ഐ.പി.എല്‍ 2026ല്‍ സഞ്ജു സാംസണും ആയുഷ് മാഹ്‌ത്രെയും ചേര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിനവ് മുകുന്ദ്. കഴിഞ്ഞ സീസണുകളില്‍ ഓപ്പണിങ്ങില്‍ ചെന്നൈ നേരിടുന്ന തിരിച്ചടികള്‍ ഇവരിലൂടെ മറികടക്കാന്‍ സാധിക്കുമെന്നാണ് അഭിനവ് മുകുന്ദിന്റെ വിലയിരുത്തല്‍. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് വണ്‍ ഡൗണായി കളത്തിലിറങ്ങണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മുകുന്ദ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാരെ തെരഞ്ഞെടുത്തത്.
അഭിനവ് മുകുന്ദ്
‘ഇത് ഋതുരാജ് ഗെയ്ക്വാദിന്റെ ടീം ആണ്. അദ്ദേഹത്തിന് ഇത്തരത്തില്‍ അഗ്രസ്സീവായി ബാറ്റ് വീശുന്ന താരങ്ങളെയാണ് ആവശ്യമുള്ളത്. കഴിഞ്ഞ കുറച്ച് സീസണുകളില്‍ അവരുടേതായിരുന്നു ഏറ്റവും മോശം ഓപ്പണിങ് കൂട്ടുകെട്ട്. ഏറ്റവും മോശം പവര്‍പ്ലേ സ്‌കോറുകളും സൂപ്പര്‍ കിങ്‌സിന്റേത് തന്നെയായിരുന്നു.
ടീമിന്റെ സ്റ്റാര്‍ട്ടിങ് പരിശോധിക്കുമ്പോള്‍ അവര്‍ എട്ട് പന്തുകളോളം പിന്നിലായിരുന്നു. എനിക്ക് തോന്നുന്നത് പവര്‍പ്ലേയില്‍ ഏറ്റവും ചുരുങ്ങിയത് 60 റണ്‍സെങ്കിലും കണ്ടെത്തണം എന്ന രീതിയിലേക്ക് മത്സരം മാറിയിരിക്കുന്നു.
അവര്‍ പരിഹരിക്കേണ്ടിയിരുന്ന പ്രധാന പ്രശ്‌നം ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു. ലേലത്തിന് മുമ്പ് തന്നെ അവര്‍ സഞ്ജുവിനെ ടീമിലെടുത്തിട്ടുണ്ട്. സഞ്ജുവും മാഹ്‌ത്രെയും തന്നെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണം.
കുല്‍ദീപ് യാദവിനൊപ്പം ടി-20 ലോകകപ്പുമായി സഞ്ജു സാംസണ്‍. Photo: BCCI/x.com
ആയുഷ് അഗ്രസ്സീവായി തന്നെ കളിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. മുംബൈയ്ക്കായി അവന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിട്ടുണ്ട്. സൗത്ത് ആഫ്രിക്കന്‍ പിച്ചുകളില്‍ അവന് കുറച്ച് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നു. മാഹ്‌ത്രെ നിങ്ങളുടെ സ്‌ക്വാഡിനൊപ്പമുണ്ടെങ്കില്‍ തീര്‍ച്ചയായും ഋതു (ഋതുരാജ് ഗെയ്ക്വാദ്) മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണം. നിര്‍ഭാഗ്യവശാല്‍ ഉര്‍വില്‍ പട്ടേലിന് ഇടം കണ്ടെത്താനായില്ല,’ അഭിനന്ദ് മുകുന്ദ് പറഞ്ഞു.
ആയുഷ് മാഹ്‌ത്രെ. Photo: CSK/x.com
കഴിഞ്ഞ സീസണില്‍ മോശം പ്രകടനമാണ് മുന്‍ ചാമ്പ്യന്‍മാര്‍ പുറത്തെടുത്തത്. കളിച്ച 14 മത്സരങ്ങളില്‍ വിജയിച്ചത് വെറും നാല് മത്സരത്തില്‍ മാത്രം. അതിന് മുമ്പുള്ള സീസണില്‍ പ്ലേ ഓഫ് യോഗ്യത നേടാനും ടീമിന് സാധിച്ചില്ല.
ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സ്വാപ് ഡീലിലൂടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സഞ്ജു സാംസണെ ചെപ്പോക്കിലെത്തിച്ചത്. രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ രാജസ്ഥാന്‍ റോയല്‍സിന് നല്‍കിയാണ് ടീം സഞ്ജുവിനെ സ്വന്തമാക്കിയത്.
രാജസ്ഥാനില്‍ ലെജന്‍ഡ് സ്റ്റാറ്റസ് നേടിയെടുത്ത ശേഷമാണ് സഞ്ജു ടീം വിടുന്നത്. നിലവിലെ റെഡ് ഹോട്ട് ഫോമില്‍ തുടരുന്ന സഞ്ജു ടീമിനെ ആറാം കിരീടത്തിലേക്ക് നയിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
മാര്‍ച്ച് 30നാണ് സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ അസം, ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി.
Content Highlight: Abhinav Mukund says Sanju Samson and Ayush Mhatre should open for Chennai Super Kings