| Tuesday, 16th June 2026, 10:32 am

'മോളിവുഡ് ടൈംസ്' എന്നായിരുന്നില്ല 'ഭാഗ്യവാന്‍' എന്നായിരുന്നു തീരുമാനിച്ചത്; പേരുമാറ്റത്തെ കുറിച്ച് അഭിനവ് സുന്ദര്‍ നായക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘മോളിവുഡ് ടൈംസ്’. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ് ചിത്രം. അഭിനവിന്റെ തന്നെ കഥയായാണ് മോളിവുഡ് ടൈംസ് തുടക്കം മുതല്‍ വിലയിരുത്തപ്പെട്ടത്.

ഇപ്പോഴിതാ സിനിമയുടെ പ്രമേയത്തെക്കുറിച്ചും സിനിമയ്ക്ക് ആദ്യം ഇടാന്‍ കണ്ടുവെച്ചിരുന്ന പേരിനെ കുറിച്ചുമൊക്കെ തുറന്നുപറയുകയാണ് സംവിധായകന്‍.

ജീവിതത്തിലെ ‘ഭാഗ്യം’ അഥവാ ‘ലക്ക്’ എന്ന ഘടകത്തെ ചുറ്റിപ്പറ്റിയാണ് ഈ സിനിമയെന്നും ചിത്രത്തിന്റെ ആദ്യത്തെ പേര് ‘ഭാഗ്യവാന്‍’ എന്നായിരുന്നുവെന്നും അഭിനവ് ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സിനിമയുടെ അടിസ്ഥാനപരമായ ഡ്രൈവിങ് ഫോഴ്സ് ലക്ക് ആണെന്ന് അഭിനവ് പറയുന്നു. ‘നമ്മള്‍ എന്തൊക്കെ ചെയ്താലും, എത്രയൊക്കെ കഷ്ടപ്പെട്ടാലും നമ്മുടെ കണ്‍ട്രോളില്‍ ഇല്ലാത്ത ഒരു കാര്യം വന്ന് നമ്മള്‍ എടുത്ത എഫര്‍ട്ടിനെയൊക്കെ ചിലപ്പോള്‍ ഇല്ലാതാക്കാം. അത്തരത്തിലുള്ള അനുഭവങ്ങള്‍ എനിക്ക് ജീവിതത്തില്‍ ഒരുപാടുണ്ടായിട്ടുണ്ട്. അതൊരു സിനിമയാക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു,’ അഭിനവ് പറഞ്ഞു.

ലക്കിനെ ഒരു അന്ധവിശ്വാസമായി കാണാന്‍ തനിക്ക് കഴിയില്ലെന്നും അതൊരു ‘റാന്‍ഡം ഇവന്റ്’ അല്ലെങ്കില്‍ ‘കെയോസ്’ ആണെന്നും അഭിനവ് കൂട്ടിച്ചേര്‍ത്തു. ജീവിതം തന്നെ അങ്ങനെയാണെന്നും ഒന്നിനും കൃത്യമായൊരു ഡിസൈന്‍ ഇല്ലെന്ന് തോന്നിയിട്ടുള്ളത് കൊണ്ടുതന്നെ സിനിമയില്‍ ഒരു പ്രത്യേക സ്ട്രക്ചര്‍ ഫോളോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘മോളിവുഡ് ടൈംസ്’ എന്ന ചിത്രം തനിക്ക് കുറച്ചധികം പേഴ്‌സണല്‍ ആയിപ്പോയെന്ന തോന്നല്‍ ഉണ്ടെന്ന് അഭിമുഖത്തില്‍ അഭിനവ് തുറന്നുസമ്മതിക്കുന്നുണ്ട്. ചിലര്‍ക്ക് അത് പെട്ടെന്ന് കണക്ട് ആയെന്നും അഭിനവ് പറഞ്ഞു. ചിത്രത്തിനെതിരെ വന്ന ചെറിയ വിമര്‍ശനങ്ങള്‍ പോലും അടുത്ത സിനിമയില്‍ തിരുത്തണമെന്നാണ് ആഗ്രഹമെന്നും അഭിനവ് പറഞ്ഞു.

വരും ചിത്രങ്ങളില്‍ ഇത്രയധികം പേഴ്‌സണല്‍ ആകാതെ, വികാരങ്ങള്‍ക്ക് അടിപ്പെടാതെ ചെയ്യാനാണ് തീരുമാനം. കൂടുതല്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന, പ്രേക്ഷകരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഒരു സിനിമ ചെയ്യണമെന്നാണ് കരുതുതന്നെന്നും അഭിനവ് സുന്ദര്‍ നായക് പറഞ്ഞു.

Content Highlight: Abhinav Sundar Naik about The fist name he select on Mollywood Times

We use cookies to give you the best possible experience. Learn more