മലയാളികൾക്ക് സുപരിചിതനാണ് നടനും സംവിധായകനുമായ അഭിരാം രാധാകൃഷ്ണൻ. 2015ൽ പുറത്തിറങ്ങിയ ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലൂടെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്കെത്തിയ അഭിരാം, അതേ ചിത്രത്തിലെ ചെറിയൊരു വേഷത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നത്.
അഭിരാം രാധാകൃഷ്ണൻ, Photo: IMDb
തുടർന്ന് പറവയിലെ മനാഫ്, സുഡാനി ഫ്രം നൈജീരിയയിലെ കുഞ്ഞിപ്പ എന്നീ കഥാപാത്രങ്ങൾ അദ്ദേഹത്തിന് ശ്രദ്ധ നേടി കൊടുത്തു. പിന്നീട് ഉണ്ട, പാച്ചുവും അത്ഭുത വിളക്കും തുടങ്ങിയ ചിത്രങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധേയനായി.
ഇപ്പോഴിതാ മലയാളി അല്ലാതെ ജനിച്ചാൽ മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് അഭിരാം രാധാകൃഷ്ണൻ. വ്യത്യസ്ത ഭാഷകളോടുള്ള തന്റെ ആകർഷണമാണ് ഇത്തരം ഒരു ചിന്തയ്ക്ക് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി.
മലയാളത്തെ താൻ ഒരിക്കലും താഴ്ത്തി കാണുന്നില്ലെന്നും, എന്നാൽ മറ്റൊരു ഭാഷ സംസാരിക്കുന്ന ഒരാളായി ജനിച്ചിരുന്നെങ്കിൽ എങ്ങനെയായിരുന്നേനെയെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ടെന്നും അഭിരാം പറഞ്ഞു.
‘ജീവിതത്തിൽ തിരുത്തണം എന്ന് എനിക്ക് തോന്നിയ ഒരു കാര്യം മലയാളിയല്ലാതെ വേറെ ഭാഷ പറയുന്ന ഒരാളായി ജനിച്ചിരുന്നെങ്കിൽ എന്നതാണ്. വേറെ ഭാഷകളോട് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്.
മോഹിനിയാട്ടം, Photo: YouTube/ Screengrab
നമ്മൾ മലയാളികളാണ് മലയാളത്തെ അങ്ങനെ പറയുകയല്ല, പക്ഷെ ഞാൻ വേറെ ഒരു ഭാഷക്കാരൻ ആയിരുന്നെങ്കിലോ എന്ന് ആഗ്രഹിക്കാറുണ്ട്.,’ അഭിരാം രാധാകൃഷ്ണൻ പറഞ്ഞു.
കൂടാതെ ജീവിതശൈലിയെക്കുറിച്ചും അഭിരാം തുറന്ന് പറഞ്ഞു. മൊബൈൽ ഫോൺ ഉപയോഗം കൂടിയതോടെ പുസ്തകവായന വളരെ കുറഞ്ഞുവെന്നും, ഇപ്പോൾ രണ്ട് വരി വായിക്കുമ്പോഴേക്കും തന്നെ ശ്രദ്ധ തിരിയുന്നതായും അദ്ദേഹം വ്യക്തമാക്കി. താൻ ഇപ്പോൾ വിഷ്വലി കൂടുതലായി എൻഗേജ് ആയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അതേസമയം, അഭിരാം അഭിനയിക്കുന്ന പുതിയ ചിത്രം മോഹിനിയാട്ടം ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തും. ഡാർക്ക് ഹ്യൂമറിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ, ഭരതൻനായരുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബം നേരിടുന്ന പ്രശ്നങ്ങളും അതിൽ നിന്ന് രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങളുമാണ് പ്രമേയം.
കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ചിത്രം തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടൈൻമെന്റ്സിന്റെയും ബാനറിൽ ലിനി മറിയം ഡേവിഡും അനുപമ ബി. നമ്പ്യാറും ചേർന്നാണ് നിർമിക്കുന്നത്.
Content Highlight: Abhiram Radhakrishnan says he would have been better off if he had been born other than a Malayali