| Thursday, 5th November 2026, 9:12 pm

പോരാട്ടം അവസാനിക്കുന്നില്ല; ഇനി കൊച്ചിയില്‍ കാണാം: അഭിജിത് ദീപ്‌കെ

റെന്വര്‍ പി

മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പോരാട്ടങ്ങളുടെ ഭാഗമായി താന്‍ ഈ ശനിയാഴ്ച കൊച്ചിയില്‍ വരുമെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് ദീപ്‌കെ ഈ കാര്യം അറിയിച്ചത്.

ഇന്ത്യയിലെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടവും ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടവും അവസാനിച്ചിട്ടില്ലെന്ന് ദീപ്‌കെ പറഞ്ഞു. ജനാധിപത്യത്തെയും വോട്ടവകാശത്തെയും സംരക്ഷിക്കാന്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കേണ്ടതുണ്ട്. അതിനാല്‍ കൊച്ചിയിലെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ജനങ്ങളോട് ദീപ്‌കെ ആവശ്യപ്പെട്ടു. തനിക്കൊപ്പം പ്രകാശ് രാജ് അടക്കമുള്ളവരും പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുമെന്നും ദീപ്‌കെ വ്യക്തമാക്കി.

‘എല്ലാവര്‍ക്കും നമസ്‌കാരം. നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടം അവസാനിച്ചിട്ടില്ല. ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടവും അവസാനിച്ചിട്ടില്ല. നവംബര്‍ ഏഴിന് വൈകുന്നേരം നാല് മണിക്ക് കൊച്ചി രാജേന്ദ്ര മൈതാനത്ത് സംഘടിപ്പിക്കുന്ന ജനകീയ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ കേരളത്തിലെത്തുന്നുണ്ട്.

നമ്മുടെ ജനാധിപത്യത്തെയും വോട്ടവകാശത്തെയും സംരക്ഷിക്കാന്‍ നാം എല്ലാവരും ഒന്നിച്ചുനില്‍ക്കേണ്ടതുണ്ട്. അതിനാല്‍, കേരളത്തിലെ ജനങ്ങളോട് ഈ പ്രതിഷേധത്തില്‍ വന്‍തോതില്‍ പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നവംബര്‍ ഏഴിന് കൊച്ചിയില്‍ വെച്ച് നിങ്ങളെ എല്ലാവരെയും കാണാമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി,’ ദീപ്‌കെ പറഞ്ഞു.

ജന്തര്‍ മന്തര്‍ അറ്റ് കൊച്ചി എന്ന പേരിലാണ് കൊച്ചിയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. അഭിജിത് ദീപ്‌കെയ്ക്കും പ്രകാശ് രാജിനും പുറമെ വിവിധ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളും അവതാരകയും ആക്ടിവിസ്റ്റുമായ രഞ്ജിനി ഹരിദാസും സി.ജെ.പി മീഡിയ ഹെഡ് വിജയ് മല്ലംഗിയും അടക്കമുള്ളവര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും.

എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് ഷാജു, ഐസ നേതാവ് ഡാനിഷ് അലി, എ.ഐ.എസ്.എഫ് ദേശീയ പ്രസിഡന്റ് വിരാജ് ദേവാംഗ്, കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ജെയിന്‍ ജെയ്‌സണ്‍, എസ്.എഫ്.ഐ പ്രവര്‍ത്തകയും ഗവേഷകയുമായ ശില്‍പ സുരേന്ദ്രന്‍ തുടങ്ങിയ വിദ്യാര്‍ത്ഥി നേതാക്കളാണ് ‘ജന്തര്‍ മന്തര്‍ അറ്റ് കൊച്ചി’ യില്‍ പങ്കെടുക്കുക.

Content Highlight: Abhijeet Dipke will be  at Kochi on November 07

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more