞുമ്മൽ ബോയ്സ്.Photo.IMDb
ഒരു കലാകാരൻ എന്ന നിലയിൽ താനിത് വരെയും ആരെകൊണ്ടും ഒന്നും മോശമായ് പറയിപ്പിക്കാത്തതിനാൽ കൂട്ടുകാർക്കും വീട്ടുകാർക്കും തന്നെക്കുറിച്ച് ഭയങ്കര അഭിമാനമാണെന്നും താരം കൂട്ടിച്ചേർത്തു.
ഒറിജിനൽ സിനിമയിൽ ആനന്ദ് എന്ന കഥാപാത്രമാണ് താരം ചെയുന്നത്. കഥ കേട്ടപ്പോഴും ഷൂട്ടിങ് നടന്നപ്പോഴൊന്നും ഇതെങ്ങനെ വരുമെന്ന് തനിക്ക് മനസിലായില്ലെന്നും ആദ്യമായാണ് ഡബിൾ റോളിൽ അഭിനയിക്കുന്നതെന്നും താരം വ്യക്തമാക്കി. ഭാവിയിൽ സ്വന്തമായ് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും പ്ലാനിങ് നടക്കുന്നുണ്ടെന്നും നടൻ പറഞ്ഞു.
‘ഏത് സിനിമയിൽ അഭിനയിക്കാൻ പോകുമ്പോഴും എനിക്ക് അതിന്റെ സംവിധാന പ്രോസസിനോടാണ് കൂടുതൽ താത്പര്യം. അതാണ് ഞാൻ പഠിക്കാൻ ശ്രമിക്കുന്നത്. എല്ലാ സിനിമകളിലും ഞാൻ പോകുമ്പോൾ ഓരോ തരത്തിലുള്ള ഡയറക്ടേഴ്സിനേയും അവരുടെ അപ്പ്രോച്ചും കാണുകയാണല്ലോ.
ചിദംബരത്തിന്റെ കൂടെയും സക്കറിയയുടെ കൂടെയും മാത്രമാണ് രണ്ട് സിനിമയിൽ റിപ്പീറ്റ് ചെയ്ത് വർക്ക് ചെയ്തിട്ടുള്ളൂ. അപ്പോൾ പുതിയ അപ്പ്രോച്ചുകൾ നമുക്ക് കാണാൻ പറ്റും. അതൊക്കെ നമ്മൾ ഇതിനകത്ത് അപ്ലൈ ചെയ്തിട്ട് നമ്മുടെ ഒരു സിനിമ ഉണ്ടാക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്,’ അഭിരാം പറഞ്ഞു.
Content Highlight: Abhiram Radhakrishnan stated that friendships brought him into the cinema industry that his friends and family feel proud of him.