| Friday, 2nd October 2026, 6:49 pm

ഗ്യാനേഷ് രാജിവെക്കുക; ശിവാജി പാര്‍ക്കിനെ 'ജന്തര്‍ മന്തറാ'ക്കി സി.ജെ.പി; പ്രതിഷേധത്തില്‍ പങ്കാളികളായി ആയിരങ്ങള്‍

റെന്വര്‍ പി

മുംബൈ: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് കോക്രോച്ച് ജനത പാര്‍ട്ടി മുംബൈ ശിവാജി പാര്‍ക്കില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ആയിരങ്ങള്‍ പങ്കാളികളായി.

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയും മുതിര്‍ന്ന ബോളിവുഡ് താരം നസറുദ്ദീന്‍ ഷായും സംഗീത സംവിധായകന്‍ വിശാല്‍ ദദ്‌ലാനിയും അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി. ഏതാണ്ട് 4000 പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തതെന്ന് മുംബൈ പൊലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് (ഒക്ടോബര്‍ രണ്ട്, വെള്ളി) വൈകിട്ട് നാല് മണിയോടെയാണ് സി.ജെ.പി പ്രതിഷേധം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരായ പ്രതിഷേധത്തിന് നേരത്തെ മുംബൈ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുംബൈ ശിവാജി പാര്‍ക്കില്‍ ജയില്‍ നിറക്കല്‍ സമരമാണ് സി.ജെ.പി പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍ എത്രത്തോളം കഴിവുകെട്ടതാണെന്നതിന്റെ തെളിവാണ് വെറും രണ്ട് മാസത്തിനുള്ളില്‍ ഞങ്ങള്‍ക്ക് വീണ്ടും പ്രതിഷേധിക്കേണ്ടി വരുന്നതെന്ന് ശിവാജി പാര്‍ക്കില്‍ സംസാരിക്കവെ അഭിജിത് ദീപ്‌കെ പറഞ്ഞു. നീറ്റ് ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സി.ജെ.പി പ്രതിഷേധം അവസാനിച്ച് രണ്ട് മാസത്തിനുള്ളില്‍ തന്നെ ഗ്യാനേഷിന്റെ രാജിക്കായി പ്രതിഷേധം ആരംഭിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ദീപ്‌കെയുടെ പ്രതികരണം.

സി.ജെ.പി സഹ-കണ്‍വീനര്‍ അശുതോഷ് റാങ്ക, സംഘടനയുടെ നിയമകാര്യ വിഭാഗം മേധാവി രത്‌ന സിങ്, ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്വര്‍ധന്‍ എന്നിവരും ശിവാജി പാര്‍ക്ക് പ്രതിഷേധത്തില്‍ പങ്കാളികളായി. വിശാല്‍ ദദ്‌ലാനിയും കേന്ദ്ര സര്‍ക്കാരിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.

ബലാത്സംഗികളെപ്പൊലും പാര്‍ലമെന്റില്‍ ഇരിക്കാന്‍ അനുവദിക്കുന്നുവെന്ന് ദദ്‌ലാനി പറഞ്ഞു. സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും സര്‍ക്കാര്‍ ബലാത്സംഗികള്‍ക്ക് പരോള്‍ നല്‍കുകയുമാണ്. രാജ്യത്ത് ജനങ്ങള്‍ അടക്കുന്ന നികുതിക്ക് വിലയില്ലെന്നും നല്ല ആരോഗ്യ സൗകര്യങ്ങളും സ്‌കൂളുകളും റോഡുകളും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാനേഷിന്റെ രാജിക്ക് പുറമെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് പകരം ബാലറ്റ് ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിലേക്ക് മടങ്ങണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് സി.ജെ.പി പ്രതിഷേധം. ഗ്യാനേഷിനെതിരെ ക്രിമിനല്‍ കേസുകള്‍ ചുമത്താനും എസ്.ഐ.ആര്‍ നടപടികള്‍ മരവിപ്പിക്കാനും സംഘടന ആവശ്യപ്പെടുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞടുക്കാന്‍ ഒരു സ്വതന്ത്ര സമിതിയെ തെരഞ്ഞെടുക്കണമെന്നും സി.ജെ.പി ആവശ്യപ്പെടുന്നു.

മുംബൈയിലെ സമരത്തിന് പുറമെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സി.ജെ.പി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരു, കൊല്‍ക്കത്ത, ഗോവ, റാഞ്ചി എന്നിവിടങ്ങളിലേക്കും പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് അഭിജീത് ദിപ്കെ മുംബൈയില്‍ വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

ഗ്യാനേഷ് കുമാര്‍ രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് അഭിജിത് ദീപ്കെ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗ്യാനേഷ് കുമാര്‍ ‘പാവ’ ആണ്. അടുത്ത തെരഞ്ഞെടുപ്പ് കമ്മീഷണറെ സുതാര്യമായി തെരഞ്ഞെടുക്കണം, ആ പ്രക്രിയയില്‍ സിവില്‍ സമൂഹത്തെയും പങ്കെടുപ്പിക്കണമെന്നും ദീപ്കെ എന്ന് ആവശ്യപ്പെട്ടിരുന്നു.

Content Highlight: Abhijit Dipke, Vishal Dadlani among thousands at Mumbai CJP protest

 

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more