| Thursday, 18th June 2026, 5:57 pm

മോളിവുഡ് ടൈംസിലെ കഥാപാത്രങ്ങളെല്ലാം റിയൽ ആണ്, പക്ഷെ പുറത്തു പറയാൻ കഴിയില്ല: അഭിനവ് സുന്ദർ നായക്

കെ.എസ് ഷാബിന

നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘മോളിവുഡ് ടൈംസ്’. പ്രഖ്യാപനം മുതൽക്കേ ചിത്രത്തെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയ‌യിൽ സജീവമായിരുന്നു. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് ചെയ്യുന്ന ചിത്രം എന്ന രീതിയിലും മോളിവുഡ് ടൈംസ് ശ്രദ്ധ നേടി. ഇപ്പോൾ സമ്മിശ്രപ്രതികരണങ്ങൾ നേടി ചിത്രത്തിന്റെ പ്രദർശനം തുടരുകയാണ്.

‘എ ഹേറ്റ് ലെറ്റർ ടു സിനിമ’ എന്ന് പറഞ്ഞു കൊണ്ടാണ് സംവിധായകൻ മോളിവുഡ് ടൈംസിനെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. മോളിവുഡ് ടൈംസ് ഒരു പേഴ്സണൽ ഫിലിമാണെന്നും ജീവിതത്തിലെ ചില അനുഭവങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സംവിധായകൻ പറഞ്ഞിരുന്നു. സിനിമ സ്വപ്നം കണ്ടു വളരുന്ന ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ ‘വിനീത് മാധവൻ’ എന്ന നായക കഥാപാത്രത്തെയാണ് നസ്‌ലെൻ അവതരിപ്പിക്കുന്നത്.

മോളിവുഡ് ടൈംസ്.Photo:X.com

ചിത്രം റിലീസായത് മുതൽ ഇത് സംവിധായകൻ അഭിനവിന്റെ തന്നെ ജീവിതം സിനിമയാക്കിയതാണെന്ന തരത്തിലുള്ള ചർച്ചകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ ഇതൊരു ബിയോപിക് അല്ലെന്നും സിനിമയുടെ എഴുത്തുകാരായ അഭിനവിന്റെയും രാമു സുനിലിന്റേയും സിനിമ ജീവിതത്തിൽ സംഭവിച്ച പല സംഭവങ്ങളെ ആസ്പദമാക്കിയുള്ള അവതരണങ്ങൾ മാത്രമാണെന്നാണ് അഭിനവ് മറുപടി നൽകിയിരുന്നത്.

എന്നാൽ ഇപ്പോൾ മോളിവുഡ് ടൈംസ് എന്ന സിനിമയിലുള്ള എല്ലാ കഥാപാത്രങ്ങളും റിയൽ ആണെന്നും പക്ഷെ അത് യഥാർത്ഥ ജീവിതത്തിൽ ആരാണെന്ന് പറയാൻ സാധിക്കില്ലെന്നും തുറന്നു പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ അഭിനവ്. ക്യൂ സ്റ്റുഡിയോ ക്ക്‌ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോളിവുഡ് ടൈംസ്.Photo:IMDB

‘മോളിവുഡ് ടൈംസിൽ ഉള്ള എല്ലാ കഥാപാത്രങ്ങളും റിയൽ ആയിട്ടുള്ള ആളുകൾ ആണ്. പക്ഷെ അത് പുറത്ത് പറയാൻ പറ്റില്ല. അത് രാമുവിന്റെ ലൈഫിൽ കണ്ടിട്ടുള്ളതും എന്റെ ലൈഫിൽ കണ്ടിട്ടുള്ളതും ആണ്. ഞങ്ങളുടെ
രണ്ടുപേരുടെയും സിനിമ ജീവിതത്തിൽ കണ്ടുമുട്ടിയ ആളുകൾ തന്നെയാണ് കഥാപാത്രങ്ങളായി മോളിവുഡ് ടൈംസിൽ അവതരിപ്പിച്ചിരിക്കുന്നത്’, അഭിനവ് പറഞ്ഞു

ചിത്രത്തിൽ സംഭവിക്കുന്നത് പോലെയുള്ള എല്ലാ വെല്ലുവിളികളും സ്വന്തം ജീവിതത്തിൽ സംഭവിച്ചിട്ടിട്ടുണ്ടെന്നും ആദ്യം ചെയ്യാൻ ശ്രമിച്ച രണ്ടു സിനിമകൾ ചെയ്യാൻ കഴിയാതെ പോയിട്ടുണ്ടെന്നും അഭിനവ് കൂട്ടിച്ചേർത്തു.

Content Highlight: Abhinav Sunder Nayak confirms all Mollywood Times characters are real people

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more