| Tuesday, 15th September 2026, 4:45 pm

മാര്‍ക്കോയുടെ സെറ്റീന്ന് വഴിമാറി വന്നതാണെന്ന് തോന്നുന്നു, അതേ കാറും അതേ കോട്ടുമായി വരവിലെ അഭിമന്യു തിലകന്‍

അമര്‍നാഥ് എം.

പേര് വരവെന്നാണെങ്കിലും നിര്‍മാതാവിന് പാഴ് ചെലവായ സിനിമയെന്നാണ് വരവിനെ പലരും വിശേഷിപ്പിക്കുന്നത്. വെറ്റെറന്‍ സംവിധായകന്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ ഒരു ചലനവുമുണ്ടാക്കാതെ കളംവിടുകയായിരുന്നു. കഴിഞ്ഞദിവസം വരവ് ഒ.ടി.ടിയിലുമെത്തി. സീ ഫൈവിലൂടെ സ്ട്രീം ചെയ്യുന്ന ചിത്രം ട്രോള്‍ പേജുകളുടെ ഇരയായി മാറിയിരിക്കുകയാണ്.

ജോജു ജോര്‍ജിന് പുറമെ വലിയ താരനിരയാണ് വരവില്‍ അണിനിരക്കുന്നത്. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ് ചിത്രത്തിലെ വില്ലന്‍. മേടയില്‍ കൊച്ചേട്ടന്‍ എന്ന കഥാപാത്രമായി മുരളി ഗോപി വേഷമിട്ടപ്പോള്‍ മകനായി എത്തിയത് അഭിമന്യു തിലകനാണ്. മേടയില്‍ യോഹന്‍ എന്ന കഥാപാത്രമായാണ് അഭിമന്യു വരവിലെത്തിയത്.

വലിയ ബില്‍ഡപ്പില്‍ കൊണ്ടുവന്ന വില്ലന്‍ കഥാപാത്രമാണ് യോഹന്‍. എന്നാല്‍ ഒരു ഇംപാക്ടും ഈ കഥാപാത്രം ഉണ്ടാക്കിയില്ല. മാസ് ബി.ജി.എമ്മില്‍ കുറച്ച് സ്ലോ മോഷന്‍ ലഭിച്ചു എന്നല്ലാതെ മറ്റൊന്നും യോഹന് ലഭിച്ചില്ല. അഭിമന്യു തിലകന്റെ ഗെറ്റപ്പിനും പെര്‍ഫോമന്‍സിനും ട്രോളുകള്‍ ലഭിക്കുന്നുണ്ട്. മുന്‍ ചിത്രമായ മാര്‍ക്കോയുമായി താരതമ്യം ചെയ്തുകൊണ്ടാണ് ട്രോളുകള്‍.

മാര്‍ക്കോയിലെ റസല്‍ എന്ന കഥാപാത്രമായാണ് അഭിമന്യു ശ്രദ്ധ നേടിയത്. അങ്ങേയറ്റം വയലന്‍സ് നിറഞ്ഞ റസലായി മികച്ച പ്രകടനം താരം കാഴ്ചവെച്ചു. എന്നാല്‍ വരവിലേക്ക് എത്തിയപ്പോള്‍ റസലിന്റെ ബാധ അഭിമന്യുവിനെ വിട്ട് പോയിട്ടില്ലെന്നും അതേ ഗെറ്റപ്പും കോസ്റ്റിയൂമുമാണ് ഈ ചിത്രത്തിലുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

മാര്‍ക്കോയില്‍ റസലും സംഘവും ഉപയോഗിച്ച ഡിഫന്‍ഡര്‍ കാര്‍ തന്നെയാണ് വരവിലുമുള്ളത്. വലിയ ബില്‍ഡപ്പ് ലഭിച്ചിട്ടും ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രമായിരുന്നു ഇത്. മാര്‍ക്കോയുടെ സെറ്റില്‍ നിന്ന് വഴിതെറ്റി വരവിലേക്ക് വന്നതാണെയെന്നാണ് പലരുടെയും ചോദ്യം. രണ്‍ജി പണിക്കരെപ്പോലെ സദാസമയം എയര്‍ പിടിച്ചുകൊണ്ടുള്ള അഭിനയവും വിമര്‍ശനത്തിന് ഇരയാകുന്നുണ്ട്.

വരവിലെ സ്ലോ മോഷന്‍ സീനുകള്‍ക്കും ട്രോളുകളുണ്ട്. രണ്ട് മണിക്കൂര്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയില്‍ ജോജുവിന് മാത്രം ഒരു മണിക്കൂറിനടുത്ത് സ്ലോ മോഷന്‍ സീനുകളുണ്ടെന്നും അതെല്ലാം ഒഴിവാക്കിയിരുന്നെങ്കില്‍ രണ്ട് മണിക്കൂര്‍ കൊണ്ട് സിനിമ തീര്‍ന്നേനെയെന്നും ചിലര്‍ പരിഹസിക്കുന്നു. സമീപകാലത്ത് ഇത്രയും ട്രോളുകള്‍ ലഭിച്ച മറ്റൊരു സിനിമയില്ലെന്ന് തന്നെ പറയാം.

Content Highlight: Abhimayu Shammi Thilakan’s character in Varavu movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more