പുസ്തകം: ഹിജഡ
എഴുത്തുകാരന്‍: പി അഭിജിത്ത്
വിഭാഗം: ഫോട്ടോഗ്രാഫി
പേജ്: 111
വില: 400
പ്രസാധകര്‍: പ്രണത ബുക്‌സ് കൊച്ചി
ഒരു ന്യൂസ് ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍, ദൃശ്യങ്ങളുടെ സൗന്ദര്യാത്മകതയ്ക്കപ്പുറം, യാഥാര്‍ത്ഥ്യത്തെ കണ്ടെത്താനാണ് ശ്രമം. പൊതു മൂത്രപ്പുരകളില്‍ പോലും സ്ഥാനമില്ലാത്ത ഈ യഥാര്‍ത്ഥ മൂന്നാം ലോകക്കാര്‍, മുഖ്യധാരയിലേക്ക് പ്രവേശിക്കപ്പെടുന്ന കാലത്തേക്കുള്ള പ്രതീക്ഷകള്‍ക്ക് ഈ ശ്രമം ആക്കം കൂട്ടുമെങ്കില്‍ സാര്‍ത്ഥകം.
ആ കുഞ്ഞ് ഒരു കൗതുക കാഴ്ചയായിരുന്നു. ക്ഷേത്രത്തില്‍ പൂജാരിയായിരുന്ന സ്വര്‍ണയുമായി വീര പ്രണയത്തിലായി. ഏറെ നാളത്തെ പ്രണയത്തിന് ശേഷം അവര്‍ വിവാഹിതരായി. പിന്നീട് ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു. രണ്ടു വയസ്സുള്ള അവള്‍ക്ക് ഭാരതി എന്ന് പേരിട്ടു. വീര കൂലിവേല ചെയ്താണ് ജീവിക്കുന്നത്. സ്വര്‍ണ്ണ ചിട്ടി നടത്തുന്നു. രണ്ടുപേരുടേയും വീട്ടുകാര്‍ സന്തോഷത്തോടെ സഹകരിച്ചു ജീവിക്കുന്ന ഒരു കൊച്ചു കുടുംബം. അവരുടെ വീടിന്റെ ചുമര് നിറയെ ദൈവങ്ങളുടെ ചിത്രങ്ങളാണ്. സ്വര്‍ണയെ വിവാഹം കഴിച്ച വീര എനിക്ക് ഒരത്ഭുതമായിരുന്നു. കാരണം സ്വര്‍ണ ഒരു ഹിജഡയായിരുന്നു.
ചെറുപ്പക്കാരന്‍ പൊടി മീശയുണ്ട്. അയാളൊരു ട്രാന്‍സ് ജെന്‍ഡര്‍ ആകാന്‍ ആഗ്രഹിക്കുന്ന ആളാണെന്ന് ഗ്ലാഡി പറഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല. സതീശന്റെ വീട്ടില്‍പോലും അതറിയില്ല. ഗ്ലാഡിക്കും ചുരുക്കം ചിലര്‍ക്കും മാത്രമേ അതറിയൂ. സതീശിനെ കണ്ടാല്‍ പുരുഷനാണെന്നേ തോന്നൂ. വൈകുന്നേരം ഗ്ലാഡിയോട് യാത്ര പറഞ്ഞ് മടങ്ങുമ്പോള്‍ പറഞ്ഞു. ഇനി പിന്നെ വരാം.
നല്ല വലിയ ഹാളായിരുന്നു. വില കൂടിയ സോഫാസെറ്റി. ചെരുപ്പുകള്‍ ഹാളിന്റ സൈഡില്‍ സ്റ്റാന്‍ില്‍ അടുക്കിവച്ചിരിക്കുന്നു. എല്ലാം ലേഡീസ് ചെരുപ്പുകള്‍. പെട്ടെന്ന് ഞങ്ങളുടെ മുമ്പിലേയ്‌ക്കൊരു സുന്ദരി കടന്നു വന്നു. അവളെ ഞാന്‍ മുന്‍പ് കോഴിക്കോട് വച്ച് കണ്ടിട്ടുണ്ട്. കണ്ണൂര്‍ സ്വദേശി പ്രിയ, എന്നെ അറിയാമെന്ന് പ്രിയ പറഞ്ഞു. അവളുടെ ഗുരു (അമ്മ) വാണ് രാധ. ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സബിതയും അങ്ങോട്ട് വന്നു.
