കൊളംബോ: തൊലി കറുത്തതിന്റെ പേരില്‍ നേരിട്ട അധിക്ഷേപങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യന്‍ ഓപ്പണര്‍ അഭിനവ് മുകുന്ദ്. തന്റെ ട്വിറ്ററിലൂടെയാണ് മുകുന്ദിന്റെ തുറന്നു പറച്ചില്‍.
പത്താമത്തെ വയസ് മുതല്‍ ക്രിക്കറ്റ് കളിക്കുന്നുണ്ടെന്നും ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളില്‍ കളിക്കേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു. എന്നാല്‍ തന്റെ ശരീരത്തെക്കുറിച്ച് വേവലാതിപ്പെടുന്നവരെയാണ് താന്‍ കണ്ടിട്ടുള്ളതെന്ന് മുകുന്ദ് കൂട്ടിച്ചേര്‍ത്തു.
“തന്റെ നിറത്തെ അധിക്ഷേപിച്ചവരുടെ കുത്തുവാക്കുകള്‍ ഞാന്‍ കാര്യമായെടുത്തില്ല. രാജ്യത്തിനുവേണ്ടി കളിക്കുക എന്നതായിരുന്നു എന്റെ സ്വപ്‌നം.”
ആരുടെയെങ്കിലും സഹതാപത്തിനോ അനുകമ്പയ്‌ക്കോ വേണ്ടിയല്ല, ഇത്തരത്തില്‍ സമൂഹത്തില്‍ അധിക്ഷേപങ്ങള്‍ നേരിടുന്നവര്‍ക്ക് വേണ്ടിയാണ് താനിപ്പോള്‍ ഇത് പറയുന്നതെന്നും ട്വീറ്റിലുണ്ട്. അഭിനവ് മുകുന്ദിന്റെ ട്വീറ്റിന് മികച്ച പ്രതികരണമാണ് ട്വിറ്റര്‍ ലോകത്ത് ലഭിക്കുന്നത്.
എന്നാല്‍ തന്റെ ട്വീറ്റ് ടീമിലെ ആരെയും ഉദ്ദേശിച്ചല്ലെന്നും സമൂഹത്തില്‍ നല്ലൊരു മാറ്റം വരണമെന്ന് പ്രതീക്ഷിച്ചാണെന്നും താരം പിന്നീട് വ്യക്തമാക്കി.