ഇന്ത്യ – വെസ്റ്റ് ഇന്ഡീസ് ടി-20 പരമ്പരയിലെ സീരീസ് ഡിസൈഡര് മത്സരത്തില് കൗമാര താരം വൈഭവ് സൂര്യവംശിയെ ഇന്ത്യന് പ്ലെയിങ് ഇലവനില് ഉള്പ്പെടുത്താന് ടീം മാനേജ്മെന്റിന് വലിയ താത്പര്യമുണ്ടാകുമെന്ന് മുന് ഇന്ത്യന് ഓപ്പണര് അഭിനവ് മുകുന്ദ്.
വെസ്റ്റ് ഇന്ഡീസ് ടീമിന്റെ പവര് ഹിറ്റിങ്ങിനോട് കിടപിടിക്കാന് വൈഭവ് സൂര്യവംശിയെപ്പോലൊരു താരത്തെ ടീമില് ഉള്പ്പെടുത്താന് താന് ശക്തമായി ആഗ്രഹിക്കുന്നുവെന്നും മുകുന്ദ് വ്യക്തമാക്കി.
അഭിനവ് മുകുന്ദ്
എന്നാല് താരം ടീമിന്റെ ഭാഗമാകുമ്പോള് മറ്റുള്ളവരുടെ ബാറ്റിങ് ഓര്ഡറില് മാറ്റങ്ങള് വരുത്തേണ്ടി വന്നേക്കുമെന്നും ഇത് തിരിച്ചടിയാകാന് സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള് അവസാനിക്കുമ്പോള് ഇരുവരും രണ്ട് മത്സരങ്ങള് വീതം വിജയിച്ച് ശക്തമായ നിലയിലാണ്.
‘എന്നെ ഏറ്റവും കൂടുതല് ആകര്ഷിക്കുന്ന കാര്യം ഇതാണ്. എതിര് ടീം നമ്മളെ അടിച്ചുപറത്തുമ്പോള്, ഒരു ഇന്നിങ്സില് ഒമ്പതോ പത്തോ സിക്സറുകള് നേടാന് കഴിവുള്ള ഒരു താരം ബെഞ്ചിലിരിപ്പുണ്ട്. അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില് പുതിയ ആളാണെന്നും പരിചയസമ്പത്ത് കുറവാണെന്നും എനിക്കറിയാം. എങ്കിലും ആ കുട്ടിക്ക് ഒരവസരം നല്കാന് ഞാന് ആഗ്രഹിക്കുന്നു, കാരണം അത് ഡ്രസ്സിങ് റൂമിലെ അന്തരീക്ഷം തന്നെ മാറ്റിമറിക്കും,’ അദ്ദേഹം പറഞ്ഞു.
വൈഭവ് സൂര്യവംശി. Photo: BCCI/x.com
ജപ്പാനില് നടന്ന ഏഷ്യന് ഗെയിംസില് സഞ്ജു സാംസണ് മൂന്നാം നമ്പറിലേക്ക് ഇറങ്ങിയപ്പോള് വൈഭവ് സൂര്യവംശിയും അഭിഷേക് ശര്മയുമായിരുന്നു ഇന്ത്യക്കായി ഓപ്പണ് ചെയ്തിരുന്നത്.
അതേസമയം, ഈ നീക്കം ടീമിന് ഒരു റിസ്ക് കൂടിയാണെന്ന് അഭിനവ് മുകുന്ദ് ഓര്മ്മിപ്പിക്കുന്നു. ഇത് മറ്റ് ബാറ്റ്സ്മാന്മാരുടെ ബാറ്റിങ് സ്ഥാനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി:
‘എന്നാല് ഇതൊരു റിസ്ക് കൂടിയാണ്. കാരണം, വൈഭവിനെ ഉള്പ്പെടുത്തുമ്പോള് മറ്റ് ബാറ്റര്മാരെല്ലാം അവരവരുടെ സ്ഥിരം പൊസിഷനില് നിന്നും മാറി ബാറ്റ് ചെയ്യേണ്ടി വരുന്നു. സഞ്ജു സാംസണ് മൂന്നാമതായി ഇറങ്ങേണ്ടി വരുന്നു, ഇഷാന് കിഷന് പിന്നീട് വരുന്നു.
ആരെ ഒഴിവാക്കി ആരെ കളിപ്പിക്കണമെന്ന് അറിയാന് കഴിയാത്ത സ്ഥിതി വരും. വൈഭവിനെ ടീമില് ഉള്പ്പെടുത്തുകയാണെങ്കില് ഉത്തരം കണ്ടെത്താന് വളരെ പ്രയാസമുള്ള ചോദ്യങ്ങളാകും ഇത്,’ മുകുന്ദ് ചൂണ്ടിക്കാട്ടി.
വൈഭവ് സൂര്യവംശി
ഹൈദരാബാദില് വെസ്റ്റ് ഇന്ഡീസിനെതിരെ നേരിട്ട തിരിച്ചടിക്ക് ശേഷം, ബെംഗളൂരുവില് നടക്കുന്ന നിര്ണായക മത്സരത്തില് ഇന്ത്യക്കാണ് മുന്തൂക്കമെന്നും മുകുന്ദ് വിലയിരുത്തി. ഹൈദരാബാദിലെ പിച്ചില് മാറ്റങ്ങള് വരുത്തിയത് ഇന്ത്യക്ക് ഹോം അഡ്വാന്റ്റേജ് നഷ്ടപ്പെടുത്താന് കാരണമായെന്നും എന്നാല് ബെംഗളൂരുവില് ആ പ്രശ്നമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ബെംഗളൂരുവിലെ സാഹചര്യങ്ങള് ഇന്ത്യക്ക് നന്നായി അറിയാമെന്നതിനാല് അവര് തന്നെയാണ് ഫേവറൈറ്റുകള് എന്നാണ് ഞാന് കരുതുന്നത്. പിച്ചില് മാറ്റങ്ങള് വരുത്തിയതും വ്യത്യസ്തമായ ഔട്ട്ഫീല്ഡും കാരണം ഹൈദരാബാദ് നമുക്ക് അല്പ്പം അപരിചിതമായിരുന്നു,’ മുകുന്ദ് പറഞ്ഞു.
അതേസമയം, ബാറ്റിങ്ങിനെ തുണയ്ക്കുന്ന ചിന്നസ്വാമിയിലെ പിച്ചില് ഇരു ടീമിന്റെയും ബാറ്റര്മാര് കളം പിടിക്കുമ്പോള് ബൗളര്മാര്ക്ക് അടിവാങ്ങേണ്ടി വരുമെന്ന് ഉറപ്പാണ്. ഹോം അഡ്വാന്റേജ് മുതലാക്കാന് സാധിച്ചാല് ആതിഥേയര്ക്ക് വിജയം സ്വന്തമാക്കാനുള്ള സാധ്യതകളുമേറെയാണ്.
Content Highlight: Abhinav Mukund about Vaibhav Sooryavanshi’s spot in playing 11