| Saturday, 24th August 2019, 5:07 pm

ഭീകരവാദാരോപണം; കൊടുങ്ങല്ലൂര്‍ സ്വദേശിയെ കോടതിയില്‍ ഹാജരാകുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തു; താന്‍ നിരപരാധിയെന്ന് അബ്ദുല്‍ ഖാദര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഭീകരവാദാരോപണത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് അന്വേഷിച്ച് കൊണ്ടിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ റഹീമിനെ പൊലീസ് കസ്റ്റ്ഡയിലെടുത്തു. എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് അറസ്റ്റ്.

തീവ്രവാദവുമായി ബന്ധപ്പെട്ട് തന്നെ പൊലീസ് അന്വേഷിക്കുകയാണെന്നും കോടതി മുഖേന തന്നെ കീഴടങ്ങാന്‍ അനുവദിക്കണം എന്നും ആവശ്യപ്പെട്ടാണ് കോടതിയിലെത്തിയത്. പക്ഷെ ഈ ഹരജി പരിഗണിക്കുന്നതിനിടയിലാണ് പൊലീസ് കോടതിയിലെത്തി അബ്ദുല്‍ ഖാദറിനെ കസ്റ്റഡിയിലെടുത്തത്.

രണ്ട് ദിവസം മുമ്പാണ് തൃശൂര്‍ മതിലകം സ്വദേശി അബ്ദുല്‍ ഖാദര്‍ ബഹ്‌റൈനില്‍ നിന്നും കൊച്ചിയിലേക്ക് എത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന വയനാട് സ്വദേശിയായ സ്ത്രീയെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

എന്നാല്‍ തനിക്ക് ഭീകരബന്ധമില്ലെന്നും നിരപരാധിത്വം ബോധിപ്പിക്കുന്നതിന് വേണ്ടിയാണ് കോടതിയില്‍ ഹാജരാകുന്നതെന്നും അബ്ദുല്‍ഖാദര്‍ കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ട് മുമ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.

ബഹ്‌റൈനിലെ ഒരു ഹോട്ടല്‍ ബിസിനസുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നിന്ന് യുവതിയെ രക്ഷപ്പെടുത്തി കൊണ്ടു വന്നതാണ്. ബഹ്‌റൈനില്‍ വെച്ച് അവിടെയുള്ള സി.ഐ.ഡി വിഭാഗം തന്നെ ചോദ്യം ചെയ്‌തെന്നും ഇയാള്‍ പറയുന്നുണ്ട്.

”ഇന്നലെ ഉച്ചയ്ക്ക് ആലുവയിലുള്ള ഗാരേജില്‍ ജോലി ചെയ്യുമ്പോഴാണ് വാര്‍ത്ത അറിയുന്നത്. ഒരു ഫോണ്‍ സംഭാഷണം പോലും നടത്തിയിട്ടില്ല. ഭീകരരുമായി ഒരു ബന്ധവുമില്ല.

പാക് പൗരനാണെന്ന് പറയപ്പെടുന്ന അബു ഇല്ല്യാസിനെ അറിയില്ല. പിന്നെ അറിയാവുന്നത് ബഹ്‌റൈന്‍ സ്വദേശിയായ എമിഗ്രേഷന്‍ ഓഫീസറായ ഒരു അബു ഇല്ല്യാസിനെ മാത്രമാണ്. ശ്രീലങ്കക്കാരുമായി എനിക്ക് ഒരു ബന്ധവുമില്ല. ശ്രീലങ്കക്കാരായി ഒരു ബന്ധവുമില്ല. വക്കീലിന്റെ നിര്‍ദ്ദേശപ്രകാരം പൊലീസിലോ കോടതിയ്ക്ക് മുമ്പാകെയോ ഹാജരാകും.”

ശ്രീലങ്കയില്‍ നിന്നും ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടിലേക്ക് എത്തിയെന്നും അവര്‍ കേരളത്തിലടക്കം ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് അക്രമത്തിന് പദ്ധതിയിട്ടെന്നുമായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ഭീകരാക്രമണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോംബ് സ്‌ക്വാഡുകള്‍ പരിശോധന തുടരുകയാണ്.

We use cookies to give you the best possible experience. Learn more