ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്‌സ് ഓഫീസിൽ വലിയ വിജയമാണ് സ്വന്തമാക്കിയത്. നിവിൻ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ദിവസങ്ങൾക്കുള്ളിൽ തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുകയും പിന്നീട് 325 കോടിയിലധികം കളക്ഷൻ നേടുകയും ചെയ്തു. ഗിരീഷ് എ.ഡിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.
ചിത്രത്തിന്റെ ഭാഗമായി സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്ന ‘ഒരു സാത്തുക്കുടി പ്രണയം’ എന്ന ഷോർട്ട് ഫിലിമും ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ റിലീസിന് പിന്നാലെ ഭാവന സ്റ്റുഡിയോസ് യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ഷോർട്ട് ഫിലിമിലെ ടോക്സൺ എന്ന ടോക്സിക് ബോയ്ഫ്രണ്ട് കഥാപാത്രവും അതിലെ ഡയലോഗുകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു.
ഒരു സാത്തുക്കുടി പ്രണയം. photo. Screen Grab/ Youtube
ഇപ്പോഴിതാ കഥാപാത്രത്തെ അവതരിപ്പിച്ച അഭിജിത്ത് വേണുഗോപാൽ ആ കഥാപാത്രം തനിക്ക് എങ്ങനെ ലഭിച്ചുവെന്നും ഷൂട്ടിങ് അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ്. സെല്ലുലോയ്ഡ് മാഗസിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
ബെത്‌ലഹേം സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ആദ്യം ഈ സിനിമയുടെ ഭാഗമാകുന്നത്. എന്നാൽ സിനിമയുടെ പാക്കപ്പ് കഴിഞ്ഞ് രണ്ട് മാസത്തോളം കഴിഞ്ഞ ശേഷമാണ് ഷോർട്ട് ഫിലിമിനായി പ്രത്യേകം വിളിക്കുന്നതെന്നും അഭിജിത്ത് പറഞ്ഞു.
‘എന്നെ എങ്ങനെയാണ് ഇതിലോട്ട് എടുത്തതെന്ന് എനിക്കറിയില്ല. പാക്കപ്പ് കഴിഞ്ഞ് ഒരു രണ്ട് മാസത്തിനുള്ളിലാണ് ഒരു ദിവസം രാവിലെ എന്നെ വിളിക്കുന്നത്. സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ അർജുൻ ബൈജു ചേട്ടനാണ് വിളിച്ചത്. ഒരു ചെറിയ പരിപാടിയാണ്, മൂന്ന് ദിവസമുണ്ടാകും എന്നൊക്കെ പറഞ്ഞു. എന്താണ് കാര്യമെന്ന് എന്നോട് പറഞ്ഞിരുന്നില്ല. അങ്ങനെയാണ് അവിടെ എത്തുന്നത്,’ അഭിജിത്ത് പറഞ്ഞു.
ഷോർട്ട് ഫിലിമിന്റെ സെറ്റിലെത്തിയപ്പോഴാണ് താൻ അവതരിപ്പിക്കേണ്ട കഥാപാത്രത്തെക്കുറിച്ച് ഗിരീഷ് എ.ഡി. പറയുന്നതെന്നും അഭിജിത്ത് പറഞ്ഞു.
‘ഞാൻ വിചാരിച്ചത് സിനിമയുടെ എന്തെങ്കിലും പിറകിൽ നിൽക്കുന്ന കഥാപാത്രമായിരിക്കുമെന്നാണ്. അവിടെ ചെന്ന് കഴിഞ്ഞപ്പോഴാണ് ഗിരീഷേട്ടൻ ആദ്യമായി പറയുന്നത്, ‘നീ ഒരു ടോക്സിക് ബോയ്ഫ്രണ്ട് പരിപാടിയാണ്, നീ ചെയ്യാറുള്ളതല്ലേ, അങ്ങനത്തെ പരിപാടി പിടിച്ചോ’ എന്ന്. അപ്പോഴാണ് എനിക്ക് എന്തൊക്കെയോ ചെയ്യാനുണ്ടെന്ന് മനസിലായത്,’ അഭിജിത്ത് പറഞ്ഞു.
