| Friday, 12th June 2026, 1:43 pm

നസ്‌ലെന്റെ വില്ലന്‍ സംഗീതാണെങ്കില്‍ അഭിനവിന്റെ വില്ലന്‍ ഫഹദാ, സംവിധായകന്റെ അഭിമുഖത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നാണ് മോളിവുഡ് ടൈംസ്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ഗംഭീര സിനിമക്ക് ശേഷം അഭിനവ് സുന്ദര്‍ നായക് അണിയിച്ചൊരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചെറുപ്പം മുതല്‍ സിനിമാമോഹവുമായി നടക്കുന്ന വിനീത് മാധവന്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് മോളിവുഡ് ടൈംസിന്റേത്.

കഴിവും കഠിനാധ്വാനവും ഉണ്ടായിരുന്നിട്ടും ആളുകളെ സുഖിപ്പിച്ച് നിര്‍ത്താതെ തന്റെ വ്യക്തിത്വം മാറ്റാതെ നില്‍ക്കുന്ന വിനീതിന് ഇന്‍ഡസ്ട്രിയില്‍ നേരിടേണ്ടി വരുന്ന തിരിച്ചടികള്‍ മോളിവുഡ് ടൈംസില്‍ പച്ചക്ക് വരച്ചിടുന്നുണ്ട്. താന്‍ കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് ഈ സിനിമയിലുള്ളതെന്ന് അഭിനവ് സുന്ദര്‍ നായക് റിലീസിന് മുമ്പുള്ള അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ആദ്യചിത്രമായ മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കാന്‍ ഒരുപാട് സമയമെടുത്തതിന് അഭിനവ് പറഞ്ഞ കാരണമാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. സ്‌ക്രിപ്റ്റ് ആദ്യം പൂര്‍ത്തിയാക്കിയപ്പോള്‍ നായകന്റെ കഥാപാത്രവുമായി സാമ്യമുള്ള ഒന്ന് മറ്റൊരു സിനിമയില്‍ വന്നെന്ന് അഭിനവ് പറയുന്നു. കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയുമായി തന്റെ നായകന് സാമ്യമുള്ളതിനാല്‍ അത് മാറ്റിയെഴുതേണ്ടി വന്നെന്നും സംവിധായകന്‍ പറഞ്ഞു.

2020ല്‍ സ്‌ക്രിപ്റ്റ് തിരുത്തിയെഴുതിയപ്പോള്‍ ട്രാന്‍സ് എന്ന ചിത്രം പുറത്തിറങ്ങിയെന്നും വീണ്ടും തിരുത്തേണ്ടി വന്നെന്നും അഭിനവ് കൂട്ടിച്ചേര്‍ത്തു. ഒരിക്കല്‍ കൂടി തിരുത്തിയപ്പോള്‍ 2021ല്‍ ജോജി എന്ന ചിത്രം പുറത്തുവന്നെന്നും സംവിധായകന്‍ പറയുന്നു. മൂന്ന് തവണയും അഭിനവിന് വെല്ലുവിളിയായത് ഫഹദ് ഫാസിലാണെന്നത് പലരുടെയും ശ്രദ്ധ ആകര്‍ഷിച്ചു.

മോളിവുഡ് ടൈംസിലേക്ക് നോക്കിയാല്‍ ഇത്തരമൊരു സാമ്യത കാണാനാകും. നായകനായ വിനീത് മാധവന്‍ ആദ്യ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയെങ്കിലും അതിനെക്കാള്‍ മുമ്പ് സംഗീത് അവതരിപ്പിച്ച അര്‍ജുന്‍ ഹരിദാസ് അയാളുടെ സിനിമ ഷൂട്ട് ചെയ്തിരുന്നു. എന്തെങ്കിലും തിരുത്ത് വരുത്താനായി വിനീതിനോട് ആ സിനിമ കാണാന്‍ അര്‍ജുന്‍ ആവശ്യപ്പെടുന്ന രംഗം ചിത്രത്തിലുണ്ട്.

തന്റെ അതേ മേക്കിങ് സ്റ്റൈല്‍ കൊണ്ടാണ് അര്‍ജുന്‍ അവന്റെ ആദ്യസിനിമ പൂര്‍ത്തിയാക്കിയതെന്ന് തിരിച്ചറിയുകയാണ്. തന്റെ ശൈലി മോഷ്ടിച്ചെന്ന പരാതി ആരും വിശ്വസിക്കില്ലെന്ന് തിരിച്ചറിഞ്ഞ വിനീത് മറ്റൊരു സിനിമക്കായി വര്‍ക്ക് ചെയ്യുകയാണ്. ഒരു സൃഷ്ടിയെ കോപ്പിയടിക്കുമ്പോള്‍ പോപ്പുലറായിട്ടുള്ളതിനെ മാത്രമേ ആളുകള്‍ അംഗീകരിക്കുകയുള്ളൂവെന്നും മോളിവുഡ് ടൈംസ് പറഞ്ഞുവെക്കുന്നുണ്ട്.

‘എ ഹേറ്റ് ലെറ്റര്‍ ടു സിനിമ’ എന്ന ടാഗ്‌ലൈനിനോട് നീതി പുലര്‍ത്തിക്കൊണ്ടാണ് അഭിനവ് സുന്ദര്‍ നായക് മോളിവുഡ് ടൈംസ് അണിയിച്ചൊരുക്കിയത്. സിനിമയിലെ ഉള്‍ക്കളികളെയും പിന്നില്‍ നിന്ന് കുത്തുന്നതിനെയെല്ലാം ചിത്രം പച്ചക്ക് വിമര്‍ശിക്കുന്നുണ്ട്. എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താനാകില്ലെങ്കിലും മോളിവുഡ് ടൈംസിന് ഇന്‍ഡസ്ട്രിയില്‍ പ്രത്യേക സ്ഥാനം തന്നെയുണ്ടാകും.

Content Highlight: Abhinav Sunder Nayaka’s new interview viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more