| Wednesday, 4th November 2026, 2:24 pm

അബ്ദുൽ എൽ-സയ്യിദിന് യു.എസ് സെനറ്റിലേക്ക് ഉജ്ജ്വല വിജയം

ശ്രീലക്ഷ്മി പി.പി

വാഷിങ്ടൺ: മിഷിഗണിൽ നിന്നുള്ള യു.എസ് സെനറ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി അബ്ദുൽ എൽ-സയ്യിദ് വിജയിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ മൈക്ക് റോജേഴ്‌സിനെയാണ് അദ്ദേഹം തോൽപ്പിച്ചത്.

നേരത്തെ വെയ്ൻ കൗണ്ടിയിലെ ആരോഗ്യവകുപ്പ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന എൽ-സയ്യിദ്, ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രൈമറി തെരഞ്ഞെടുപ്പിൽ ഹേലി സ്റ്റീവൻസിനെ നേരിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് പാർട്ടി സ്ഥാനാർഥിത്വം ഉറപ്പിച്ചത്. പിന്നീട് സ്റ്റീവൻസ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ മൈക്ക് റോജേഴ്‌സിന് പിന്തുണ പ്രഖ്യാപിച്ചു.

‘ഒരാളുടെ പേരിന്റെയോ മതവിശ്വാസത്തിന്റെയോ പേരിൽ പ്രസിഡന്റ് അവരെ പരിഹസിക്കുന്നത് എന്തിനാണെന്ന് മക്കളോട് വിശദീകരിക്കാൻ ബുദ്ധിമുട്ടിയ മാതാപിതാക്കളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. നാളെ നിങ്ങളുടെ മക്കളോട് പറയുക, ആ മോശം മനുഷ്യർ തോറ്റുവെന്ന്.’ വിജയത്തിന് ശേഷം എൽ-സയ്യിദ് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

സാധാരണക്കാർക്ക് താങ്ങാവുന്ന ജീവിതച്ചെലവ്, രാഷ്ട്രീയത്തിൽ പണത്തിന്റെ സ്വാധീനം കുറയ്ക്കൽ, എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന മെഡികെയർ ഫോർ ഓൾ, വിദേശ യുദ്ധങ്ങൾക്കുള്ള ഫണ്ട് നിർത്തലാക്കൽ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വാഗ്ദാനങ്ങൾ.

‘നമ്മൾ അടയ്ക്കുന്ന നികുതിപ്പണം മറ്റുള്ള രാജ്യങ്ങളിലെ ജനങ്ങളുടെയും കുട്ടികളുടെയും മേൽ ബോംബിടാനല്ല, മറിച്ച് നമ്മുടെയും നമ്മുടെ കുട്ടികളുടെയും ക്ഷേമത്തിനാണ് ഉപയോഗിക്കേണ്ടത്,’ എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

പ്രചാരണത്തിനിടെ തനിക്കെതിരെ വംശീയ അധിക്ഷേപങ്ങൾ നടത്തിയ പ്രസിഡന്റ് ട്രംപിനും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനും എതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചു.

‘ഡൊണാൾഡ്, എന്റെ പേര് പറയാൻ നിങ്ങൾക്ക് നല്ല ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. എന്തായാലും ജനുവരിയിൽ ജെ.ഡി. എനിക്ക് സത്യപ്രതിജ്ഞ ചൊല്ലിത്തന്ന ശേഷം, നിങ്ങൾ എന്നെ ‘സെനറ്റർ’ എന്ന് മാത്രം വിളിച്ചാൽ മതി,’ എന്ന് ട്രംപിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

1994-ന് ശേഷം മിഷിഗണിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ ആരും സെനറ്റിലേക്ക് ജയിച്ചിട്ടില്ല. എന്നാൽ ഡെമോക്രാറ്റിക് സെനറ്റർ ഗാരി പീറ്റേഴ്‌സ് വിരമിച്ചതോടെയാണ് ഇവിടെ വീണ്ടും മത്സരം മുറുകിയത്.

പരസ്യങ്ങൾക്ക് മാത്രമായി കോടിക്കണക്കിന് ഡോളർ ചെലവഴിച്ച ഈ പോരാട്ടം രാജ്യം മുഴുവൻ ഉറ്റുനോക്കിയ ഒന്നായിരുന്നു.

‘പണവും ജനങ്ങളും തമ്മിലുള്ള മത്സരത്തിൽ ഒടുവിൽ ജനങ്ങളാണ് ജയിച്ചതെന്ന് നമ്മൾ തെളിയിച്ചു,’ വിജയപ്രസംഗത്തിൽ എൽ-സയ്യിദ് കൂട്ടിച്ചേർത്തു.

Content Highlight: Abdul El-Sayed secures a resounding victory for the U.S. Senate

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more