| Sunday, 15th March 2026, 3:42 pm

സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നു: അബ്ബാസ് അരാഗ്ചി

അനിത സി

ടെഹ്‌റാന്‍: ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ ആക്രമണങ്ങളും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്ത് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.

‘ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ട്. ഇറാനെതിരായ യു.എസ്,ഇസ്രഈല്‍ ആക്രമണം അവസാനിപ്പിക്കുമെന്ന് ഉറപ്പുനല്‍കുന്ന ഏതൊരു സംരംഭത്തെയും സ്വാഗതം ചെയ്യുന്നു’, അരാഗ്ചി പറഞ്ഞു.

പശ്ചിമേഷ്യയിലെ സിവിലിയിന്‍ സംവിധാനങ്ങളെ അല്ലെങ്കില്‍ ജനവാസ കേന്ദ്രങ്ങളെ ഇറാന്‍ ലക്ഷ്യം വെച്ചിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഇത്തരം ആക്രമണങ്ങള്‍ക്ക് ആരാണ് ഉത്തരവാദിയെന്ന് അന്വേഷിക്കാന്‍ അയല്‍രാജ്യങ്ങളുമായി ചേര്‍ന്ന് ഒരു അന്വേഷണ സമിതി രൂപീകരിക്കാന്‍ ഇറാന്‍ തയ്യാറാണെന്നും അദ്ദേഹം അല്‍ അറബ് അല്‍-ജദീദ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഫെബ്രുവരി 28ന് ഇറാനെതിരെ യു.എസും ഇസ്രഈലും സംയുക്തമായി ആക്രമണം ആരംഭിക്കുകയായിരുന്നു. പിന്നാലെ ഇറാന്‍ പശ്ചിമേഷ്യയിലെ യു.എസ് താവളങ്ങള്‍ ലക്ഷ്യമിട്ട് പ്രത്യാക്രമണം ആരംഭിക്കുകയും ചെയ്തു.

ഇറാന്റെ ആക്രമണത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് താവളങ്ങള്‍ക്കും സൈനിക സംവിധാനങ്ങള്‍ക്കും പ്രതിരോധ സംവിധാനത്തില്‍ വലിയ പ്രാധാന്യമുള്ള റഡാറുകള്‍ക്കും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിനിടെയാണ് ജനവാസ കേന്ദ്രങ്ങളിലേക്കും ആക്രമണം നീങ്ങിയത്.

എന്നാല്‍, ജനവാസ കേന്ദ്രങ്ങള്‍ ആക്രമിച്ചെന്ന ആരോപണം ഇറാന്‍ ആവര്‍ത്തിച്ച് തള്ളിക്കളഞ്ഞിരുന്നു. ഇസ്രഈലും യു.എസും മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും അയല്‍രാജ്യങ്ങള്‍ ആക്രമണത്തിലേര്‍പ്പെടാത്ത പക്ഷം ഇറാനും തിരച്ച് ആക്രമിക്കില്ലെന്നും പ്രസിഡന്റ് മസൂദ് പെസസ്‌കിയാനും വിശദീകരിച്ചിരുന്നു.

ഇതിനിടെ, ഇറാന്റെ ഷാഹെദ് ഡ്രോണിന്റെ മാതൃകയിലുള്ള ഡ്രോണുകള്‍ നിര്‍മിച്ച് യു.എസ് പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ആക്രമിക്കുകയാണെന്നും, അത് ഇറാനാണ് ചെയ്തതെന്ന് വരുത്തിതീര്‍ക്കാനായി മനപൂര്‍വം ശ്രമിക്കുകയാണെന്നും കഴിഞ്ഞദിവസം ഐ.ആര്‍.ജി.സി ആരോപിച്ചിരുന്നു.

അതേസമയം, ഇറാനെതിരെ കടുത്ത വ്യോമാക്രമണം തുടരുകയാണ് യു.എസും ഇസ്രഈലും. മധ്യ ഇസ്ഫഹാന്‍ പ്രവിശ്യയിലേക്ക് യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Abbas Araghchi welcomes efforts to end the conflict

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more