| Monday, 19th October 2026, 7:41 pm

അവര്‍ക്ക് മറ്റ് മനുഷ്യരോട് ആത്മാര്‍ത്ഥമായ കരുതലുണ്ട്; അതിനാല്‍ അവര്‍ എല്ലാ സൗകര്യങ്ങളുമുപേക്ഷിച്ച് തെരുവിലിറങ്ങി, ജയിലിലായി: അശുതോഷിനെയും സൗരവിനെയും കുറിച്ച് ദീപ്‌കെ

റെന്വര്‍ പി

ന്യൂദല്‍ഹി: മറ്റ് മനുഷ്യരോടുള്ള ആത്മാര്‍ത്ഥമായ കരുതലുള്ളതുകൊണ്ട് തെരുവിലിറങ്ങിയ മനുഷ്യരാണ് സി.ജെ.പി സഹ കണ്‍വീനര്‍മാരായ അശുതോഷ് രങ്കയും സൗരവ് ദാസുമെന്ന് സംഘടനയുടെ കണ്‍വീനര്‍ അഭിജിത് ദീപ്‌കെ. ഉയര്‍ന്ന ജീവിത സൗകര്യങ്ങള്‍ ഉപേക്ഷിച്ചാണ് അവര്‍ സി.ജെ.പിയുടെ ഭാഗമായെന്നും ദീപ്‌കെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.

തെരുവിലിറങ്ങുകയും അനിശ്ചിതത്വങ്ങളെ നേരിടുകയും ഒടുവില്‍ ജയിലില്‍ എത്തുകയും ചെയ്യേണ്ട ഒരു ആവശ്യവും അവരുടെ ജീവിതത്തിലുണ്ടായിരുന്നില്ല. എന്നിട്ടും രാജ്യത്തെ മെച്ചപ്പെട്ട ഇടമാക്കി മാറ്റാന്‍ വേണ്ടിയാണ് ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി അടക്കമുള്ള സൗകര്യങ്ങള്‍ അശുതോഷും സൗരവും ഉപേക്ഷിച്ചതെന്നും ദീപ്‌കെ കുറിച്ചു.

‘കുറച്ചു വര്‍ഷം മുമ്പ്, ലണ്ടനില്‍ ഉയര്‍ന്ന ശമ്പളമുള്ള ഒരു കോര്‍പ്പറേറ്റ് ജോലിയില്‍ ലക്ഷക്കണക്കിന് രൂപ സമ്പാദിച്ചുകൊണ്ട് കഴിയുകയായിരുന്നു അശുതോഷ്. രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ച് എഴുതുകയും മികച്ച ജീവിതം നയിക്കുകയും ചെയ്തുവന്ന വ്യക്തിയായിരുന്നു സൗരവ്.

ഇരുവരും വിജയകരമായ ഔദ്യോഗിക ജീവിതവും സാമ്പത്തിക ഭദ്രതയും ഉള്ളവരായിരുന്നു. തങ്ങള്‍ കെട്ടിപ്പടുത്ത ആ ജീവിതം തുടരാന്‍ ഉപേക്ഷിക്കേണ്ട ആവശ്യം അവര്‍ക്കുണ്ടായിരുന്നില്ല.

എന്നാല്‍, ഈ രാജ്യത്തെ കൂടുതല്‍ മെച്ചപ്പെട്ട ഒരിടമാക്കി മാറ്റുക എന്ന പ്രതീക്ഷയോടെ, ആ ജീവിതം മുഴുവന്‍ ഉപേക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചു. സുഖകരമായ ജീവിതം വിട്ടെറിഞ്ഞ് അവര്‍ തെരുവിലിറങ്ങുകയും അനിശ്ചിതത്വങ്ങളെ നേരിടുകയും ഒടുവില്‍ ജയിലില്‍ എത്തുകയും ചെയ്യേണ്ട ഒരു ആവശ്യവും അവര്‍ക്കുണ്ടായിരുന്നില്ല. എന്നിട്ടും അവര്‍ അതിന് തയ്യാറായി,’ ദീപ്‌കെ കുറിച്ചു.

സൗകര്യങ്ങളുള്ള ജീവിത പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരായിരുന്നിട്ടും, അത്രയൊന്നും സൗകര്യങ്ങള്‍ ലഭിക്കാത്തവര്‍ക്ക് വേണ്ടി പോരാടാന്‍ അവര്‍ തീരുമാനിച്ചു എന്നതാണ് അവരില്‍ ഞാന്‍ ഏറ്റവും വിലമതിക്കുന്ന കാര്യം. അവര്‍ക്ക് വേണമെങ്കില്‍ കണ്ടില്ലെന്ന് നടിക്കാനും, സ്വന്തം ജീവിതം ആസ്വദിക്കാനും, തങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകളുടെ കഷ്ടപ്പാടുകളെക്കുറിച്ച് ഒട്ടും ചിന്തിക്കാതിരിക്കാനും കഴിയുമായിരുന്നെന്നും ദീപ്‌കെ പറഞ്ഞു.

ആരും അവരോട് ഇത്തരം ത്യാഗങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നില്ല. ആരും അത് പ്രതീക്ഷിച്ചിരുന്നുമില്ല. പക്ഷേ അവര്‍ അത് ചെയ്തു, കാരണം തങ്ങള്‍ക്ക് പുറമേയുള്ള മനുഷ്യരെക്കുറിച്ച് അവര്‍ക്ക് ആത്മാര്‍ത്ഥമായ കരുതല്‍ ഉണ്ടായിരുന്നെന്നും ദീപ്‌കെ പറഞ്ഞു.

‘എന്നെ സംബന്ധിച്ചിടത്തോളം, ഒരു മനുഷ്യനില്‍ ഉണ്ടാകാവുന്ന ഏറ്റവും വലിയ ഗുണമാണിത്. തനിക്ക് പരിചയമില്ലാത്തവര്‍ക്ക് വേണ്ടി നിലകൊള്ളുക, തന്റേതല്ലാത്ത പോരാട്ടങ്ങളില്‍ പങ്കാളികളാവുക, മറ്റൊരാള്‍ക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കുന്നതിനായി സ്വന്തമായുള്ളതെല്ലാം പണയപ്പെടുത്തുക. അത്തരത്തിലുള്ള മനുഷ്യരാണ് അശുതോഷും സൗരവും,’ ദീപ്‌കെ അഭിപ്രായപ്പെട്ടു.

ദല്‍ഹി ജന്തര്‍ മന്തറില്‍ ഗെയ്റ്റ് ചാടിക്കടന്ന് ദേശീയ പതാകി വീശി പ്രതിഷേധിച്ച സംഭവത്തില്‍ അശുതോഷും സൗരവും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവെയാണ് ദീപ്‌കെ തന്റെ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ജന്തര്‍ മന്തര്‍ പ്രതിഷേധ വേദിയല്ലെന്ന ദല്‍ഹി പൊലീസിന്റെ ഉത്തരവ് വന്നതിന് പിന്നാലെയായിരുന്നു പ്രതിഷേധം.

പ്രതിഷേധ സ്ഥലത്ത് നിന്ന് അശുതോഷും സൗരവും അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 24 മണിക്കൂറോളം ഇവരെ കസ്റ്റഡിയില്‍വെച്ച ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും മജിസ്‌ട്രേറ്റ് ഇവരെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിടുകയുമായിരുന്നു.

Content Highlight: Abhijeet Dipke About Sourav Das and Ashuthosh Ranka

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more