| Monday, 1st December 2025, 8:20 pm

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കൊടിയ പാപമാണെന്ന വാദം ഇപ്പോള്‍ ഇല്ലാതായോ? ജമാഅത്ത് ഇസ്‌ലാമിയോട് ചോദ്യങ്ങളുമായി ഹമീദ് ഫൈസി അമ്പലക്കടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജമാഅത്ത് ഇസ്‌ലാമിയോട് പത്ത് ചോദ്യങ്ങളുമായി ഇ.കെ വിഭാഗം സമസ്ത നേതാവും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. ഇന്ത്യന്‍ ഭരണഘടനയെ അനുസരിക്കല്‍ ശിര്‍ക്ക് (ബഹുദൈവ വിശ്വാസിയായിത്തീരുന്ന വന്‍ കുറ്റം) ആണെന്ന വാദം ഇപ്പോള്‍ ഇല്ലാതായോ എന്നാണ് അബ്ദുല്‍ ഫൈസി അമ്പലക്കടവിന്റെ ആദ്യ ചോദ്യം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു.ഡി.എഫ് സഹകരിക്കുന്നതിനെതിരെ സമസ്ത നേതാക്കള്‍ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് അമ്പലടക്കടവിന്റെ പ്രതികരണം.

  • ‘തെരഞ്ഞെടുപ്പില്‍ മത്സരിക്കല്‍ ശിര്‍ക്കാണെന്ന വാദം ഇപ്പോള്‍ ഇല്ലാതെ ആയോ?
  • വോട്ട് രേഖപ്പെടുത്തല്‍ ശിര്‍ക്കാണെന്ന വാദം ഇപ്പോള്‍ ഇല്ലാതെ ആയോ?
  • സര്‍ക്കാര്‍ ജോലി സ്വീകരിക്കല്‍ ശിര്‍ക്കാണ് എന്ന വാദം ഇപ്പോള്‍ ഇല്ലാതെ ആയോ?
  • ഇന്ത്യയിലെ കോടതികളെ സമീപിക്കല്‍ ശിര്‍ക്കാണെന്ന വാദം ഇപ്പോള്‍ ഇല്ലാതെ ആയോ?
  • സര്‍ക്കാരിന്റെ കീഴില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തല്‍ ശിര്‍ക്കാണെന്ന വാദം ഇപ്പോള്‍ ഇല്ലാതെ ആയോ?
  • അത്തരം സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ പറഞ്ഞയക്കല്‍ ശിര്‍ക്കാണെന്ന വാദം ഇപ്പോള്‍ ഇല്ലാതെ ആയോ?
  • ഇസ്‌ലാമിക ചരിത്രത്തില്‍ ശിര്‍ക്കായ കാര്യം ശിര്‍ക്കല്ലാതെ ആയി തീര്‍ന്ന ഏതെങ്കിലും ഒരു സംഭവം ഉദ്ധരിക്കാന്‍ സാധിക്കുമോ?
  • ഇത്തരം കാര്യങ്ങള്‍ സാന്ദര്‍ഭികമായി ഉയര്‍ത്തി കാണിക്കുമ്പോള്‍ ജമാഅത്തുകാര്‍ നിങ്ങളുടെ കുടുംബത്തില്‍ ഇല്ലേ?
    അവരെ നിങ്ങള്‍ എന്ത് ചെയ്യും തുടങ്ങിയ ബാലിശമായ ചോദ്യങ്ങള്‍ക്ക് എന്ത് പ്രസക്തി?
  • കഴിഞ്ഞ കാലങ്ങളില്‍ ഞങ്ങള്‍ക്ക് തൗഹീദില്‍ തെറ്റുപറ്റി എന്ന് പറയുകയാണെങ്കില്‍ ഈ ചോദ്യങ്ങള്‍ അവസാനിപ്പിക്കാം. ഇല്ലെങ്കില്‍ ന്യായമായ ഈ ചോദ്യങ്ങള്‍ക്ക് ജമാഅത്തുകാര്‍ മറുപടി പറയുമോ?,’ എന്നിവയാണ് ഹമീദ് ഫൈസി അമ്പലടക്കടവ് ഉന്നയിച്ച മറ്റു ചോദ്യങ്ങള്‍.

ജമാഅത്ത് ഇസ്‌ലാമിയ്ക്ക് ഏത് മുന്നണിയുമായും ബന്ധം ഉണ്ടാക്കാം. ബി.ജെ.പി മുന്നണിയുമായി പോലും. അത് അവരുടെ സ്വാതന്ത്ര്യമാണെന്നും ഹമീദ് ഫൈസി പറഞ്ഞു.

സുന്നികളെ ബാധിക്കുന്ന വിഷയങ്ങള്‍ ചൂണ്ടിക്കാണിക്കാനും അവര്‍ക്ക് അവകാശമുണ്ട്. സുന്നികളെ സംബന്ധിച്ചിടത്തോളം ആശയപരമായ അവരുടെ ദയനീയമായ പാപ്പരത്വം ചൂണ്ടിക്കാണിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം തെരഞ്ഞെടുപ്പ് കാലയളവ് തന്നെയാണെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറയുന്നു.

നേരത്തെയും ജമാഅത്ത് ഇസ്‌ലാമിക്കെതിരെ ഹമീദ് ഫൈസി അമ്പലക്കടവ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ജമാഅത്ത് ഇസ്‌ലാമി അത്ര ശുദ്ധമല്ലെന്നും ലക്ഷ്യം നേടാന്‍ അവര്‍ എന്തും ചെയ്യുമെന്നുമായിരുന്നു ഹമീദ് ഫൈസി അമ്പടലക്കടവിന്റെ വിമര്‍ശനം.

Content Highlight: Abdul Hameed Faizy Ambalakadavu asked Jamaat-e-Islami ten questions

We use cookies to give you the best possible experience. Learn more