ടെഹ്‌റാന്‍: യു.എസ് ഇറാനുമായി ഒരു ആണവക്കരാറില്‍ എത്താന്‍ ആത്മാര്‍ത്ഥമായി ആഗ്രിക്കുന്നുണ്ടെങ്കില്‍ അവര്‍ ആദ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ ബഹുമാനിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി. പരമോന്നത നേതാവുമായി ഒരു ധാരണയിലെത്താന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നുവെങ്കില്‍, അദ്ദേഹം തന്റെ സ്വരം മാറ്റേണ്ടതുണ്ടെന്നും അബ്ബാസ് അരഗ്ചി ട്രംപിന് മുന്നറിയിപ്പ് നല്‍കി.
‘പ്രസിഡന്റ് ട്രംപ് ഒരു കരാറിലെത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയോട് അദ്ദേഹം കാണിക്കുന്ന അനാദരവും അസ്വീകാര്യവുമായ സ്വരം മാറ്റിവെക്കുകയും അദ്ദേഹത്തിന്റെ പിന്തുണക്കാരെ വേദനിപ്പിക്കുന്നത് അവസാനിപ്പിക്കുകയും വേണം,’ അരാഗ്ചി എക്‌സില്‍ കുറിച്ചു.
ഇറാനികള്‍ക്ക് തങ്ങളുടെ മൂല്യം അറിയാമെന്നും തങ്ങളുടെ സ്വാതന്ത്ര്യത്തെ അവര്‍ വളരെയധികം വിലമതിക്കുന്നതിനാല്‍ മറ്റാരെയും തങ്ങളുടെ വിധി തീരുമാനിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും അരഗ്ച്ചി പറഞ്ഞു. കരാര്‍ ആഗ്രഹിക്കുന്നതില്‍ ട്രംപ് ആത്മാര്‍ത്ഥത കാണിക്കണമെന്നും ഖാംനഇയോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുകയും വേണമെന്നും അരഗ്ച്ചി കൂട്ടിച്ചേര്‍ത്തു.
ഖാംനഇയെ വൃത്തികെട്ട മരണത്തില്‍ നിന്ന് താന്‍ രക്ഷിച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
അതേസമയം ഇസ്രഈല്‍-ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ ഇറാനുമായുള്ള ആണവചര്‍ച്ചകള്‍ പുനരാംഭിക്കാന്‍ യു.എസ് ശ്രമിക്കുകയാണെന്ന് ട്രംപ് വെളിപ്പെടുത്തി. ഇറാന്റെയും യു.എസിന്റെയും പ്രതിനിധി ചര്‍ച്ച അടുത്ത ആഴ്ചയുണ്ടാകുമെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ആണവ കരാറില്‍ ഒപ്പുവെയ്ക്കാനുള്ള സാധ്യതകള്‍ വീണ്ടും തുറന്നിടുന്നതായിരിക്കും ചര്‍ച്ചകളെന്ന് ട്രംപ് വ്യക്തമാക്കി. അടുത്ത ആഴ്ച ഇറാനുമായി സംസാരിക്കുമെന്നും കരാറില്‍ ഒപ്പുവെച്ചേക്കാമെന്നും പറഞ്ഞ ട്രംപ് ആണവായുധം വികസിപ്പിക്കുന്നതില്‍ ഇറാന്‍ പിന്മാറുമെന്നാണ് തനിക്ക് തോന്നുന്നതെന്നും അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി(ഐ.എ.ഇ.എ)യുമായുള്ള സഹകരണം അവസാനിപ്പിക്കാനുള്ള ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. അമേരിക്ക ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെതുടര്‍ന്നാണ് ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘടനയായ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ ഇറാന്‍ ഭരണകൂടം തീരുമാനിച്ചത്.
പാര്‍ലമെന്റ് പാസാക്കിയ ബില്‍ ഇറാന്റെ ഗാര്‍ഡില്‍ ഓഫ് കൗണ്‍സില്‍ അംഗീകരിക്കുന്നതോടെ നിയമം ആവും. ഇതോടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഭാവിയില്‍ നടത്തുന്ന ഏത് പരിശോധനക്കും ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ അനുമതി വേണ്ടി വരും.
Content Highlight: Abbas Araghchi reacts on Trump’s remarks about Ayatollah Ali Khamenei