ഷോർട്ട് ഫിലിമിൽ കാണുന്ന പല രംഗങ്ങളും ഡയലോഗുകളും നേരത്തെ സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ലെന്നും അഭിജിത്ത് പറയുന്നു. റിഹേഴ്സലിനിടെ ഗിരീഷ് എ.ഡി. പല കാര്യങ്ങളും കൂട്ടിച്ചേർത്താണ് കഥാപാത്രത്തെ കൂടുതൽ രസകരമാക്കിയതെന്നും അഭജിത്ത് വ്യക്തമാക്കി.
‘സത്യത്തിൽ ഷോർട്ട് ഫിലിമിൽ നമ്മൾ കണ്ടതിന്റെ പകുതി മാത്രമേ സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നുള്ളൂ. ബാക്കിയൊക്കെ നമ്മൾ റിഹേഴ്സലിന് പോകുമ്പോൾ പുള്ളി പറഞ്ഞുതരും. ഇങ്ങനത്തെ സാധനം കൂടി ആഡ് ചെയ്തോയെന്ന് പറയും,’ അഭിജിത്ത് പറഞ്ഞു.
ഷോർട്ട് ഫിലിമിലെ ടോക്സൺ കഥാപാത്രമായി എത്തിയപ്പോൾ നേരിട്ട മറ്റൊരു രസകരമായ അനുഭവവും അഭിജിത്ത് പങ്കുവെച്ചു. കഥാപാത്രം സ്ഥിരമായി പൊടി വലിക്കുന്നതായി കാണിക്കുന്നതിനാൽ തനിക്ക് വിവാഹം നടക്കുമോ എന്നുവരെ സംശയമുണ്ടായിരുന്നെന്നും പലരും വിളിച്ച് ചോദിച്ചിരുന്നെന്നും നടൻ പറഞ്ഞു.
‘ഇങ്ങനത്തെ ഒരു കഥാപാത്രമായതുകൊണ്ട് തന്നെ പെണ്ണ് കിട്ടുമോ എന്നുള്ള ഒരു സംശയം ഉണ്ടായിരുന്നു. പ്രത്യേകിച്ച് ആ പൊടിയൊക്കെ വലിക്കുന്നത് കണ്ടിട്ട് കുറേപേർ വിളിച്ചിരുന്നു. ആ വലിക്കുന്നതിന്റെ ശരിക്കുള്ള ഡപ്പി അയമോദകതിന്റേതായിരുന്നു. അതിലുണ്ടായിരുന്ന പൊടി ഗ്ലൂക്കോസ് പൊടിയായിരുന്നു,’ അഭിജിത്ത് പറഞ്ഞു.
ഗിരീഷ് എ.ഡിയുമായുള്ള ആദ്യ അനുഭവത്തെക്കുറിച്ചും അഭജിത്ത് പറഞ്ഞു. ഗിരീഷേട്ടൻ ഇൻട്രോവേർട്ടാണെന്ന് കേട്ടിരുന്നെങ്കിലും സെറ്റിലെത്തിയപ്പോൾ നേരെ തിരിച്ചുള്ള അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഗിരീഷേട്ടൻ ഇൻട്രോവേർട്ടാണെന്ന് പറയും. പക്ഷേ പുള്ളി സെറ്റിൽ ഭയങ്കര ആക്ടീവാണ്, ഭയങ്കര ഓണായിട്ടുള്ള മനുഷ്യനാണ്. ഞാൻ ആദ്യമായിട്ടാണ് ആളെ കാണുന്നത്. ആദ്യം സംസാരിക്കുമ്പോൾ കുറച്ച് മടിയുണ്ടായിരുന്നു. പിന്നെ ഭയങ്കര ആക്ടീവായി നമ്മളൊക്കെ. ഷോർട്ട് ഫിലിമിന്റെ ഷൂട്ടിന് വന്നപ്പോഴാണ് പിന്നെ ഭയങ്കര കമ്പനിയാകുന്നത്,’ അഭിജിത്ത് പറഞ്ഞു.
Content Highlight: Abhijith venugopal tallks about short film ‘soulmates oru saathukudi pranayam’