ന്യൂദല്‍ഹി: ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത സി.ജെ.പി കോഡിനേറ്റര്‍ അഭിജിത് ദീപ്‌കെ, സഹ കോഡിനേറ്റര്‍മാരായ അഷുതോഷ് രങ്ക, സൗരവ് ദാസ് എന്നിവര്‍ അടക്കമുള്ളവരെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഇവരെ ഇന്ന് രാവിലെ ഒമ്പതിന് ദല്‍ഹി കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും സി.ജെ.പി നേതാവ് രത്‌ന സിങ് എക്‌സ് പോസ്റ്റില്‍ അറിയിച്ചു.
ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ രാവിലെ എന്നെ ഇക്കാര്യം അറിയിച്ചതായും അവര്‍ പറഞ്ഞു. സി.ജെ.പി.യുടെലീഗല്‍ ഹെഡ് എന്ന നിലയില്‍, തങ്ങളുടെ മറ്റ് അഭിഭാഷകര്‍ക്കൊപ്പം താനും പോലീസ് സ്റ്റേഷനില്‍ ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.
അഭിജിത് ദീപ്‌കെ അടക്കമുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇവരെ കരുതല്‍ തടങ്കലിലാക്കിയതായി ദല്‍ഹി പൊലീസ അറിയിച്ചു.
ദീപ്‌കെയും സൗരവും അഷുതോഷും അടക്കമുള്ളവരെ കോടതിയില്‍ ഹാജരാക്കാനും മോചിപ്പിക്കാനും ആവശ്യപ്പെട്ട് സി.ജെ.പി സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹരജി കോടതി പരിഗണിക്കാനിരിക്കെയാണ് ഇപ്പോള്‍ ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് സി.ജെ.പിയെ അറിയിച്ചത്.
ഇന്നലെ വൈകിട്ടായിരുന്നു സി.ജെ.പി ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ വൈകുന്നേരമായിട്ടും മോചിപ്പിക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്. കസ്റ്റഡിയിലാക്കപ്പെട്ടവരുടെ വിവരങ്ങളും തടവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും വെളിപ്പെടുത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഹരജിയില്‍ ഉന്നയിക്കുന്നു.
സിജെപി കവറേജ് കോര്‍ഡിനേറ്റര്‍ ഗൗരവ് ഭാരതിയാണ് ഇന്ത്യന്‍ ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരം അഭിഭാഷകരായ രാജേഷ് ജി. ഇനാംദാര്‍, ശാശ്വത് ആനന്ദ് എന്നിവര്‍ വഴി ഹേബിയസ് കോര്‍പസ് റിട്ട് സമര്‍പിച്ചത്. നേതാക്കളെ കോടതിയില്‍ ഹാജരാക്കുമെന്ന് അറിയിച്ചതോടെ ഈ ഹേബിയസ് കോര്‍പസ് ഹരജി സി.ജെ.പി പിന്‍വലിച്ചു.
അഭിജിത് ദീപ്‌കെ, അഷുതോഷ് രങ്ക, സൗരവ് ദാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളായിട്ടും അവരെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ഗണൈസേഷന്‍ ഇന്‍ചാര്‍ജ് അജിങ്ക്യ ഷിന്‍ഡെ ദല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് എഴുതിയ കത്ത് നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
ഇവരെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് കത്ത്. ദീപ്‌കെ അടക്കമുള്ളവര്‍ എവിടെയാണെന്ന വിവരം ഉടന്‍ ലഭ്യമാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കസ്റ്റഡിയിലുള്ള നേതാക്കള്‍ക്ക് അവരുടെ അഭിഭാഷകരെ കാണാന്‍ അവസരമൊരുക്കണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു.
പ്രതിഷേധങ്ങളില്‍ പങ്കെടുക്കാനായി ഇന്നലെ മുംബൈയില്‍ നിന്ന് ദല്‍ഹിയിലെത്തിയ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ ശനിയാഴ്ച രാവിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിമാനത്തിനുള്ളില്‍ കയറിയായിരുന്നു പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
സി.ജെ.പി നേതാക്കള്‍ക്ക് പുറമെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത എല്ലാ വ്യക്തികള്‍ക്കും വേണ്ടിയാണ് ഹരജി സമര്‍പ്പിച്ചതെന്ന് സി.ജെ.പി വ്യക്തമാക്കി.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കസ്റ്റഡി നടപടികള്‍ നിയമപരമാണോ എന്ന് പരിശോധിക്കും. നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാല്‍ കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കാന്‍ ഹേബിയസ് കോര്‍പസിന്റെ അധികാര പരിധി ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്.