നല്ല ഉയരവും തടിയുമുള്ള സുന്ദരിയായിരുന്നു സബിത. നൈറ്റിയായിരുന്നു വേഷം. ” എന്റെ ഫോട്ടോ എടുക്കരുത് കെട്ടോ” എന്ന് പറഞ്ഞ് കൊണ്ട് രാധയോട് അനുവാദം ചോദിച്ച് അവള്‍ വീട് വിട്ടിറങ്ങി. ഫോട്ടോ എടുക്കേണ്ട കാര്യം രാധയോട് പറഞ്ഞപ്പോള്‍ പ്രയക്ക് താത്പര്യമില്ലെന്നവര്‍ പറഞ്ഞു. രാധയും ക്യാമറക്ക് പോസ് ചെയ്യാന്‍ തയ്യാറായില്ല.
എനിക്ക് പ്രശ്‌നമില്ല. പക്ഷേ വീട്ടുകാരറിഞ്ഞാല്‍…. അവര്‍ക്ക് ഇത് വരെ ഉപകാരമൊന്നും ഉണ്ടായിട്ടില്ല. നമ്മളായിട്ടെന്തിനാ ഉപദ്രവമുണ്ടാക്കുന്നത്.”
എന്റെ മുഖത്തെ നിരാശ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു. ” ഇവള്‍ നില്‍ക്കും. ഇവളുടെ ഫോട്ടോ മോനെടുത്തോ.”
സബിതയുടെ ചിത്രമെടുക്കുന്നതിന് മുന്‍പ് രാധ ഭക്ഷണം തന്നു. ഉച്ച സമയമായതിനാല്‍ ചോറും, മീന്‍കറിയുമായിരുന്നു. വേണ്ടെന്ന് പറഞ്ഞെങ്കിലും നിര്‍ബന്ധിച്ച് കഴിപ്പിച്ചു. “നമ്മുടെ നാട്ടിലെ രുചിയൊന്നും ഇവിടുത്തെ ഭക്ഷണത്തിന് കിട്ടില്ല.” ഭക്ഷണം കഴിഞ്ഞ് സബിതയുടെ ചിത്രങ്ങളെടുത്ത് മടങ്ങുമ്പോള്‍ രാധ പറഞ്ഞു. ” ഇവിടെ നമ്മുടെ നാട്ടിലെ നിരവധി പേരുണ്ട്. ഇവിടുത്തെ പോലുള്ള സ്വാതന്ത്ര്യം കേരളത്തില്‍ ഇല്ലാത്തത് കൊണ്ട് അവരെല്ലാം കേരളം വിട്ടുപോരുന്നു. വേറെന്ത് ചെയ്യുവാനാ.”
സമ്പൂര്‍ണ്ണ സാക്ഷരത നേടിയ സംസ്ഥാനം എന്നവകാശപ്പെടുന്ന കേരളത്തില്‍ എന്തകൊണ്ടാണ് ഹിജഡ സമൂഹം ഇല്ലാത്തത്? ഒ.വി വിജയന്റെ “കുറിപ്പു”കളില്‍ അരമണിക്കൂര്‍ ഇടവേളയിലെ ബസ്സ് യാത്രയ്ക്കിടയ്ക്ക് ഒരു സീറ്റില്‍ ഒറ്റയ്ക്കിരിക്കുന്ന ഒരാള്‍ സീറ്റിന്റെ അധിപതിയായി മാറുന്ന മാനസികാവസ്ഥയെക്കുറിച്ചു പറയുന്നുണ്ട്. അവിടെ മറ്റൊരു യാത്രക്കാരനെ ബാക്കി പകുതിയില്‍ അയാള്‍ക്ക് ഉള്‍ക്കൊള്ളിക്കാനാവില്ല- വിജയന്‍ പറഞ്ഞത് ഞാനോര്‍ത്തു.
Book Name: hijada
Editor: P Abhijith
Classification: Photography
Page: 111
Price: Rs 400
publisher: Pranatha Books, Cochin