| Wednesday, 17th June 2026, 8:50 pm

ഏത് നടനെക്കുറിച്ച് പോസ്റ്റ് ഇട്ടാലും അവരെ വെച്ച് മുകുന്ദനുണ്ണി പോലൊരു സിനിമ ചെയ്യുമോ എന്ന് കമന്റ് വരും, ഇതെന്താ അവഞ്ചേഴ്‌സോ? അഭിനവ് സുന്ദര്‍ നായക്

അമര്‍നാഥ് എം.

വിനീത് ശ്രീനിവാസന്റെ ഫിലിം സ്‌കൂളില്‍ നിന്ന് മോളിവുഡിന് ലഭിച്ച സംവിധായകനാണ് അഭിനവ് സുന്ദര്‍ നായക്. എഡിറ്ററായി കരിയറാരംഭിച്ച അഭിനവ് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി.

രണ്ടാം ചിത്രമായ മോളിവുഡ് ടൈംസിനും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. സിനിമാലോകത്ത് കാലങ്ങളായി നിലനില്‍ക്കുന്ന ക്ലീഷേകളെയും അലിഖിത നിയമങ്ങളെയും കണക്കിന് പരിഹസിക്കുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. നല്ലവനായ നായകന്‍ എന്ന സ്ഥിരം ശൈലിയെ ഉപേക്ഷിച്ചുകൊണ്ട് ഗ്രേ ഷെയ്ഡുള്ള, നന്മയില്ലാത്ത നായകനെയാണ് അഭിനവ് തന്റെ സിനിമകളില്‍ വരച്ചിടുന്നത്.

മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന് ശേഷം തനിക്ക് ലഭിച്ച കമന്റുകളെക്കുറിച്ച് സംസാരിക്കുകയാണ് അഭിനവ് സുന്ദര്‍ നായക്. നെഗറ്റീവ് ഷെയ്ഡുള്ള നായകന്റെ കഥ പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരുന്നെന്ന് അഭിനവ് പറഞ്ഞു. എന്നാല്‍ പിന്നീട് ഓരോ താരങ്ങളെയും വെച്ച് ഇത്തരത്തില്‍ നെഗറ്റീവ് ഷെയ്ഡ് നായകന്മാരുടെ കഥ പറയണമെന്ന ആവശ്യമുയര്‍ന്നെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുകുന്ദനുണ്ണി ചെയ്തുകഴിഞ്ഞ ശേഷം എന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ എല്ലാം കോമണായിട്ടുള്ള കമന്റുകളായിരുന്നു വന്നത്. മമ്മൂക്ക ഭ്രമയുഗം ചെയ്തപ്പോള്‍ അത് എനിക്ക് നല്ലൊരു സിനിമയായി തോന്നി. ഈ സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടപ്പോള്‍ ചിലര്‍ ‘മമ്മൂക്കയെ നെഗറ്റീവ് ഷെയ്ഡില്‍ പ്രസന്റ് ചെയ്യുന്ന സിനിമ ഒരുക്കുമോ’ എന്ന് കമന്റ് ബോക്‌സില്‍ ചോദിച്ചു.

അതുപോലെ പൃഥ്വിക്ക് ആടുജീവിതത്തിന് അവാര്‍ഡ് ലഭിച്ചപ്പോള്‍ അതിനെയും പ്രശംസിച്ച് പോസ്റ്റിട്ടു. ആ പോസ്റ്റിന്റെ താഴെയും ‘പൃഥ്വിയെ നെഗറ്റീവ് ഷെയ്ഡില്‍ കൊണ്ടുവന്ന് ഒരു സിനിമ ചെയ്യുമോ’ എന്ന് ചോദിച്ചിരുന്നു. എല്ലാവര്‍ക്കും മുകുന്ദനുണ്ണി പോലൊരു സിനിമയാണ് വേണ്ടത്. ഇതെന്താ അവഞ്ചേഴ്‌സോ മറ്റോ ആണോ, എല്ലാവരെയും മുകുന്ദനുണ്ണിയാക്കാന്‍ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്,’ അഭിനവ് സുന്ദര്‍ നായക് പറയുന്നു.

സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന മോളിവുഡ് ടൈംസിന് മികച്ച പ്രതികരണം ലഭിച്ചെങ്കിലും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ ചിത്രത്തിന് സാധിച്ചില്ല. നസ്‌ലെന് പുറമെ ഷറഫുദ്ദീന്‍, സംഗീത് പ്രതാപ്, വിനീത് ശ്രീനിവാസന്‍, റോഷന്‍ ഷാനവാസ്, ബേസില്‍ ജോസഫ് തുടങ്ങി വന്‍ താരനിര മോളിവുഡ് ടൈംസില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Abhinav Sunder Nayak about the comments he got after Mukundanunni Associates

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more