ന്യൂദല്‍ഹി:ശരീരമാസകലം മുറിവേല്‍പ്പിച്ച പാടുകളുമായി രണ്ടുവയസ്സു പ്രായമുള്ള പെണ്‍കുട്ടിയെ ദല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു. ജനുവരി 18 നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുട്ടിയുടെ തലച്ചോറിന് കാര്യമായ ക്ഷതമേറ്റതായി എ.ഐ.എം.എസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടി ഇപ്പോള്‍ കോമ സ്‌റ്റേജിലാണ്. കൈയിലെ എല്ലുകളും പൊട്ടി നുറുങ്ങിയിട്ടുണ്ട്. ശരീരത്തില്‍ ഒന്നാകെ അടിച്ച് മുറിവേല്‍പ്പിച്ച പാടുകളും മുഖത്ത് തീകൊണ്ട് പൊള്ളിച്ച പാടുകളും ഉണ്ട്.
കട്ടിലിന്റെ മുകളില്‍ നിന്നും താഴെ വീണതാണെന്നു പറഞ്ഞ് ഒരു യുവതിയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇത് വിശ്വസിനീയമല്ലെന്ന് എ.ഐ.എം.എസിലെ ഡോ. മിസ്ര പറഞ്ഞു. കുട്ടി ഗുരുതരാവസ്ഥയിലാണ്. തലച്ചോറില്‍ സാരമായ പരിക്കുകളാണ് പറ്റിയിട്ടുള്ളത്. യാതൊരു ദയയും അര്‍ഹിക്കാത്ത വിധത്തിലാണ് കുട്ടിയെ ആക്രമിച്ചിരിക്കുന്നത്.
രക്ഷപ്പെടാനുള്ള സാധ്യത 30 മുതല്‍ 40 ശതമാനം വരെ മാത്രമേ ഉള്ളു. കുട്ടിയുടെ മാതാപിതാക്കളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അമ്മയാണെന്ന് അവകാശപ്പെട്ട് 15 വയസ്സുകാരിയായ ഒരു പെണ്‍കുട്ടിയാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
താന്‍ ജുവനൈല്‍ ഹോമിലാണ് താമസിക്കുന്നതെന്നും കുട്ടിയെ ദത്തെടുത്തതാണെന്നുമാണ് അന്ന് അവര്‍ പറഞ്ഞിരുന്നത്. അവര്‍ മുന്‍പ് താമസിച്ചിരുന്ന ഒരു ഹോസ്റ്റിലിലെ ഫോണ്‍ നമ്പറാണ് ആശുപത്രിയില്‍ കൊടുത്തത്.
ആക്രമണത്തിനിരയായ കുട്ടിയുടെ ഫോട്ടോ പോലീസ് പുറത്ത് വിട്ടിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശര്‍മ്മ പറഞ്ഞു. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുവന്നതാണോ എന്നും അന്വേഷിക്കും. ഫോട്ടോ പുറത്തുവിടുന്നതു വഴികുട്ടിയുടെ രക്ഷിതാക്കള്‍ക്ക് കുട്ടിയെ തിരിച്ചറിയാന്‍ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായവും ചെയ്യുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും ആശുപത്രി അധികൃതരെ അറിയിച്ചു.