| Monday, 29th June 2026, 7:14 pm

ഗോദയിലെ ടൈറ്റിൽ സീക്വൻസ് ലൈവ് ആയി ചെയ്തതാണ്, വി.എഫ്.എക്‌സിൽ ചെയ്യേണ്ട ഭാഗങ്ങൾ പോലും ബേസിൽ ലൈവ് ആയി ചെയ്യും: അഭിനവ് സുന്ദർ നായക്

കെ.എസ് ഷാബിന

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു ‘ഗോദ’. ഗുസ്തിയെ സ്നേഹിക്കുന്ന ഒരു നാടിന്റെ കഥ പറഞ്ഞ ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ ഹിറ്റായി മാറിയിരുന്നു. ‘കുഞ്ഞിരാമായണം’ എന്ന ചിത്രത്തിന് ശേഷം ബേസിൽ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായിരുന്നു ഇത്. പിന്നീട് ‘മിന്നൽ മുരളി’ എന്ന സിനിമയിലൂടെ ബേസിൽ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധ നേടുകയും ചെയ്തു.

‘ഗോദയിലെ ടൈറ്റിൽ ഗാനം അക്കാലത്ത് വലിയ രീതിയിൽ വൈറലായിരുന്നു. ‘അതിപ്രഗത്ഭന്മാരായ ഒരുപിടി ഫയൽമാന്മാരുടെ വിജയകുതിപ്പുകൾക്ക് സാക്ഷിയായ മനയത്ത് വയലിലെ ഈ മണ്ണ്… ഈ ഗോദ, നഷ്ടപ്രതാപങ്ങളുടെ ഓർമയിൽ ഇവിടെ ശേഷിക്കുന്നു’ എന്ന വിനീത് ശ്രീനിവാസന്റെ ബാക്ഗ്രൗണ്ട് വോയ്‌സോടുകൂടിയാണ് ടൈറ്റിൽ സോങ് ആരംഭിക്കുന്നത്. ഒരു ഉത്സവപ്പറമ്പിൽ ആളുകളെല്ലാം നിശ്ചലമായി നിൽക്കുകയും ക്യാമറ മാത്രം ചലിക്കുകയും ചെയ്യുന്ന രീതിയിലാണ് ആ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഗോദ.Photo:IMDB

സംവിധായകൻ ബേസിൽ ജോസഫിന്റെ ക്രാഫ്റ്റിനെ കുറിച്ചും അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ കുറിച്ചും സംസാരിക്കുകയാണ് ഇപ്പോൾ സംവിധായകൻ അഭിനവ് സുന്ദർ നായക്. സാധാരണയായി വി.എഫ്.എക്സ് ഉപയോഗിച്ച് ചെയ്യേണ്ട പല രംഗങ്ങളും ബേസിൽ യഥാർത്ഥമായി തന്നെ ഷൂട്ട് ചെയ്തിട്ടുണ്ടെന്നാണ് അഭിനവ് പറയുന്നത്. ‘ദി ഷോ സ്കേപ്പ് ചാനലിന്’ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബേസിൽ ജോസഫ് എന്ന സംവിധായകൻ വളരെ ഹാർഡ്‌വർക്കിങ് ആണ്. കയ്യിലുള്ള റിസോഴ്സ് പരിമിതമാണെങ്കിൽ പോലും, കഠിനമായി പണിയെടുത്താണ് അദ്ദേഹം ഓരോ സീനും ചെയ്തെടുക്കുന്നത്. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം ഭയങ്കരമാണ്.
‘ഗോദ’ എന്ന സിനിമയിൽ പൂർണമായും വി.എഫ്.എക്സിൽ ചെയ്യേണ്ടിയിരുന്ന ചില ഭാഗങ്ങൾ പോലും, റിയൽ ആയി ചെയ്യാനുള്ള ആഗ്രഹം കാരണം അദ്ദേഹം ലൈവ് ആയിട്ടാണ് ചിത്രീകരിച്ചത്.

ഗോദ.Photo:IMDB

ഗോദയിലെ ടൈറ്റിൽ സീക്വൻസ് ലൈവ് ആയി ചെയ്തതാണ്. ആളുകൾ നിശ്ചലമായി നിൽക്കുകയും ക്യാമറ മുന്നോട്ട് ചലിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു ആ രംഗം. നമ്മൾ കാണുമ്പോൾ അത് മോഷൻ ഗ്രാഫിക്സ് ആണെന്നേ വിചാരിക്കൂ. സാധാരണയായി മറ്റാരെങ്കിലും ആണെങ്കിൽ അത്തരം രംഗങ്ങൾ മോഷൻ ഗ്രാഫിക്സിലൂടെയാകും ചെയ്യുക.

അതിനുള്ള ബജറ്റ് ഇല്ലാത്തതുകൊണ്ടാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ എന്നറിയില്ല, പക്ഷേ ബേസിൽ അത് ലൈവ് ആയിട്ട് തന്നെ ചെയ്യാൻ തീരുമാനിച്ചു. അഭിനയിക്കുന്ന എല്ലാവരെയും ഒട്ടും ചലിക്കാതെ നിശ്ചലമായി നിർത്തിയാണ് അദ്ദേഹം ആ രംഗം ഷൂട്ട് ചെയ്തത്. ആഗ്രഹിക്കുന്ന കാര്യം ചെയ്യാനായി എത്ര വേണമെങ്കിലും പണിയെടുക്കാൻ തയ്യാറുള്ള ആളാണ് ബേസിൽ’, അഭിനവ് പറയുന്നു.

Content Highlight: Abhinav Sundar Nayak talks about Director basil josephs dedication

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more