| Monday, 2nd June 2025, 9:17 pm

145 ദിവസമായി തടങ്കലിൽ; അബ്ദുള്‍ റഹ്‌മാന്‍ ഖറദാവിയുടെ മോചനത്തിനായി യു.എ.ഇയെ സമീപിച്ച് കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: ഈജിപ്ഷ്യന്‍ കവി അബ്ദുല്‍ റഹ്‌മാന്‍ അല്‍ ഖറദാവിയുടെ മോചനം ആവശ്യപ്പെട്ട് കുടുംബം. കഴിഞ്ഞ 145 ദിവസമായി അല്‍ ഖറദാവി യു.എ.ഇയില്‍ ഏകാന്ത തടവില്‍ കഴിയുകയാണെന്നാണ് വിവരം. നിലവില്‍ ഖറദാവിയുടെ മോചനം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം യു.എ.ഇ അധികൃതര്‍ക്ക് അപേക്ഷ നല്‍കി.

2025 ജനുവരിയിലാണ് ഖറദാവി അറസ്റ്റിലാകുന്നത്. യു.എ.എയുടെ അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തില്‍ ലെബനന്‍ അധികൃതരാണ് ഖറദാവിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ യു.എ.ഇയിലേക്ക് നാടുകടത്തുകയായിരുന്നു. നാടുകടപ്പെട്ടതിന് ശേഷം വെറും 10 മിനിറ്റ് മാത്രമേ ഖറദാവിയെ അദ്ദേഹത്തിന്റെ കുടുംബത്തിന് കാണാന്‍ കഴിഞ്ഞിട്ടുള്ളുവെന്ന് അഭിഭാഷകനായ റോഡ്നി ഡിക്സണ്‍ പറഞ്ഞു.

നിലവില്‍ ഖറദാവി എവിടെയാണെന്നതില്‍ വ്യക്തതയില്ലെന്നും 130 ദിവസത്തിലേറെയായി അദ്ദേഹം തടവിലാണെന്നും അഭിഭാഷകന്‍ പറഞ്ഞു. ഖറദാവിക്കെതിരെ ഇതുവരെ ഒരു കുറ്റവും ചുമത്തപ്പെട്ടിട്ടില്ല. ഖറദാവിയെ കോടതിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. അന്താരാഷ്ട്ര മനുഷ്യാവകാശങ്ങള്‍ ലംഘിച്ചാണ് ഖറദാവിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

മാര്‍ച്ചില്‍ ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ വിദ്ഗധരുടെ ഒരു സംഘം ഖറദാവിയുടെ തടവ് സംബന്ധിച്ച് ആശങ്ക ഉയര്‍ത്തിയിരുന്നു. ഖറദാവി എവിടെയാണെന്ന് യു.എ.ഇ വെളിപ്പെടുത്തണമെന്നും യു.എന്‍ സംഘം ആവശ്യപെട്ടിരുന്നു.

ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ഖറദാവിയുടെ മോചനത്തിനായി യു.എ.ഇയില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതിനിടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതില്‍ ഖറദാവിയെ ഈജിപ്തിലേക്ക് നാടുകടത്തേണ്ടി വരുമെന്നും അവിടെ മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും വിദ്ഗധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സിറിയന്‍ പ്രസിഡന്റ ബാഷര്‍ അല്‍ അസദിന്റെ പതനം ആഘോഷിക്കാന്‍ സിറിയയിലെത്തി മടങ്ങവെ ലെബനന്‍ സന്ദര്‍ശിച്ചപ്പോഴാണ് ഖറദാവി അറസ്റ്റ് ചെയ്യപ്പെടുന്നത്. സിറിയയില്‍, വിമതസംഘം അധികാരം പിടിച്ചതോടെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് അധികാരം ഉപേക്ഷിച്ച് റഷ്യയിലേക്ക് പലായനം ചെയ്തിരുന്നു.

ഇതിനെത്തുടര്‍ന്ന് സിറിയയിലെ അസദ് ഭരണത്തെ എതിര്‍ത്തിരുന്ന നിരവധി ആളുകള്‍ തെരുവുകളില്‍ ആഘോഷപ്രകടനങ്ങള്‍ നടത്തിയിരുന്നു. ഖറദാവിയും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ആഘോഷപ്രകടനങ്ങള്‍ നടത്തിയ യൂസഫ് സിറിയയില്‍ നിന്ന് മടങ്ങും വഴി ലെബനനിലെ ഉമയ്യദ് പള്ളി സന്ദര്‍ശിച്ചിരുന്നു. ഇതിനിടെയാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്.

ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം സിറിയയിലെത്തിയത്. അതിന് മുമ്പ് അദ്ദേഹം കുടുംബ സമേതം തുര്‍ക്കിയില്‍ ആണ് താമസിച്ചിരുന്നത്. സിറിയയിലെത്തിയ ഖറദാവി ഡമസ്‌ക്കസില്‍ വെച്ച് ചില വീഡിയോകള്‍ ചിത്രീകരിച്ചിരുന്നു.

അതില്‍ ഒരു വീഡിയോയില്‍ ഈജിപ്ത്, സൗദി അറേബ്യ, യു.എ.ഇ എന്നിവയുള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ സിറിയയുടെ ഭാവി തടസപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ ഈജിപ്ത്, ടുണീഷ്യ, ലിബിയ, യെമന്‍ തുടങ്ങിയ സ്വേച്ഛാധിപത്യത്തിനെതിരെ കലാപം നടത്തിയ എല്ലാ രാജ്യങ്ങളിലും വിജയം ആസന്നമാകുമെന്ന് ഉറപ്പാണെണെന്നും ഖറദാവി പറഞ്ഞിരുന്നു.

അതേസമയം അറബ് രാജ്യങ്ങളുടെ വിമര്‍ശകനായ ഖറദാവിയെ പ്രതികാര നടപടിയെന്നോണം യു.എ.ഇയിലേക്ക് നാടുകടത്തുന്നതിനെ ആംനസ്റ്റി ഇന്റര്‍നാഷണലടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ എതിര്‍ത്തിരുന്നു.

Content Highlight:  Abdul Rahman al-Qaradawi marks 145 days in UAE detention, family calls for release

We use cookies to give you the best possible experience. Learn more