വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലറെയും വിമർശിച്ച് എക്‌സിൽ പോസ്റ്റ് പങ്കുവെച്ച മുതിർന്ന ലേഖകൻ ടെറി മൊറാനെ സസ്‌പെൻഡ് ചെയ്ത് എ.ബി.സി ന്യൂസ്.
തന്റെ പോസ്റ്റിൽ ട്രംപും മില്ലറും വേൾഡ് ക്ലാസ് ഹേറ്റേഴ്‌സ് ആണെന്ന് മൊറാനെ വിമർശിച്ചു. ട്രംപിനെ സംബന്ധിച്ചിടത്തോളം, വിദ്വേഷം എന്നത് ലക്ഷ്യത്തിലേക്കുള്ള ഒരു മാർഗം മാത്രമാണ്. ആ ലക്ഷ്യം അദ്ദേഹത്തിന്റെ സ്വന്തം മഹത്വവൽക്കരണമാണ്. അതാണ് അദ്ദേഹത്തിന്റെ ആത്മീയ പോഷണമെന്ന് മൊറാനെ വിമർശിച്ചു. ഒപ്പം മറുവശത്ത്, മില്ലറെ സംബന്ധിച്ചിടത്തോളം, വെറുപ്പാണ് അദ്ദേഹത്തിന്റെ ആത്മീയ പോഷണമെന്നും മില്ലർ വെറുപ്പ് തിന്നുന്നുവെന്നും മൊറാനെ ആരോപിച്ചു.
ഞായറാഴ്ച രാവിലെ ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ മൊറാനെയുടെ പോസ്റ്റിനെ അപലപിക്കുകയും മൊറാനെയുടെ പോസ്റ്റ് എ.ബി.സി ന്യൂസ് എന്ന സ്ഥാപനത്തിന്റെ പ്രശസ്തിക്ക് അപകീർത്തി വരുത്തുന്നതാണെന്ന് പറയുകയും ചെയ്തു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മൊറാനെയെ ശിക്ഷിക്കാൻ എ.ബി.സി ന്യൂസിനെ സമ്മർദത്തിലാക്കുകയും ചെയ്തു.
മൊറാനെയെ എങ്ങനെ അവർ കൈകാര്യം ചെയ്യും എന്നതിനെക്കുറിച്ച് അന്വേഷിക്കാൻ ഞങ്ങൾ എ.ബി.സി ന്യൂസുമായി ബന്ധപ്പെട്ടു. ഈ പത്രപ്രവർത്തകനെ സസ്‌പെൻഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,’ ഫോക്സ് ന്യൂസിലെ സൺഡേ മോർണിങ് ഫ്യൂച്ചേഴ്‌സ് എന്ന അഭിമുഖത്തിൽ ലീവിറ്റ് പറഞ്ഞു.
ഒരു മണിക്കൂറിനുശേഷം, എ.ബി.സി ന്യൂസിന്റെ വാർത്താ വിഭാഗം തങ്ങളുടെ മുതിർന്ന ലേഖകനും അവതാരകനുമായ മൊറാനെയെ സസ്‌പെൻഡ് ചെയ്തതായി അറിയിച്ചു.
‘എ.ബി.സി ന്യൂസ് അതിന്റെ വാർത്താ കവറേജിൽ വസ്തുനിഷ്ഠതയ്ക്കും നിഷ്പക്ഷതയ്ക്കും വേണ്ടി നിലകൊള്ളുന്നു. മറ്റുള്ളവർക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങളെ ഞങൾ അംഗീകരിക്കുന്നില്ല. ടെറി മൊറാനെയുടെ പോസ്റ്റ് എ.ബി.സി ന്യൂസിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല. കൂടാതെ ഞങ്ങളുടെ മാനദണ്ഡങ്ങൾ ലംഘിക്കുകയും ചെയ്യുന്നു. തൽഫലമായി, കൂടുതൽ വിലയിരുത്തൽ നടത്തുന്നതുവരെ ടെറി മോറനെയെ സസ്‌പെൻഡ് ചെയ്തു,’ എ.ബി.സി ന്യൂസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ട്രംപിന്റെ കുടിയേറ്റ നയങ്ങളുടെ പിന്നിലെ ശില്പി എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന മില്ലറിനെതിരെ ഇതിന് മുമ്പും വളരെയധികം വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
Content Highlight: ABC News suspends journalist after calling Trump and adviser ‘world-class’ haters