| Sunday, 18th October 2026, 10:25 pm

അവര്‍ സിക്‌സറുകള്‍ അടിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്ന താരങ്ങളാണ്; തുറന്ന് പറഞ്ഞ് അഭിനവ് മുകുന്ദ്

ശ്രീരാഗ് പാറക്കല്‍

ടി-20 ക്രിക്കറ്റില്‍ ബാറ്റര്‍മാരുടെ വെടിക്കെട്ട് പ്രകടനങ്ങള്‍ക്ക് കാരണം അവരുടെ മാറിയ ശൈലിയും കഴിവിലെ വളര്‍ച്ചയുമാണെന്ന് മുന്‍ ഇന്ത്യന്‍ താരം മുകുന്ദ്. അഭിഷേക് ശര്‍മയെയും സഞ്ജു സാംസണെയും ഉദാഹരണങ്ങളാക്കി ചൂണ്ടിക്കാട്ടിയ മുകുന്ദ്, ടി-20 ക്രിക്കറ്റിലെ ഉയര്‍ന്ന ബാറ്റിങ് നിലവാരത്തെക്കുറിച്ചും ബൗളര്‍മാര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും തന്റെ നിലപാട് വ്യക്തമാക്കി.

‘ക്രിക്കറ്റ് കളി മുന്നോട്ടുപോയിരിക്കുന്ന രീതി ഇതുതന്നെയാണെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ഐ.പി.എല്ലിന് ശേഷം പലരും എന്നോട് പറഞ്ഞിരുന്നു, ഇംപാക്ട് പ്ലെയര്‍ നിയമം കൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നതെന്ന്.

എന്നാല്‍ ഇത് കളിക്കാരുടെ കഴിവുകളിലുണ്ടായ മാറ്റമാണ്. ഉപജീവനമാര്‍ഗം തന്നെ സിക്സറുകള്‍ അടിക്കുന്നതാക്കിയ താരങ്ങള്‍ ഇന്ന് നമുക്കുണ്ട്. അതുകൊണ്ട്, ഈ ആക്രമണാത്മക ബാറ്റിങ്ങിനെ നേരിടാന്‍ പ്രത്യേക കഴിവുള്ള ബൗളര്‍മാര്‍ വളര്‍ന്നുവരുകയും ആ ചുമതലയില്‍ മികവ് തെളിയിക്കുകയും ചെയ്യുന്നതുവരെ…

എന്റെ അഭിപ്രായത്തില്‍ ഇതാണ് ഇനി ക്രിക്കറ്റിലെ പുതിയ സാധാരണ രീതി. ബാറ്റും ബോളും തമ്മില്‍ ഇപ്പോഴും തുല്യമായ പോരാട്ടമുണ്ടെന്ന് വിശ്വസിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളായിരിക്കും ഞാന്‍.

ഇപ്പോള്‍ സ്‌കോറുകള്‍ ഉയരാന്‍ കാരണം ബാറ്റര്‍മാരുടെ ഉയര്‍ന്ന നിലവാരത്തിലുള്ള കഴിവുകളും ഒരു ഫോര്‍മാറ്റിന് മാത്രം മുന്‍ഗണന നല്‍കുന്ന താരങ്ങളുടെ എണ്ണവും വര്‍ധിച്ചതാണ്.

ഉദാഹരണത്തിന്, അഭിഷേക് ശര്‍മയെയും ഇന്ത്യക്കായി ടി-20 അന്താരാഷ്ട്ര മത്സരങ്ങളില്‍ മാത്രം കളിക്കുന്ന സഞ്ജു സാംസണെയും നോക്കൂ. ഇവര്‍ പ്രധാനമായും ഈ ഫോര്‍മാറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സിക്‌സറുകള്‍ അടിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയും ചെയ്യുന്ന താരങ്ങളാണ്,’ മുകുന്ദ് ക്രിക്ഇന്‍ഫോയിലെ ചര്‍ച്ചയില്‍ പറഞ്ഞു.

അതേസമയം വെസ്റ്റ് ഇന്‍ഡീസും ഇന്ത്യന്‍ തമ്മിലുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പര സമനിലയില്‍ കലാശിച്ചിരുന്നു. ബെംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന അവസാനത്തെ മത്സരം മഴമൂലം ഒഴിവാക്കിയതേടെ പരമ്പര 2-2 എന്ന നിലയില്‍ സമനിലയാവുകയും ചെയ്തു.

പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് സൂപ്പര്‍ താരം സഞ്ജു സാംസണ്‍ കാഴ്ചവെച്ചത്. അഞ്ച് ഇന്നിങ്സില്‍ നിന്ന് 28 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറോടെ 168 റണ്‍സാണ് താരം നേടിയത്. പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരവും സഞ്ജുവായിരുന്നു. അതേസമയം അഭിഷേക് 135 റണ്‍സാണ് പരമ്പരയില്‍ നിന്ന് നേടിയത്.

Content Highlight: Abhinav Mukund Talking About Sanju Samson And Abhishek Sharma

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more