ബെംഗളൂരു: യെമനില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ ശിക്ഷ മരവിപ്പിച്ചതില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് അഭിനന്ദനം അറിയിച്ച് അബ്ദുള്‍ നാസര്‍ മഅദനിയും. നിമിഷയ്ക്ക് വേണ്ടി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ ഇടപെടല്‍ ആശ്വാസകരവും പ്രതീക്ഷ നല്‍കുന്നതുമാണെന്നും മഅദനി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ അകപ്പെട്ട് കിടക്കുമ്പോള്‍ അദ്ദേഹം തന്നേയും ആശ്വസിപ്പിക്കുകയും സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്നും മഅദനി കൂട്ടിച്ചേര്‍ത്തു. നിമിഷ പ്രിയയുടെ മോചനത്തില്‍ ഇടപെട്ട കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍, മഅദനിയുടേയും കര്‍ണാടക ജയിലില്‍ കഴിയുന്ന സക്കറിയയുടേയും മോചനത്തിനായി പരിശ്രമിച്ചില്ലെന്ന തരത്തില്‍ ഒരു വിഭാഗം വിമര്‍ശിക്കുന്നതിനിടെയാണ് മഅദനിയുടെ പ്രതികരണം വന്നിരിക്കുന്നത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും കാന്തപുരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത് കാന്തപുരത്തിന്റെ മുന്‍കൈയും ഇടപെടലുമാണെന്നും മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണപ്രയത്‌നത്തിന്റെ ഫലമാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാന്തപുരത്തിനും നിമിഷപ്രിയയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന ആക്ഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യന്‍ എന്ന നിലയ്ക്ക് മാത്രമാണ് ഈ വിഷയത്തില്‍ ഇടപെട്ടതെന്ന് കാന്തപുരം ഇന്ന് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു. പൊതുവിഷയങ്ങളില്‍ മതമോ ജാതിയോ നോക്കാറില്ലെന്നും തങ്ങള്‍ എപ്പോഴും മനുഷ്യര്‍ക്കൊപ്പവും മനുഷ്യത്വത്തിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം എന്ന അഡ്രസ് നോക്കുന്നത് തങ്ങളുടെ പള്ളികളിലും കോളേജുകളിലും മാത്രമാണ്.
യെമനിലെ ഉയര്‍ന്ന പണ്ഡിതന്മാരുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് നാളെ നടപ്പാക്കേണ്ടിയിരുന്ന വധശിക്ഷ മരവിപ്പിക്കാന്‍ സാധിച്ചതെന്നും തെറ്റ് ചെയ്തവരെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യുന്നത് നമ്മുടെ അധികാരത്തില്‍പ്പെട്ട കാര്യമല്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ച വിഷയം ഇന്ത്യ ഗവണ്‍മെന്റിനെ അറിയിക്കുകയും പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തതായും കാന്തപുരം അറിയിച്ചിട്ടുണ്ട്. ദയാധനം സംബന്ധിച്ച തുകയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുമെന്നും കാന്തപുരം അറിയിച്ചു.
Content Highlight: Abdul Nasir Maudany appriciates Kanthapuram A. P. Aboobacker Musliyar on Nimisha priya issue