| Thursday, 30th April 2026, 6:53 pm

മുകുന്ദനുണ്ണിയും വിനീത് മാധവനും തമ്മില്‍ എന്താണ് ബന്ധം? അഭിനവ് സുന്ദറിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ചര്‍ച്ച ചെയ്ത് സിനിമാപേജുകള്‍

അമര്‍നാഥ് എം.

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മോളിവുഡ് ടൈംസ്. യുവസംവിധായകരില്‍ ശ്രദ്ധ നേടിയ അഭിനവ് സുന്ദര്‍ നായക്കാണ് ചിത്രം അണിയിച്ചൊരുക്കിയത്. മോളിവുഡില്‍ നിലവിലെ സെന്‍സേഷനായ നസ്‌ലെനാണ് ചിത്രത്തിലെ നായകന്‍. ഇതുവരെ പുറത്തിറങ്ങിയ അപ്‌ഡേറ്റുകളെല്ലാം പ്രതീക്ഷ ഉയര്‍ത്തുന്നതായിരുന്നു.

സമ്മര്‍ റിലീസായി മെയ് മാസത്തില്‍ തിയേറ്ററുകളിലെത്തുമെന്നറിയിച്ച ചിത്രം ജൂണിലേക്ക് റിലീസ് മാറ്റിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. റിലീസ് മാറ്റിയെങ്കിലും പ്രതീക്ഷകളുയര്‍ത്തുന്ന അപ്‌ഡേറ്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക് കഴിഞ്ഞദിവസം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് പലരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത്.

സക്‌സസ് ട്രിലോജിയിലെ രണ്ടാമത്തെ ചിത്രമാണ് മോളിവുഡ് ടൈംസെന്ന് അഭിനവ് പങ്കുവെച്ചു. ഈ ട്രിലോജിയിലെ ആദ്യചിത്രം മുകുന്ദനുണ്ണി അസോസിയേറ്റ്‌സാണെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. രണ്ടാമത്തെ ചിത്രമായ മോളിവുഡ് ടൈംസിന്റെ പുതിയ റിലീസ് ഡേറ്റ് വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നും സ്റ്റോറിയില്‍ പറയുന്നു.

ഇതോടെ മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന്റെ തുടര്‍ച്ചയാണോ മോളിവുഡ് ടൈംസ് എന്ന് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. മുകുന്ദനുണ്ണിയും വിനീത് മാധവനും ഒരേ യൂണിവേഴ്‌സിലുള്ളവരാണോ എന്നും ചിലര്‍ ചോദിക്കുന്നു. സക്‌സസ് ട്രിലോജിയിലെ ചിത്രങ്ങളെന്ന് പറയുമ്പോള്‍ ഒരു സിനിമക്ക് മറ്റൊരു സിനിമയുമായി ബന്ധമുണ്ടാകണമെന്ന് നിര്‍ബന്ധമില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

മണിര്തനത്തിന്റെ ടെററിസം ട്രിലോജി (റോജ, ബോംബൈ, ദില്‍സേ) ബാഹുല്‍ രമേശിന്റെ അനിമല്‍ ട്രിലോജി (കിഷ്‌കിന്ധാകാണ്ഡം, എക്കോ, കേരള ക്രൈം ഫയല്‍സ് സീസണ്‍ 2) രഞ്ജിത്തിന്റെ അഡിക്ഷന്‍ ട്രിലോജി ( ഇന്ത്യന്‍ റുപ്പി, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, സ്പിരിറ്റ്) എന്നിവയെ ട്രിലോജിയായി പരിഗണിക്കാറുണ്ടെന്നും പോസ്റ്റുകളുണ്ട്.

നസ്‌ലെന്റെ വ്യത്യസ്തമായ ലുക്ക് കൊണ്ട് ആദ്യമേ ശ്രദ്ധ നേടിയ ചിത്രമാണ് മോളിവുഡ് ടൈംസ്. ‘എ ഹേറ്റ് ലെറ്റര്‍ ടു സിനിമ’ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. പ്രേമലുവിന് ശേഷം നസ്‌ലെനൊപ്പം സംഗീത് പ്രതാപും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മോളിവുഡ് ടൈംസിനുണ്ട്. ആഷിക് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മാണം.

Content Highlight: Abhinav Sundar Nayak’s Instagram story in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more